Image

എവിടെ? (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 08 April, 2019
എവിടെ? (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
നല്ല പുന്നെല്ലിന്‍ മണമായിരുന്നല്ലോ
നിന്റെ പുല്‍മാടത്തിനെന്‍ ബാല്യസീമയില്‍
കൂട്ടുകാരീ, നിന്‍ സ്മരണകളിന്നുമെന്‍
നാട്ടിടവഴികളിലൂടെ വന്നെത്തുന്നു.
പൊന്നുമ്മകള്‍തന്നിരുന്നയുഷസ്സുക
ളേറെക്കൊതിപ്പിച്ചയാ,നല്ല നാളുകള്‍
ഇന്നുമെന്നോര്‍മ്മയില്‍ വന്നു തളിര്‍ക്കവേ
യൊരുവേളയുന്മേഷമെന്നില്‍ നിറയുന്നു.

പനിനീരലര്‍പോല്‍ തുടുത്തിരുന്നന്നു നിന്‍
മോഹനവദനവു,മകലെയായ് തിങ്കളും
ഉഷ്ണലോകത്തില്‍ നില്‍പ്പെങ്കിലുമീദിനം
കുളിരണിയുന്നതോര്‍ക്കുമ്പൊഴേക്കെന്നകം.
അന്നൊക്കെയെന്മനോഭിത്തിയില്‍ നീ വര
ച്ചെത്രയോ സുന്ദര ചിത്രങ്ങളെങ്കിലും
ഇന്നുനീയാകെയും വിസ്മരിച്ചെന്നപോ
ലെന്നില്‍നിന്നേറെയകന്നകന്നെങ്ങുപോയ്?
*    *    *    *    *

വന്നിതാ,നില്‍പ്പുഞാന്‍ പഴയകാലത്തിന്റെ
തോഴനായ് വീണ്ടുമീ, സന്ധ്യയിലെങ്കിലും
നിന്റെ പുല്‍മാടം മറഞ്ഞുപോ,യിന്നതിന്‍
സ്ഥാനം കവര്‍ന്നുനില്‍ക്കുന്നൊരു മന്ദിരം
സ്‌നേഹം പകര്‍ന്നവരോടു ചോദിച്ചതിന്‍
ഹേതുവറിഞ്ഞു കുഴഞ്ഞുപോയിന്നുഞാന്‍!
പക്ഷെയെന്നുള്ളം ദ്രവിപ്പിച്ച കാഴ്ചനി
ന്നസ്ഥിത്തറയൊന്നുമാത്രമാണോമനേ!!
Join WhatsApp News
Sudhir Panikkaveetil 2019-04-08 12:29:55
Nostalgia is like a grammar lesson. Past perfect and present tense.Poet has brought  the truth of experience poetically. Best wishes
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക