Image

വയനാട് ദേശിയ രാഷ്ട്രീയത്തിലേക്ക് എത്തുമ്പോള്‍ (കല)

കലാകൃഷ്ണന്‍ Published on 06 April, 2019
വയനാട് ദേശിയ രാഷ്ട്രീയത്തിലേക്ക് എത്തുമ്പോള്‍  (കല)

രാഹുല്‍ ഗാന്ധി ലോക്സഭയില്‍ മത്സരിക്കാന്‍ വയനാട് തിരഞ്ഞെടുത്തത് അബദ്ധമായിപ്പോയി എന്നതിന് യാതൊരു സംശയവും വേണ്ട. പൊതുവെ ദുര്‍ബലമായിപ്പോയ ഇടതുപക്ഷത്തിന് ശക്തമായൊരു തിരിച്ചടി കൂടിയാവും രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം എന്നതിലുപരിയായി അത് കൊണ്ട് യാതൊരു ഗുണവും സംഭവിക്കാനുമില്ല. രാഹുല്‍ കേരളത്തില്‍ പ്രചാരണത്ത്ിന് എത്തുന്നതോടെ കേരളത്തിലെ കോണ്‍ഗ്രസിന് ലഭിക്കുന്ന ഗ്ലാമര്‍ ഒരു ബോണസാണ്. അതുപോലെ തന്നെ ഇലക്ഷന്‍ ഫണ്ടും താരപ്രചാരകരും മുമ്പുള്ളതിനേക്കാള്‍ ഇരട്ടിക്കും. കോണ്‍ഗ്രസിന് മൊത്തത്തില്‍ കേരളത്തില്‍ ഒരു ഓളം ലഭിക്കും. അതിനപ്പുറം വയനാട് ദേശിയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനും മതേതര മുന്നണിക്കും നഷ്ടക്കച്ചവടമാകും എന്ന് തീര്‍ച്ച. 
വയനാട് ജില്ലയിലെ കല്പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയോജക മണ്ഡലങ്ങളും, കോഴിക്കോട് ജില്ലയിലെ തിരുവന്‍മ്പാടിയും, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജക മണ്ഡലങ്ങളും ചേരുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. എപ്പോഴും യുഡിഎഫിനെ തുണയ്ക്കുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. വയനാട് ലോക്സഭയില്‍ പെടുന്ന മലപ്പുറത്തെ നിയോജക മണ്ഡലങ്ങളില്‍ ലീഗിനുള്ള അതിശക്തമായ വോട്ട് ഷെയറാണ് യുഡിഎഫിനെ വിജയത്തിലെത്തിക്കുന്നത്. എന്നാല്‍ വയനാട് ജില്ലയിലെ പ്രദേശങ്ങളില്‍ ഇടതുപക്ഷത്തിനാണ് മേല്‍ക്കൈ. എങ്കിലും മുസ്ലിം ലീഗിന്‍റെ വോട്ടിന്‍റെ ബലത്തില്‍ വയനാട് എന്നും യുഡിഎഫിനൊപ്പം നില്‍ക്കുന്നു. 
2009ല്‍ അമ്പത് ശതമാനം വോട്ട് ഷെയര്‍ നേടിയാണ് എം.ഐ ഷാനവാസ് വയനാട് ജയിച്ചത്. സിപിഐയുടെ എം.റഹ്മത്തുള്ളയ്ക്ക് അന്ന് വെറും 31 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളു. വമ്പന്‍ ഭൂരിപക്ഷം യുഡിഎഫിന് സമ്മാനിച്ച മണ്ഡലമായി അങ്ങനെ വയനാട് മാറി. ബിജെപിക്ക് വെറും മൂന്ന് ശതമാനം വോട്ടാണ് അന്ന് ലഭിച്ചത്. 
എന്നാല്‍ 2014ല്‍ സ്ഥിതിഗതികള്‍ മാറി. എം.ഐ ഷാനവാസിന്‍റെ വോട്ട് ഷെയര്‍ അമ്പതില്‍ നിന്ന് 41 ശതമാനമായി കുറഞ്ഞു. സിപിഐയുടെ സത്യന്‍ മൊകേരി 39 ശതമാനം വോട്ട് നേടി. ഒമ്പത് ശതമാനം വോട്ട് ബിജെപിയും നേടി. അതായത് യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള മാര്‍ജിന്‍ വെറും രണ്ട് ശതമാനത്തിന്‍റേത് മാത്രമായിരുന്നു. ബിജെപി കേരളത്തില്‍ മൊത്തത്തില്‍ നേടിയ വളര്‍ച്ചയില്‍ അവര്‍ക്ക് ആറ് ശതമാനം വോട്ട് ഷെയര്‍ വദ്ധിച്ചു വയനാട്ടില്‍. 
ഇക്കുറി വയനാട്ടില്‍ മത്സരിക്കാനെത്തുന്നത് കോണ്‍ഗ്രസിന്‍റെ ഏറ്റവും ഗ്ലാമറുള്ള സ്ഥാനാര്‍ഥി തന്നെയാണ്.  പക്ഷെ ഇടതുപക്ഷം പോയ തവണ നേടിയെടുത്ത വോട്ട് ഷെയര്‍ 35 ശതമാനമെങ്കിലും നിലനിര്‍ത്തിയെന്ന് വിചാരിക്കുക. അങ്ങനെ വന്നാല്‍ കറുത്തകുതിരയായി മാറുക ബിജെപിയുടെ ഒമ്പത് ശതമാനം വോട്ടാണ്. കേരളത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപി ഹിന്ദു വോട്ടുകളെ ക്രോഡീകരിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിട്ടുണ്ട്. വേണ്ടി വന്നാല്‍ ഒരു വോട്ട് മറിക്കലിന് അവര്‍ക്ക് ശേഷിയായിരിക്കുന്നു എന്ന് ചുരുക്കം. 
ബിജെപി മുന്നണി ഇക്കുറി ബിഡിജെസ് സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയെയാണ് അവിടെ കളത്തില്‍ ഇറക്കിയിരിക്കുന്നത്. നേരത്തെ തൃശ്ശൂരില്‍ മത്സരിക്കാന്‍ ഇറങ്ങിയ തുഷാര്‍ രാഹുല്‍ വയനാട്ടിലേക്ക് വരാന്‍ തീരുമാനിച്ചതോടെയാണ് വയനാട് തിരഞ്ഞെടുത്തത്. രാഹുലിനെതിരെ മത്സരിക്കുമ്പോള്‍ ലഭിക്കുന്ന ദേശിയ ശ്രദ്ധയാണ് തുഷാര്‍ വെള്ളപ്പള്ളിയുടെ ഉന്നം. അതിന് അപ്പുറം മറ്റൊന്നുമില്ല. എന്നാല്‍ അമിത്ഷായിക്ക് തുഷാറിനെ നിര്‍ത്തിയപ്പോള്‍ തന്നെ വ്യക്തമായ ഉദ്ദേശങ്ങളുണ്ട്. കൃത്യമായി വോട്ട് മറിക്കുക എന്നത് തന്നെയാണ് ബിജെപി വയനാട്ടില്‍ ചെയ്യാന്‍ പോകുക എന്ന് കരുതുന്നവര്‍ നിരവധിയാണ്. ഇടതുപക്ഷത്തിന് കുറഞ്ഞത് അഞ്ച് ശതമാനം വോട്ടെങ്കിലും മറിച്ചു നല്‍കിയാല്‍ അട്ടിമറി നടന്നേക്കുമെന്ന് വരെ കരുതപ്പെടുന്നു. 
എന്നാല്‍ രാഹുലിന്‍റെ ഗ്ലാമര്‍ സ്ഥാനാര്‍ഥിത്വത്തെ വെല്ലുവിളിക്കാന്‍ അതൊന്നും പര്യാപ്തമല്ല എന്ന് കരുതുന്നവര്‍ നിരവധിയാണ്. കേരളത്തില്‍ രാഹുലിന് അത്ര ആഴത്തിലുള്ള ആവേശമാകാന്‍ കഴിയുമോ എന്ന ചോദ്യവും നിലനില്‍ക്കുന്നു. അതെന്ത് തന്നെയായാലും വയനാട്ടിലേക്ക് രാഹുല്‍ എത്തിയത് ദേശിയ രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കോണ്‍ഗ്രസ് ആത്മഹത്യാ പരമായ തീരുമാനം എടുത്തത് ഇവിടെയാണ്. 
ഇപ്പോള്‍ തന്നെ ബിജെപിയെ ഭയന്ന് മുസ്ലിം ഭൂരിപക്ഷ പ്രദേശത്തേക്ക് രാഹുല്‍ ഒളിച്ചോടിയിരിക്കുന്നു എന്ന മട്ടിലാണ് യുപിയിലെ പ്രചരണം. യോഗി ആദിത്യനാഥൊക്കെ ഈവിധം വലിയ പ്രചരണമാണ് കോണ്‍ഗ്രസിന് നേരെ നടത്തുന്നത്. ബിജെപി ശക്തമല്ലാത്ത ഒരു മണ്ഡലത്തില്‍ പോയി സ്ഥാനാര്‍ഥിയായത് വഴി രാഹുല്‍ വലിയ രാഷ്ട്രീയ മണ്ടത്തരം കാണിച്ചുവെന്ന് സകല കക്ഷികളും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ വിജയിക്കുന്ന സീറ്റ് തിരഞ്ഞെടുക്കാതെ രാഹുലിന് മറ്റൊരു വഴിയില്ല എന്നതും സത്യമാണ്. അതിനൊപ്പമാണ് സിപിഎമ്മിനെ വിമര്‍ശിക്കില്ലെന്ന പ്രസ്താവന രാഹുല്‍ ഇറക്കിയത്. ഇത് വെറും രാഷ്ട്രീയ അബദ്ധം എന്ന് പറയാതെ വയ്യ. കേരളത്തില്‍ യുഡിഎഫിന്‍റെ നേര്‍ എതിരാളികളാണ് സിപിഎം. അങ്ങനെയുള്ള എതിരാളിയെ വിമര്‍ശിക്കാതെ എന്ത് രാഷ്ട്രീയപ്പോരാട്ടം. രാഹുലിന്‍റെ ഇമേജ് ദേശിയ രാഷ്ട്രീയത്തില്‍ കൂടുതല്‍ മോശപ്പെടുത്താന്‍ ബിജെപിക്ക് കൊടുക്കുന്ന അവസരങ്ങളാണ് ഇത്തരം മണ്ടത്തരങ്ങളെല്ലാം. അതിനപ്പുറം രാഹുല്‍ സിപിഐ സുനീറിനെ തോല്‍പ്പിച്ച് വിജയിക്കുമെന്ന് തന്നെയാണ് കേരളം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആ വിജയം ദേശിയ രാഷ്ട്രീയത്തിലെ മതേതര മുന്നണിയുടെ തോല്‍വിയാകുമോ എന്നതാണ് കണ്ടറിയേണ്ടത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക