Image

ഇടുക്കിയിലെ പച്ചപ്പ് വീണ്ടും ചുവപ്പിക്കാന്‍ ജോയിസ്, അടിയറവ് പറയിക്കാന്‍ ഡീനും (അജീഷ് ചന്ദ്രന്‍)

Ajish Chandran Published on 09 April, 2019
ഇടുക്കിയിലെ പച്ചപ്പ് വീണ്ടും ചുവപ്പിക്കാന്‍ ജോയിസ്, അടിയറവ് പറയിക്കാന്‍ ഡീനും (അജീഷ് ചന്ദ്രന്‍)
ലോക്‌സഭാ തെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലൂടെ-6
(ഇടുക്കി മണ്ഡലം)

പച്ചപ്പിന്റെ പുല്‍ത്തകിടിയാണ് ഇടുക്കിയെങ്കിലും വോട്ടര്‍മാരുടെ മനസ്സില്‍ ചെങ്കൊടി ഉയര്‍ത്തിയ പോരാട്ടവീര്യത്തിന്റെ ചുവപ്പിന് ഇപ്പോഴും ഘനം തെല്ലും കുറഞ്ഞിട്ടില്ല. ഹൈറേഞ്ചില്‍ സിപിഎം നേരിട്ടു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ശീലമില്ല. അതു കൊണ്ട് തന്നെ ഇത്തവണയും സ്വതന്ത്രനായ അഡ്വ. ജോയിസ് ജോര്‍ജിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പിന്തുണക്കുന്നു. ജോയിസ് ജോര്‍ജിന് ഇതു രണ്ടാമൂഴം. കൊട്ടക്കൊമ്പൂര്‍ പട്ടയ പ്രശ്‌നമൊന്നും ജോയിസിനെയും പാര്‍ട്ടിയെയും വോട്ടര്‍മാര്‍ക്കിടയില്‍ പ്രശ്‌നക്കാരനാക്കിയിട്ടില്ലെന്നു തെളിയിക്കേണ്ടിയിരിക്കുന്നു. രണ്ടാമൂഴത്തിനാണ് കോണ്‍ഗ്രസിന്റെ ഡീന്‍ കുര്യാക്കോസും എത്തുന്നതും. ഉയര്‍ത്തുന്നതും പട്ടയപ്രശ്‌നവും ഭൂമി ഇടപാടുമൊക്കെ തന്നെ. തൊടുപുഴ, ദേവികുളം, ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട്, മൂവാറ്റുപുഴ, കോതമംഗലം എന്നീ നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ഇടുക്കി ലോക്‌സഭ മണ്ഡലം. തൊടുപുഴയും ഇടുക്കിയും മാത്രമാണ് യുഡിഎഫിന് ആകെ ആശ്രയമുള്ളത്. ബാക്കിയുള്ളിടത്തൊക്കെ 2016-ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം കരുത്തു കാട്ടിയിരുന്നു. 2015ല്‍ നടന്ന തദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ മേല്‍കോയ്മയാണ് കണ്ടത്.

ഇടുക്കി മണ്ഡലത്തില്‍ ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ് മേല്‍ക്കോയ്മയെങ്കിലും കോണ്‍ഗ്രസിനു കാര്യമായ വേരോട്ടമില്ലെന്നു പറയാനാവില്ല. പാലാ കെ.എം. മാത്യുവും (1989, 91), പ്രൊഫ. പി. ജെ. കുര്യനും (മാവേലിക്കര വിട്ട് 1984-ല്‍ ഇവിടെ മത്സരിച്ചിരുന്നു), എ.സി. ജോസും (1996), പി. സി. ചാക്കോയും (1998) ഇവിടെ കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ചു കയറിയിട്ടുണ്ട്. പിന്നീടാണ് കേരള കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള പോരാട്ടഭൂമിയായി ഹൈറേഞ്ചും ഇടുക്കി ലോക്‌സഭ മണ്ഡലവും മാറുന്നതും. ഇടുക്കിയില്‍ നടന്ന പോരാട്ടത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫിനാണ് സീറ്റ് കിട്ടിയതും കെ. ഫ്രാന്‍സിസ് ജോര്‍ജ് ആ നീക്കത്തില്‍ ഡല്‍ഹിക്കു വണ്ടി കയറിയതും. ഇത് 1999-ലും 2004-ലും തുടര്‍ന്നു. ബെന്നി ബഹന്നാനെ പരാജയപ്പെടുത്തി ഫ്രാന്‍സിസ് ജോര്‍ജ്ജ് 2004-ല്‍ മണ്ഡലം നിലനിര്‍ത്തി. ഭൂരിപക്ഷം 69384. പിന്നീട് കേരള കോണ്‍ഗ്രസില്‍ നിന്നും സീറ്റ് തിരിച്ചെടുത്ത് പി.ടി തോമസ് കോണ്‍ഗ്രസിനു വേണ്ടി ഇവിടെ നിന്നു ജയിച്ചു കയറി. 74796 വോട്ടുകള്‍ക്ക് ഫ്രാന്‍സിസ് ജോര്‍ജിനെയാണ് തോമസ് പരാജയപ്പെടുത്തിയത്. 
കഴിഞ്ഞ തവണ പി.ടിക്ക് സീറ്റ് നിഷേധിച്ച കോണ്‍ഗ്രസിന് ഇവിടെ കാലിടറുകയും ചെയ്തു. ഡീന്‍ കുര്യാക്കോസിനെ കന്നി പോരാട്ടത്തിനിറക്കിയ കോണ്‍ഗ്രസിന് ഇടതു സ്വതന്ത്രനായി എത്തിയ അഡ്വ. ജോയിസ് ജോര്‍ജിനു മുന്നില്‍ അടിയറവ് പറയേണ്ടി വന്നത് 50,542 വോട്ടുകള്‍ക്ക്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 46.60 ശതമാനം വോട്ടുകള്‍ (382,019) സ്വന്തമാക്കിയാണ് ജോയിസ് കരുത്തു കാട്ടിയത്. 

ബിജെപിയുടെ പടനീക്കത്തില്‍ കാര്യമായ കുതിപ്പ് മണ്ഡലത്തില്‍ പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സാബു വര്‍ഗീസ് എന്ന സ്ഥാനാര്‍ത്ഥി കഴിഞ്ഞ തവണ 50438 വോട്ടുകള്‍ ഇവിടെ നേടിയിരുന്നു. ഇത്തവണ ശബരിമല വിഷയവും തമിഴ് വോട്ടര്‍മാര്‍ക്കിടയിലെ സ്വാധീനവും കൂടി കണക്കിലെടുത്ത് വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കാനാണ് ബിജെപി സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണന്റെ ശ്രമം.

കര്‍ഷകരുടെ ആത്മഹത്യയും കുടിയേറ്റത്തിന്റെ പട്ടയപ്രശ്‌നവുമൊക്കെ തന്നെയാണ് ഇവിടെ പതിവു പ്രശ്‌നമായി ഇരുപക്ഷവും ഉയര്‍ത്തിക്കാട്ടുന്നത്. കസ്തൂരിരംഗനും, ഗാഡ്ഗിലും, പരിസ്ഥിതിയും ഇത്തവണ പ്രശ്‌നമാകുന്നില്ലെങ്കിലും ക്രിസ്തീയ സഭകളുടെ അനുഗ്രഹം ഇവിടെ നിര്‍ണായകമാണെന്നു പറയേണ്ടിയിരിക്കുന്നു. അനുഗ്രഹവര്‍ഷത്തില്‍ ജോയിസ് ജോര്‍ജും ഡീനും തുല്യനിലയില്‍ നില്‍ക്കുന്നവരാകയാല്‍ ഇത്തവണ ഇടുക്കിയിലെ കാറ്റ് ആര്‍ക്കൊപ്പമെന്നത് പ്രവചനാതീതം.

-അജീഷ് ചന്ദ്രന്‍
adhi.thanku@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക