Image

80-ല്‍ മലയാളി; 90-ല്‍ ക്രിസ്ത്യാനിയും ഹിന്ദുവും; ഇപ്പോള്‍?

മനോഹര്‍ തോമസ് Published on 20 April, 2012
80-ല്‍ മലയാളി; 90-ല്‍ ക്രിസ്ത്യാനിയും ഹിന്ദുവും; ഇപ്പോള്‍?
'എണുപതുകളില്‍ അമേരിക്കയില്‍ വരുമ്പോള്‍ ഞാനിവിടെ കുറെ മലയാളികളെക്കണ്ടു. തൊണ്ണൂറുകളില്‍ വന്നപ്പോള്‍ കുറെ ക്രിസ്ത്യാനികളേയും, ഹിന്ദുക്കളെയും കണ്ടു. രണ്ടായിരത്തിലെത്തിയപ്പോള്‍ കാത്തോലിക്കനേയും, യാക്കോബായക്കാരനേയും, പെന്തിക്കോസ്തുകാരനേയും, ഈഴവനേയും, നായരേയും മാത്രമേ കാണാനുള്ളൂ. മലയാളി മരിച്ചിരിക്കുന്നു.'
------
രാവിലെ കട തുറക്കാനായി അതിവേഗത്തില്‍ പോവുകയാണ്. പാര്‍ക്കിംഗ് ലോട്ടില്‍ ഇടം കണ്ടെത്തി വേഗം നടക്കുമ്പോള്‍ ഒരു പരിചയക്കാരന്‍ പുറകെ ഓടി വന്നു. 'താനറിഞ്ഞോ? ഫിലാഡല്‍ഫിയില്‍ കള്ളുകട നടത്തിക്കൊണ്ടിരുന്ന ആ മാര്‍ത്തോമാക്കാരനെ ആരോ വെടിവെച്ചു കൊന്നു.'

കാലത്തെ കട തുറക്കുന്നതിന് മുമ്പ് കേള്‍ക്കാന്‍ പറ്റിയ ഒരു വാര്‍ത്ത! എന്നെ ചിന്തിപ്പിച്ചത് അയാളുടെ വാക്കുകളാണ്. അമേരിക്കന്‍ ശരാശരി മലയാളി എത്ര മാറിയിരിക്കുന്നു. അവന്‍ ഒരു വ്യക്തിയെ മനുഷ്യനായോ, മലയാളിയായോ അല്ല കാണുന്നത്. പ്രത്യു
ഏതോ ജാതിക്കാരനോ, വിഭാഗക്കാരനോ ആയാണ് കാണുന്നത്. വിഭാഗീയത അവന്റെ മനസ്സിലുണ്ടാക്കിയ മാറ്റത്തിന്റെ ആഴം ആ വാക്കുകളില്‍ മുറ്റി നില്‍ക്കുന്നില്ലേ?

മാതൃഭൂമിയുടെ ചീഫ് എഡിറ്ററും, പ്രശസ്ത പത്ര പ്രവര്‍തതകനുമായിരുന്ന വി.കെ. മാധവന്‍ കുട്ടിയുടെ വാക്കുകളാണ് ഓര്‍മ്മ വരുന്നത്. 'എണുപതുകളില്‍ അമേരിക്കയില്‍ വരുമ്പോള്‍ ഞാനിവിടെ കുറെ മലയാളികളെക്കണ്ടു. തൊണ്ണൂറുകളില്‍ വന്നപ്പോള്‍ കുറെ ക്രിസ്ത്യാനികളേയും, ഹിന്ദുക്കളെയും കണ്ടു. രണ്ടായിരത്തിലെത്തിയപ്പോള്‍ കാത്തോലിക്കനേയും, യാക്കോബായക്കാരനേയും, പെന്തിക്കോസ്തുകാരനേയും, ഈഴവനേയും, നായരേയും മാത്രമേ കാണാനുള്ളൂ. മലയാളി മരിച്ചിരിക്കുന്നു.'

മതവും, രാഷ്ട്രീയവും കളിച്ച് കുട്ടിച്ചോറായ ഒരു രാജ്യത്തു നിന്നാണ് നമ്മള്‍ വരുന്നത്. നമ്മളിങ്ങോട്ട് ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ചതും ഈ രണ്ടു കാര്യങ്ങളാണ്. രാഷ്ട്രീയത്തിന് ഇവിടെ വലിയപ്രസക്തിയില്ലാത്ത കാരണം കോണ്‍ഗ്രസിന്റേയും, ബി.ജെ.പി.യുടെയും അനുഭാവികള്‍ എന്ന നാമത്തില്‍ അമേരിക്ക മുഴുവന്‍ പോഷക സംഘടനകളുണ്ടാക്കി പത്രത്തില്‍ പേരുവരാനും, കീര്‍ത്തിക്ക് ഒരുപാധിക്കും വേണ്ടി പരക്കെ നാണം കെടാന്‍ ഒരു ശ്രമം നടന്നു വരുന്നു. നേതാക്കന്മാര്‍ ഇവിടെ വരുമ്പോള്‍ അവരുടെ പുറകെ നടക്കാനും, ഫോട്ടോ എടുക്കാനും കുറെ പണം പിരിച്ച് പാര്‍ട്ടി ഫണ്ടിലേയ്ക്ക് ദാനം ചെയ്യുന്നതിനും കുറെ പ്രസ്താവനകള്‍ക്കുമപ്പുറം ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയത്തില്‍ ഒരു ചെറു വിരലനക്കാന്‍ കുടിയേറ്റ മണ്ണിലെ കുട്ടി നേതാക്കള്‍ക്ക് ആകില്ല.

'കമ്മ്യൂണിസം' എന്ന വാക്ക് ഈ മണ്ണില്‍ ഉറക്കെ പറയാനാകാത്തതുകൊണ്ടും, പറഞ്ഞാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കും എന്ന ബോധം ഉള്ളതുകൊണ്ടും, മുസ്ലീമായി ജനിച്ചു പോയതുകൊണ്ട് അതിന്റെ പ്രാണവേദനയില്‍ അമേരിക്കയില്‍ കഴിയുന്ന പലരേയും നമ്മള്‍ നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്നതുകൊണ്ടും ആ ഭാഗത്തേക്ക് ആരും ചിന്തിച്ചും കടന്നും കണ്ടില്ല! ഭാഗ്യം.

എല്ലാ മതങ്ങള്‍ക്കും, മതസംഘടനകള്‍ക്കും മണ്ണാണ് ഇവിടുള്ളത്. അത് ശരിക്കു മനസ്സിലാക്കിയവരും, മതം തൊഴിലായി സ്വീകരിച്ചവരും, കീര്‍ത്തിക്കും, സ്ഥാനമാനങ്ങള്‍ക്കും വേണ്ടി അതു വേണ്ട പോലെ ഉപയോഗിക്കുന്നു. രണ്ടു ജോലി ചെയ്യുന്ന നേഴ്‌സിന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരിയാണ് പല സ്ഥാനങ്ങളും ഉറപ്പിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം ബോധപൂര്‍വ്വം മറക്കുന്നു. പവിത്രമായ വിശ്വാസത്തിലും, ദൈവഭയത്തിലും തീര്‍ന്ന ഒരു പള്ളിയോ, വിശ്വാസത്തിലും, ദൈവഭയത്തിലും തീര്‍ത്ത ഒരു പള്ളിയോ, അമ്പലമോ, നമ്മള്‍ പണ്ട്, കുട്ടിക്കാലത്ത് മനസ്സില്‍ പണിതിട്ടുണ്ട്. അതിന് മാറ്റമില്ല! കുടിയേറ്റ മണ്ണിലെ ഈ വൈകൃതങ്ങള്‍ കാണുമ്പോള്‍ യഥാര്‍ത്ഥ വിശ്വാസി അന്തിച്ചു നിന്നു പോവുകയാണ്!

മലയാളിക്ക് നഷ്ടപ്പെട്ടത് അവന്റെ സ്വത്വമാണ്. അത്, അവനിവിടെ ഈ പുതുമണ്ണില്‍ തേടുകയാണ്. ഓണത്തിലൂടെ, വിഷുവിലൂടെ, പെരുന്നാളിലൂടെ, മതം തൊഴിലായി സ്വീകരിച്ചവരുടെ നിതാന്ത വാഗ്ദാനങ്ങളിലൂടെ അവസാനം ഒന്നോ, രണ്ടോ തലമുറ മാറുമ്പോള്‍ ഗയാനക്കാരന്റെ അവസ്ഥാവിശേഷം സാമൂഹ്യതലത്തില്‍ ഉണ്ടാകുന്നതിന്റെ കേളികൊട്ട് ഉയരുന്നുണ്ട്. ഇതൊരു നിഗമനമല്ല, അപകട ജഢിലമായ ഒരാശങ്കയാണ്.

കുടിയേറ്റ മണ്ണിലെ സാംസ്‌ക്കാരിക, സാമൂഹ്യ സംഘടനകളുടെ വളര്‍ച്ചയും, തളര്‍ച്ചയും ഒരു തികഞ്ഞ പഠത്തിന് അര്‍ഹമാകേണ്ടതുണ്ട്. പ്രാദേശിക സംഘടനകള്‍ ഉല്‍ഘാടന മീറ്റിംഗ്, ഓണം, ആനിവേഴ്‌സറി പിക്‌നിക് ഇത്രയും പരിപാടികളില്‍ ഒതുങ്ങുമ്പോള് ‍- അല്ലെങ്കില്‍ ഇത്രയും കുറച്ചു സംരംഭങ്ങളില്‍ എങ്കിലും ആളെ കൂട്ടാന്‍ ശ്രമിക്കുമ്പോള്‍ കളി 'ഞാന്‍ കാണിച്ചു തരാം' എന്ന വാശിയില്‍ ഓണവും, വിഷവും വരെ പള്ളികളില്‍ വച്ചു നടത്താന്‍ തീരുമാനമെടുക്കുന്നു. ഓരോ മലയാളിയുടെയും ശനിയാഴ്ചയും, ഞായറാഴ്ചയും ദൂരവ്യാപകമായി ബ്ലോക്കു ചെയ്യുന്നതിലാണ് ബുദ്ധിയിരിക്കുന്നത്.

ജാതിക്കും, മതത്തിലും, വിഭാഗീയതയ്ക്കും അതീതമായി കലയ്ക്കു വേണ്ടി മാത്രം കലയ്ക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന വിരലിലെണ്ണാവുന്ന സംഘടനകളെ അമേരിക്കന്‍ മണ്ണിലുള്ളൂ. അങ്ങനെ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സംഘടനകള്‍ക്കു പോലും എല്ലാവര്‍ക്കും കയറിയിരിക്കാവുന്ന നാലു ചുവരുള്ള ഒരു മുറി പോലും 'നമ്മുടേതെന്ന പേരില്‍' ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രവര്‍ത്തനം എന്നു പറയുന്നത് മാറി മാറി വരുന്ന കമ്മറ്റികളുടെ സ്വഭാവം അനുസരിച്ച് കേരളത്തില്‍ എല്ലാ പട്ടണത്തിലും വിമാനത്താവളം, എല്ലാ ഗവണ്‍മെന്റ് ആശുപത്രിയിലും ഫ്രീ വാര്‍ഡ്, എല്ലാം സ്‌ക്കൂളുകളിലും കംപ്യൂട്ടര്‍ ഫ്രീ എന്നുള്ള ഗീര്‍വാണങ്ങളില്‍ ഒതുങ്ങുന്നു.

ഇവിടെയാണ് കലാവേദിയുടെ കൊച്ചു കൊച്ചു പ്രവര്‍ത്തനങ്ങള്‍ വ്യതിരിക്തമാകുന്നത്. വിഭാഗീയതയ്ക്ക് അതീതമായി നിന്ന് കലയ്ക്കും, വേദനിക്കുന്നവര്‍ക്കും വേണ്ടി, നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുക. ഒരുപാട് കൊട്ടിഘോഷങ്ങളോ, തോരണങ്ങളോ ഇല്ലാതെ നിശബ്ദമായ കാല്‍വെപ്പുകള്‍!!
80-ല്‍ മലയാളി; 90-ല്‍ ക്രിസ്ത്യാനിയും ഹിന്ദുവും; ഇപ്പോള്‍?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക