Image

കൊടിക്കുന്നിലിനെ അട്ടിമറിക്കാന്‍ ചിറ്റയം, മാവേലിക്കര ചുവക്കുമോ? (അജീഷ് ചന്ദ്രന്‍)

Ajish Chandran Published on 08 April, 2019
കൊടിക്കുന്നിലിനെ അട്ടിമറിക്കാന്‍ ചിറ്റയം, മാവേലിക്കര ചുവക്കുമോ? (അജീഷ് ചന്ദ്രന്‍)
ലോക്‌സഭാ തെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലൂടെ-5
(സംവരണ മണ്ഡലമായ മാവേലിക്കര)

കോണ്‍ഗ്രസിനോട് എന്നും അനുഭാവം പ്രകടിപ്പിക്കുന്ന മണ്ഡലമാണ് മാവേലിക്കര. അതു കൊണ്ടു തന്നെ സിറ്റിങ് എംപി കൊടിക്കുന്നില്‍ സുരേഷ് മൂന്നാമതും ഇവിടെ നിന്നും ഹാട്രിക്ക് ലക്ഷ്യമിട്ടു മത്സരിക്കുന്നു. എന്നാല്‍ ഏഴില്‍ ഒന്നിലൊഴികെ ശേഷിച്ച നിയമസഭ മണ്ഡലങ്ങളിലെല്ലാം ചെങ്കൊടിയാണ് പാറുന്നത്. അതു കൊണ്ടു തന്നെ മണ്ഡലം എങ്ങനെയെങ്കിലും കൈപ്പിടിയിലൊതുക്കാന്‍ വേണ്ടി അടൂര്‍ എംഎല്‍എ സിപിഐ യുടെ ചിറ്റയം ഗോപകുമാറിനെയാണ് ഇടതുപക്ഷം ഗോദയിലിറക്കിയിരിക്കുന്നത്. സിറ്റിങ്ങ് എംപിയും സിറ്റിങ് എംഎല്‍എയും തമ്മിലുള്ള മറ്റൊരു മത്സരം.


അഞ്ചു തവണ കൈപ്പത്തി ചിഹ്നത്തില്‍ പി.ജെ. കുര്യന്‍ വിജയിച്ചു കയറിയ മണ്ഡലമാണിത്. 1980-ല്‍ തുടങ്ങിയ ജൈത്രയാത്ര 1999-ല്‍ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി മാറി കൊടുത്തപ്പോള്‍ മാത്രമാണ് അവസാനിച്ചത്. തുടര്‍ച്ചയായി 1989 മുതല്‍ നാലു തവണയാണ് പ്രൊഫ. പി.ജെ. കുര്യന്‍ ഇവിടെ നിന്നും ഡല്‍ഹക്കു പോയത്. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നടക്കാതിരുന്നത് 2004-ല്‍ സിപിഎമ്മിന്റെ സി.എസ്. സുജാതയ്ക്കു മാത്രമാണ് സാധിച്ചത്. രണ്ടു പതിറ്റാണ്ടിനിടയ്ക്കു സിപിഎമ്മിന്റെ ഏക ജയം. മണ്ഡലം കോണ്‍ഗ്രസിനെ തുണക്കുന്നതിന്റെ മാജിക്ക് ഇന്നും ഇടതുപാര്‍ട്ടിക്കു മനസ്സിലായിട്ടില്ല. സംവരണ മണ്ഡലമായ ഇവിടെ ഇത്തവണ അതു കൊണ്ടു തന്നെ ചിറ്റയം ഗോപകുമാറിനു കാര്യമായി എന്തെങ്കിലും ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.

കഴിഞ്ഞതവണ ചെങ്ങറ സുരേന്ദ്രനാണ് ചെങ്കൊടിയേന്തിയത്. എന്നിട്ടും 32,737 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കൊടിക്കുന്നില്‍ ജയിച്ചു കയറി. ബിജെപിക്ക് വേണ്ടി പി.സുധീര്‍ 79,743 വോട്ടുകള്‍ നേടിയതിന്റെ ആവേശത്തിലാണ് എന്‍ഡിഎ. ബിഎസ്പിക്ക് വേരോട്ടമുണ്ടെങ്കിലും കഴിഞ്ഞതവണ ഏഴാംസ്ഥാനത്തേക്ക് തള്ളപ്പെട്ടത് അവര്‍ക്കു കാര്യമായ ക്ഷീണമുണ്ടാക്കിയിരുന്നു. ഇത്തവണ ബിഡിജെഎസിനാണ് എന്‍ഡിഎ സീറ്റ് നല്‍കിയിരിക്കുന്നത്. തഴവ സഹദേവനാണ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടെങ്കിലും സ്ഥാനാര്‍ത്ഥി പുതുമുഖമായതിനാല്‍ സ്ഥിതി അനുകൂലമല്ലെന്നത് പ്രതിസന്ധിയാണ്. വോട്ട് വിഹിതം വര്‍ദ്ധിച്ചത് കണക്കൂകൂട്ടിയാണ് ബിഡിജെഎസ് സംവരണ മണ്ഡലത്തില്‍ കണ്ണുവച്ചത്. കുന്നത്തൂര്‍ സംവരണ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഇരുപതിനായിരം വോട്ടുകള്‍ നേടിയതിന്റെ മികവിലാണ് ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിനെ നേരിടാന്‍ തഴവ അര്‍ഹത തെളിയിച്ചത്. സിനിമയിലും സീരിയലിലും അഭിനയിച്ചതിന്റെ പിന്‍ബലവും കൊല്ലം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി എന്നതും സഹദേവന് ഗുണം ചെയ്‌തേക്കും എന്ന വിശ്വാസത്തിലാണ് എന്‍ഡിഎ.

ചങ്ങനാശേരി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം. ഈ മണ്ഡലങ്ങളില്‍ ചങ്ങനാശേരിയില്‍ മാത്രമാണ് യുഡിഎഫിന് മുന്‍തൂക്കം ഇപ്പോഴുള്ളത്. ആര്‍.ബാലകൃഷ്ണപിള്ളയുടെ ശക്തികേന്ദ്രങ്ങളായ പത്തനാപുരവും കൊട്ടാരക്കരയും ഇപ്പോള്‍ കൊടിക്കുന്നിലിന് ഒപ്പമില്ലെന്നത് കോണ്‍ഗ്രസിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പിള്ള ഇപ്പോള്‍ എല്‍ഡിഎഫിന് ഒപ്പമാണ്. കുട്ടനാടും ചെങ്ങന്നൂരും മാവേലിക്കരയും കുന്നത്തൂരുമൊക്കെ ഇടതിനൊപ്പം നില്‍ക്കുന്നതിന്റെ ആവേശത്തിലാണ് ചിറ്റയം ഗോപകുമാര്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചെങ്ങറ സുരേന്ദ്രനു വേണ്ടി ഡമ്മി സ്ഥാനാര്‍ത്ഥിയായിരുന്നു ചിറ്റയം. എന്നാല്‍ വെറും ഡമ്മിയല്ല താനെന്ന് അടൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹം തെളിയിക്കുകയും ചെയ്തു. ഇത്തവണ കാര്യങ്ങള്‍ അത്ര അനുകൂലമല്ലാത്ത കൊടിക്കുന്നിലിനെ അട്ടിമറിക്കാന്‍ ചിറ്റയത്തിനു കഴിഞ്ഞാല്‍ സിപിഐ യില്‍ തന്നെ പ്രമുഖ നേതാവായി മാറാന്‍ ഗോപകുമാറിനു കഴിയും എന്നാണ് സ്ഥിതി.

-അജീഷ് ചന്ദ്രന്‍
adhi.thanku@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക