Image

അഞ്ചാം മന്ത്രി: ആര്‍ക്കും പ്രയോജനമുണ്ടായിട്ടില്ലെന്ന് വിഷ്ണുനാഥ്

Published on 21 April, 2012
അഞ്ചാം മന്ത്രി: ആര്‍ക്കും പ്രയോജനമുണ്ടായിട്ടില്ലെന്ന് വിഷ്ണുനാഥ്
കണ്ണൂര്‍: മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം കൊണ്ടു ജനത്തിനോ സര്‍ക്കാരിനോ മുന്നണിക്കോ ഗുണമില്ലെന്നും എന്നാല്‍ ദോഷമുണ്ടായിട്ടുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎല്‍എ. പിറവം തിരഞ്ഞെടുപ്പിനു ശേഷം യുഡിഎഫില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായതായും അദ്ദേഹം പറഞ്ഞു. യുവജനയാത്രയുമായി കണ്ണൂരിലെത്തിയതായിരുന്നു അദ്ദേഹം.

മുസ്‌ലിം  ലീഗ് അഞ്ചാം മന്ത്രി സ്ഥാനം നേടിയ രീതിയോടു പൂര്‍ണമായി വിയോജിക്കുന്നു. ജനങ്ങള്‍ക്കു നന്മ ചെയ്യാനാണു പുതിയ സ്ഥാനങ്ങളുണ്ടാകേണ്ടത്. ഇക്കാര്യത്തില്‍ ആര്‍ക്കും പ്രയോജനമുണ്ടായിട്ടില്ല.  അഞ്ചാം മന്ത്രി വിഷയത്തില്‍ മുസ്‌ലിം ലീഗ് അണികളെ നിയന്ത്രിക്കേണ്ടതായിരുന്നു. കോണ്‍ഗ്രസിനെ തോല്‍പിച്ച് മന്ത്രി സ്ഥാനം നേടിയെന്നു വരെ പ്രചാരണം നടത്താനും ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ പ്രകടനം നടത്താനും മുസ്‌ലിം ലീഗിന്റെ അണികളെ അനുവദിക്കാന്‍ പാടില്ലായിരുന്നു.

സംഘടനാപരമായ അച്ചടക്കം പാലിച്ചു കൊണ്ടു തന്നെ യൂത്ത് കോണ്‍ഗ്രസ് വ്യക്തമായ അഭിപ്രായം പറയും. യൂത്ത് കോണ്‍ഗ്രസിനു വ്യത്യസ്തമായ മേല്‍വിലാസമുണ്ട്. ജാതിമത ശക്തികള്‍ ഭീകരമായ രൂപത്തില്‍ രാഷ്ട്രീയത്തെയും പാര്‍ട്ടികളെയും നിയന്ത്രിക്കുന്ന സാഹചര്യം കേരളത്തിലുണ്ട്. സദാചാര പൊലീസും വര്‍ഗീയ പ്രതിലോമ ശക്തികളും ദൈനംദിന കാര്യങ്ങളില്‍ വരെ ഇടപെടുന്നു.

പാര്‍ട്ടിയുടെ കാര്യങ്ങളില്‍ സമുദായ സംഘടനകള്‍ ഇടപെടുകയോ അഭിപ്രായപ്രകടനം നടത്തുകയോ ചെയ്യരുത്. സമുദായ സംഘടനകളുടെ കാര്യങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ ഇടപെടാറില്ലല്ലോ. തിരഞ്ഞെടുപ്പു കാലത്ത് എല്ലാവരോടും സഹായം അഭ്യര്‍ഥിക്കാറുണ്ട്. പക്ഷേ, അതിന്റെ പേരില്‍ നിയന്ത്രിക്കാന്‍ ശ്രമിക്കരുത്. ഇത്തരം ശ്രമങ്ങള്‍ പരിധിവിടുന്നുവെന്നു തോന്നിയതിനാലാണ്  ഇപ്പോള്‍ ഇടപെട്ടത്.

യുഡിഎഫിലെ അഭിപ്രായഭിന്നത വച്ചു സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തരുതെന്നു സിഎംപിയുടെ വിമര്‍ശനത്തെ പരാമര്‍ശിച്ചു വിഷ്ണുനാഥ് പറഞ്ഞു. ഇറ്റാലിയന്‍ ഭടന്മാര്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസുമായി ബന്ധപ്പെട്ടു സോണിയാ ഗാന്ധിക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന തിരുത്തിയില്ലെങ്കില്‍ നിയമനടപടിയെടുക്കും. ഒരു തുണ്ടു കടലാസിന്റെ തെളിവുപോലുമില്ലാതെ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ഇന്ത്യയിലെ സമുന്നത കോണ്‍ഗ്രസ് നേതാവിനെതിരെ ആരോപണമുന്നയിക്കാന്‍ പാടില്ലായിരുന്നു. ഉന്നത നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമെന്ന നിലയില്‍ കോടിയേരിക്ക് ഒരു വിശ്വാസ്യതയുണ്ട്. ദിവാസ്വപ്നം കണ്ട് അദ്ദേഹം വല്ലതും വിളിച്ചുപറയാന്‍ പാടില്ല. - വിഷ്ണുനാഥ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക