Image

ശുക്രസംക്രമണം ജൂണ്‍ ആറിന്; ഇനി 105 വര്‍ഷം കഴിഞ്ഞ്

Published on 21 April, 2012
ശുക്രസംക്രമണം ജൂണ്‍ ആറിന്; ഇനി 105 വര്‍ഷം കഴിഞ്ഞ്
അലഹാബാദ്: ജൂണ്‍ ആറിന് ആകാശം മറ്റൊരു വിസ്മയക്കാഴ്ചയ്ക്ക് വേദിയാകും. ശുക്ര സംക്രമണമെന്ന അപൂര്‍വ പ്രതിഭാസം. രാജ്യത്തെവിടെ നിന്നും ഇത് കാണാനാകും. ജീവിതകാലത്ത് ഇനിയൊരിക്കല്‍ ഇതിന് നിങ്ങള്‍ സാക്ഷിയായെന്നു വരില്ല. അടുത്ത ശുക്ര സംക്രമണത്തിനായി 105 വര്‍ഷം കാത്തിരിക്കണം. കൃത്യമായി പറഞ്ഞാല്‍ 2117ലേ അത് സംഭവിക്കുകയുള്ളൂ. 

ജ്വലിക്കുന്ന സൂര്യബിംബത്തിന് കുറുകെ കറുത്ത പാടായി ശുക്രഗ്രഹം നീങ്ങുന്നതാണ് ദൃശ്യപഥത്തിലെത്തുക. സൂര്യഗ്രഹണത്തിന്റെ മറ്റൊരു പതിപ്പാണിത്. ചന്ദ്രനു പകരം ശുക്രഗ്രഹമാണ് ഭൂമിക്കും സൂര്യനുമിടയിലെത്തുകയെന്നു മാത്രം. ശുക്രന്‍ കഴിഞ്ഞാല്‍ ബുധന്‍ മാത്രമാണ് ഭൂമിക്കും സൂര്യനുമിടയില്‍ ഇങ്ങനെയൊരു യാത്ര നടത്തുന്ന മറ്റൊരു ഗ്രഹം. എട്ടു വര്‍ഷത്തെ ഇടവേളയില്‍ രണ്ടുതവണ ശുക്രസംക്രമണം നടക്കും.

അതു കഴിഞ്ഞ് പിന്നീട് ഒരു നൂറ്റാണ്ട് കാത്തിരിക്കണം. ഇതിന് മുമ്പ് 2004 ജൂണ്‍ എട്ടിനാണ് ശുക്രസംക്രമണം നടന്നത്. അന്ന് ആറു മണിക്കൂറോളം നീണ്ടു നിന്നു. ശുക്രസംക്രമണം നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണരുതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കറുത്ത കണ്ണട ഉപയോഗിക്കണം. ശുക്രസംക്രമണം കാണാനും പഠനം നടത്താനും ശാസ്ത്രജ്ഞര്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക