Image

നാട്ടിലെത്തുക വല്ലപ്പോഴും...(പി. സി മാത്യു)

Published on 08 April, 2019
നാട്ടിലെത്തുക വല്ലപ്പോഴും...(പി. സി മാത്യു)
മലയാളിയാണെങ്കിലറിയണം മലയാളം
മനസ്സിലും പിന്നെ നാവിലും തുളുമ്പണം
മലയാളിയെക്കണ്ടാല്‍ പറയണം മലയാളം
മറക്കണംഇഗ്‌ളീഷ് ഒരല്പനേരം കൂട്ടരേ...

കേരളമെന്ന് കേട്ടാലോര്‍ക്കുക ഹൃത്തില്‍
കൊച്ചു ഭൂപടമൊന്നതില്‍ കാണണം തെങ്ങും
വാഴയും വയലും വയലോരവും ജീവിത
വഴിയില്‍ കണ്ടുമുട്ടിയൊരോരോ കൂട്ടരും

ഇംഗ്‌ളീഷ് പഠിച്ചതില്‍ തെറ്റൊന്നുമില്ല നാം
ഇംഗ്ലണ്ടില്‍ മാത്രമല്ലമേരിക്കയിലുമെത്തി
അറബി അറിഞ്ഞീലെങ്കിലും മുറി ഇംഗ്‌ളീഷ്
അടിപൊളിയായി അറബിചേര്‍ത്തു ചൊന്നു.

മലയാളിയാണെങ്കില്‍ മറക്കരുത് മാതൃ ഭാഷ
മാതൃ തുല്യമായി കരുതണം മാനിക്കേണം
മാധുര്യമാം ഓര്‍മ്മകള്‍ പേറണം മാറാപ്പില്‍
മറു രാജ്യത്തൊരു പ്രവാസിയായി തീര്‍ന്നാലും

മടങ്ങുക വല്ലപ്പോഴും നാട്ടിലൊരവധിക്കായി
മുറ്റത്തരികില്‍ വളര്‍ന്നൊരു വരിക്ക പ്ലാവിന്‍
ചക്കപ്പഴത്തിന്‍ മണമൊന്നുപിടിച്ചു രുചിക്കാന്‍
ചാമ്പയിലൊന്നു ചാടിക്കയറിയൊന്നുലുത്താന്‍

എത്താത്ത കൊമ്പില്‍ പഴുത്തു നിറമാര്‍ന്നൊരു
ആത്തപ്പഴം കണ്ടൊന്നു കൊതിക്കുവാന്‍ ...
വാര്‍ധക്യ മെത്തിയ ആഞ്ഞിലിതെങ്ങില്‍
വിളയാത്ത കരിക്കേലൊന്നു വെട്ടിക്കുടിക്കുവാന്‍

വൃദ്ധരാം മാതാ പിതാക്കളെ മാറോടു ചേര്‍ത്തു 
വാരിപുണരുവാന്‍, കലാലയ സ്മരണകളയവിറക്കാന്‍
മനസ്സിന്‍ കണ്ണാടിയില്‍ മാഞ്ഞുപോയ മുഖങ്ങളെ
മുഖാമുഖം കാണുവാനെത്തുക നാട്ടിലാവധിക്കായ്.
Join WhatsApp News
വിദ്യാധരൻ 2019-04-08 13:41:40
മലയാള നാട്ടിൽ തിരിച്ചു ചെന്നപ്പോൾ 
മലയാളത്തിനാകെ കുഴപ്പമത്രെ 
കോഴിക്കോട്ടൊരുത്തൻ പറഞ്ഞെന്നോട് 
'ഇവിടെ കീഞ്ഞു പാഞ്ഞോ'ളിനെന്ന്‌ 
അവിടെ കീഞ്ഞിട്ട് തൃശൂര് വന്നപ്പോൾ 
'എന്തുട്ടടാ കിടവേ' എന്നൊരുത്തൻ 
അവിടുന്നു ഞാൻ കൊച്ചീല് വന്നപ്പോൾ 
'നിങ്ങ' എവിടുത്തുകാരനെന്നൊരുത്തൻ  
അവിടിന്ന് വിട്ടിട്ട് തിരുവല്ലയിൽ വന്നു ഞാൻ 
കൊല്ലത്തേക്കുള്ള വഴി ചോദിച്ചനേരത്ത് 
അവൻ 'കൊല്ലത്തുമില്ല വയ്ക്കത്തു'മില്ലെന്നു ചൊന്നു
അന്നേരം ഞാൻ കെട്ടവൻ അമ്മച്ചി പറയുന്നേ 
'മിറ്റത്തിരുന്നപ്പച്ചെമ്പെടുത്തൊന്ന്'
അതു കേട്ടു നാണിച്ചു നിൽക്കുന്ന നേരത്തവൻ ചൊല്ലി 
'അപ്പ ചെമ്പ് എടുത്തോ' എന്നാണത് നാണിക്കേണ്ട 
അവസാനം തിരുവനന്തപുരത്തെത്തിയപ്പോൾ 
അവിടുള്ളോരെല്ലാരും എന്തിരെ എന്തിരേന്നു 
പോയില്ല ഞാൻ കാസർകോട്ടും കന്യാകുമാരിലും 
അവിടുത്തെ ഭാഷ തലയിൽ കേറുകില്ല 
ചെറുപ്പക്കാരോടെന്തേലും ചോദിക്കാന്നു വച്ചാല് 
അവരെല്ലാം പറയുന്നു മംഗ്ളീഷെന്ന ഭാഷ .
കേരളമാകവേ മാറിപ്പോയി പണ്ടത്തെ 
കേരളം അപ്പാടെ മാഞ്ഞുപോയി 
പാടങ്ങൾ വയലുകൾ നിരത്തി അവിടെല്ലാം 
ആകാശം മുട്ടുന്ന സൗധമുയർന്നു നിൽപ്പൂ 
തെങ്ങുകൾ ഒക്കെയും മുരടിച്ചു നിൽക്കുന്നു 
കൗങ്ങ അതെവിടുന്നു ചോദിച്ച നേരത്ത് 
അതെന്താണ കുന്തെമെന്നു മറിച്ചു ചോദ്യം
പറയുവാനൊത്തിരി ഓർമ്മകൾ ഉണ്ടേലും 
ഫലമില്ല ഇന്നതാർക്കും അറിയത്തില്ല 
അറിയാതെ  ഓർത്തു പോയി ആശാൻ പറഞ്ഞൊരാ  സത്യം 
"ഒന്നിനുമില്ല നില ഉന്നതമായ കുന്നുമെന്നല്ല 
         ആഴിയും നശിക്കുമോർത്താൽ"

എന്നിട്ട് വേണം തലയില്‍ 2019-04-08 16:23:12
നാട്ടില്‍ എത്താന്‍ കൊതി ആയി നാട്ടില്‍ എത്തി, ഹോട്ടലില്‍നിന്ന് കഴിച്ചു, വയര്‍ ഇളകി.
പിന്നെ പണിതുയര്‍ത്തിയ കോണ്ടോ യുടെ മുന്നില്‍ ഉള്ള റോഡില്‍ നടക്കവേ മല മൂത്ര വിസര്‍ജന കുഴല്‍ പൊട്ടി  വെള്ള കുളം. പകച്ചുപോയ എന്‍റെ തലയില്‍ മൂന്നാമത്തെ നിലയില്‍ നിന്നും അളിഞ്ഞ പാമ്പര്‍ കെട്ടുകള്‍. കേരളത്തിലേക്ക് വിളിക്കുന്നവനെ രണ്ടു തെറി എങ്കിലും വിളിക്കണം എന്ന് കരുതി ഇരുന്നപോള്‍ ആണ് നിങ്ങളുടെ കവിത കണ്ടത്. നിങ്ങള്‍ കേരളത്തില്‍ തന്നെ ആണോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക