Image

കെ എം മാണി അന്തരിച്ചു

Published on 09 April, 2019
 കെ എം മാണി അന്തരിച്ചു

കൊച്ചി: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെഎം മാണിയുടെ ആരോഗ്യനില ഉച്ചയോടെയാണ് അതീവഗുരുതരമായത്. വൈകീട്ട് 4.57നായിരുന്നു അന്ത്യം.

ഇന്ന് രാവിലെയോടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നെങ്കിലും മൂന്ന് മണിയോടെ വീണ്ടും സ്ഥിതി ഗുരുതരമാവുകയായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും ക്രമാതീതമായി കുറഞ്ഞതാണ് മരണകാരണം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് എണ്‍പത്തിയാറുകാരനായ മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏറ്റവുമധികം കാലം എം.എല്‍.എ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ക്കാലം മന്ത്രിസ്ഥാനം വഹിച്ച വ്യക്തി (23 വര്‍ഷം), ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ (12) അംഗമായ വ്യക്തി, ഏറ്റവും കൂടുതല്‍ തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി (13 തവണ), ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായിട്ടുള്ളതിന്റെ (ഏഴ്) റെക്കോഡും അദ്ദേഹത്തിനാണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതല്‍ കാലം ധനവകുപ്പും നിയമവകുപ്പും കൈകാര്യം ചെയ്ത മന്ത്രി, ഒരേ മണ്ഡലത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ തവണ ജയിച്ച എം.എല്‍.എ തുടങ്ങിയ റെക്കോഡുകള്‍ കെ.എം മാണിക്കു സ്വന്തമാണ്.

മാണിയുടെ മണ്ഡലമായ പാലാ, 1964ല്‍ രൂപീകൃതമായശേഷം മറ്റാരും അവിടെനിന്നു നിയമസഭയിലെത്തിയിട്ടില്ല.

ഭാര്യ: കുട്ടിയമ്മ, മക്കള്‍: ജോസ് കെ മാണി എംപി, എല്‍സമ്മ, സാലി, ആനി, ടെസ്സി, സ്മിത മരുമക്കള്‍: നിഷ ജോസ് കെ മാണി, ഡോ. തോമസ് കവലയ്ക്കല്‍ (ചങ്ങനാശ്ശേരി), എം പി ജോസഫ് (തൃപ്പൂണിത്തറ മുന്‍ തൊഴില്‍വകുപ്പ് സെക്രട്ടറി), ഡോ. സേവ്യര്‍ ഇടയ്ക്കാട്ടുകുടി.

മരങ്ങാട്ടുപിള്ളിയില്‍ കരിങ്ങോഴയ്ക്കല്‍ തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ല്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ ഉത്തരവാദഭരണ പ്രക്ഷോഭത്തില്‍ പങ്കാളിയായി. തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്‌സിലും തേവര സേക്രഡ് ഹാര്‍ട്ട്‌സിലുമായിരുന്നു കോളജ് വിദ്യാഭ്യാസം. മദ്രാസ് ലോ കോളജില്‍നിന്ന് 1955 ല്‍ നിയമബിരുദം നേടി.

കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ്. 1959ല്‍ കെപിസിസി അംഗമായി. 1964ല്‍ കോട്ടയം ഡിസിസി സെക്രട്ടറി. അതേവര്‍ഷമാണ് പി.ടി. ചാക്കോയുടെ വിയോഗം. കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ 15 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടു. 1964ല്‍ തിരുനക്കരയില്‍ മന്നത്തു പത്മനാഭന്‍ കേരള കോണ്‍ഗ്രസിനു തിരിതെളിച്ചു. കോട്ടയം ഡിസിസി ഏതാണ്ട് അതേപടി കേരള കോണ്‍ഗ്രസിന്റെ ജില്ലാക്കമ്മിറ്റിയായി.

1965 മുതല്‍ പാലായുടെ ജനപ്രതിനിധി.ധനകാര്യം, ആഭ്യന്തരം, റവന്യൂ, ജലസേചനം, നിയമം, ഭവനം, വിദ്യുച്ഛക്തി അങ്ങനെ പലവകുപ്പിലും മന്ത്രിയായി. 1975 ഡിസംബര്‍ 21നാണ് ആദ്യം മന്ത്രിയാകുന്നത്. ധനകാര്യവകുപ്പില്‍ തുടങ്ങി. അടിയന്തരാവസ്ഥയെ തുടര്‍ന്നുള്ള മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി.

ഏറ്റവും കൂടുതല്‍ കാലം എംഎല്‍എയായതിന്റെ റെക്കാര്‍ഡ് 2014 മാര്‍ച്ച് 12നു തന്നെ മാണി സ്വന്തമാക്കിയിരുന്നു. തിരു - കൊച്ചി നിയമസഭ മുതല്‍ അംഗമായ കെ.ആര്‍.ഗൗരിയമ്മയുടെ റെക്കാര്‍ഡാണു മാണി തകര്‍ത്തത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിസ്ഥാനം വഹിച്ചതും (23 വര്‍ഷം), ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ (12) അംഗമായതും മാണി തന്നെ. ഏറ്റവും കൂടുതല്‍ തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെയും (13 തവണ) ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായിട്ടുള്ളതിന്റെയും (ഏഴ്) റെക്കോര്‍ഡും മാണിയുടെ പേരിലാണ്.

കേരളത്തില്‍ കൂടുതല്‍ ബജറ്റ് (12) അവതരിപ്പിച്ച ധനമന്ത്രി, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ധനവകുപ്പും (11 വര്‍ഷം) നിയമവകുപ്പും (20 വര്‍ഷം) കൈകാര്യം ചെയ്ത മന്ത്രി, ഒരേ മണ്ഡലത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ തവണ ജയിച്ച എംഎല്‍എ തുടങ്ങിയ റെക്കോര്‍ഡുകളും മാണിക്കു സ്വന്തം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക