Image

ആള്‍ക്കൂട്ടത്തില്‍ തനിയെ.. അഷിതയുടെ ആകാശത്തിനും ഭൂമിയ്ക്കും (രമ പ്രസന്ന പിഷാരടി)

Published on 09 April, 2019
ആള്‍ക്കൂട്ടത്തില്‍ തനിയെ.. അഷിതയുടെ ആകാശത്തിനും ഭൂമിയ്ക്കും (രമ പ്രസന്ന പിഷാരടി)
അഷിതയുടെ ആകാശത്തിനും ഭൂമിയ്ക്കും

(Out of suffering have emerged the strongest osuls; the most massive characters are seared with scars. Khalil Gibran)

അഷിത എന്നാല്‍ കഥയെന്നോ, കവിതയെന്നോ, ഹൈക്കുവെന്നോ ആകാശത്തിന്റെ ഒരു തുണ്ട് എന്നോ അടയാളപ്പെടുത്തി കടന്നു പോയ മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള കഥാകാരി

ജാലകത്തിലൂടെ കാണുന്ന ആകാശത്തിനരികിലിരുന്ന് മൃദുവായ ശബ്ദത്തില്‍ സംസാരിക്കുന്ന കഥകള്‍. ഇത്ര മൃദുവായി ഇത്ര സോഫ്റ്റായി മേഘങ്ങള്‍ക്ക് വിസ്‌ഫോടനം ചെയ്യാനാവുമെന്ന് വളരെ വളരെ പതിയെ നമ്മോട് പറഞ്ഞ ഇന്ദ്രജാലക്കാരിയായിരുന്നു അഷിത.

ലോകത്തിലേയ്ക്കുയര്‍ന്നുയര്‍ന്നു പോകുന്ന കൊടുമുടികള്‍ പോലെയായിരുന്നു അഷിതയുടെ കഥകള്‍. അഷിതയെ വായിക്കുമ്പോഴാണ് പേരിലോ, പരമ്പരയിലോ, പ്രശസ്തിയിലോ അല്ല ഒരു സൃഷ്ടിയിലൂടെ വേണം എഴുത്തുകാരന്റെ മഹത്വം മനസ്സിലാക്കുവാന്‍ എന്ന ഉല്‍കൃഷ്ടസത്യം അറിയാനാവുന്നത്.

പാരമ്പര്യത്തിന്റെ, സ്വയം പുകഴ്ത്തലുകളുടെ വേദിസഞ്ചാരങ്ങളില്‍ നിന്നകന്ന് ഒരു ഭസ്മക്കുറി, വിശുദ്ധവസ്ത്രം പോലെ വെളുവെളുത്ത തലമുടി.. ആള്‍ക്കൂട്ടത്തില്‍ നിന്നകന്ന് പോകുമ്പോഴും വിളിച്ചുണര്‍ത്തുന്ന ശംഖ് പോലെ തെളിവാര്‍ന്ന കഥകള്‍..

ആമി ഓപ്പ തിരുവനന്തപുരത്തുണ്ടായിരുന്നോ കാറ്റും സൂര്യനും ഒന്നും പറഞ്ഞതുമില്ല. കഥപറയുന്നിതങ്ങനെയാവുമ്പോള്‍ കേള്‍ക്കാനെന്ത് സുഖം. തൂവല്‍ പോലെ മനസ്സിനെ സ്പര്‍ശിച്ചൊഴുകുന്ന വാക്കുകള്‍. അഷിതേച്ചിയുടെ കൈയിലൊരു മാന്ത്രികദണ്ഡ് ഉണ്ടായിരുന്നിരിക്കണം തൊടുമ്പോഴേ ചിറകടിച്ച് പറക്കുന്ന വെണ്‍പിറാവുകള്‍ പോലെ, ചിത്രശലഭങ്ങള്‍ പോലെ, തേനരുവി പോലെ പറന്നുമൊഴുകിയും നീങ്ങുന്ന മാന്ത്രികരായിരുന്നു അഷിതയുടെ കഥകള്‍.. വേദി തേടിയോ `ഞാന്‍ അഷിതയാണ് അഷിതയാണെന്ന്' പറയാതെ എഴുതുന്ന കഥകളെ ചിലങ്കയുമായി നൃത്തം ചെയ്യാന്‍ വേദിയിലേയ്ക്കയച്ച ബാക്ക് സ്റ്റേജ് സൂപ്പര്‍ മാസ്റ്റര്‍.

ജീവിതത്തിലൊരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിച്ച എഴുത്തുകാരി.. വേദികളില്‍ നിന്ന് വേദികളിലേയ്ക്ക് തീകോരിയിടും പ്രസംഗങ്ങള്‍ ചെയ്ത് ആള്‍ക്കൂട്ടത്തെ ഭ്രമിപ്പിക്കാതെ എഴുതുന്ന വാക്കുകളെ അതീവവിസ്മയകരമായ രീതിയില്‍ കൊരുത്തെടുത്ത് അത്യധികം ആകര്‍ഷണീയമായി അടുക്കിവച്ച് അഷിത വന്ന് പതിയെ വിളിക്കുമ്പോള്‍ ഭൂമിയുടെ ആകര്‍ഷണം പോലൊന്ന് നമുക്കനുഭവകാലമാകുന്നു.

ലോകത്തിന്റെ തേയ്മാനം വന്നുകൊണ്ടിരിക്കുന്ന ഭൂമിയുടെ ഒരു തുണ്ടിലിരുന്നും ആകാശത്തോളം വളരുന്നതെങ്ങിനെയെന്നൊരൊന്നാം ക്‌ളാസ് പാഠം പഠിക്കാത്തവരുടെയില്‍ നിന്ന് വേറിട്ടൊരാകാശം കാട്ടിത്തരുന്നവയാണ് അഷിതയുടെ കഥകള്‍.

അഷിത എന്നാല്‍ ജാപ്പനീസ് ഭാഷയില്‍ പ്രത്യാശയാണ്. യമുനാ നദിയെയും അഷിതയെന്ന് വിളിക്കുന്നു എന്നൊരു വ്യാഖ്യാനം കണ്ടു.. അഷിത എന്നൊരു ദേശം സിറിയയിലുണ്ടെന്ന് പഴയകാല ഭൂപടസഞ്ചാരത്തില്‍ നിന്നറിയാനായി.. സ്വയം പുകഴ്ത്തലില്ലാതെ, പാരമ്പര്യത്തിന്റെ വലിയ വര്‍ണ്ണക്കുട ചൂടാതെ എഴുതുന്ന വാക്കുകളില്‍ ഉല്‍കൃഷ്ടസാഹിത്യത്തിന്റെ മഹാസ്രോതസ്സുണര്‍ത്തി അഷിതയെന്നാല്‍ ഇതാണ് എന്ന് നമ്മോട് സ്‌നേഹപൂര്‍വ്വം അതീവനിഗൂഢമായി പറയുന്ന ഒരതിശയം. കാലഹരണപ്പെട്ടുവെന്ന് കരുതിയ ഒരാത്മാവിനെ `അത് ഞാനായിരുന്നു' എന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തി ജീവിച്ച വഴിയില്‍ പ്രകൃതിസ്പര്‍ശമുള്ള പൂവുകള്‍ വിതറി കാലത്തിലൂടെ, ചക്രവാളങ്ങളിലൂടെ കഥയുടെ പുതിയ ലോകത്തിലേയ്ക്ക് ദേശാന്തരഗമനം നടത്തിയ അഷിത.

സ്വയം അടയാളപ്പെടുത്താന്‍ ആരുടെ മുന്‍പിലും ശിരസ്സും കുനിച്ച് നടക്കുന്ന സ്വത്വം നഷ്ടപ്പെട്ട ചെറിയ മനസ്സുകള്‍ക്കിടയില്‍ അഷിത വ്യത്യസ്തയാകുന്നു. സ്വയം ആഘോഷിക്കുന്ന എഴുതുന്നതിനേക്കാള്‍ കൂടുതല്‍ വ്യാപ്തിയില്‍ ശബ്ദകോലാഹലം നടത്തി ആള്‍ക്കൂട്ടത്തെയാകര്‍ഷിക്കാന്‍ ശ്രമിക്കുന്ന ചുരുങ്ങിയ മനസ്സുകള്‍ അഷിതയെ കണ്ട് പഠിക്കേണ്ടതുണ്ട്. വാക്കുകളില്‍, എഴുത്തില്‍ പ്രപഞ്ചത്തെ ഒരു മധുരനാരങ്ങ പോലെ അടര്‍ത്തിക്കാട്ടിയ കഥാകാരി.

സ്മൃതിയിടങ്ങളില്‍ അഷിതയുടെ സാഹിത്യം കാലാതീതമായി നിലകൊള്ളും. പഴയ കാല്‍പ്പെട്ടിയിലെ ചെമ്പകപ്പൂസുഗന്ധമാണത് നോസ്റ്റാല്‍ജിയ - ഗൃഹാതുരത്വം. നിലാവിന്റെ ഒരു തുണ്ട്, ചിരിയുടെ പുലര്‍കാലസൂര്യന്‍, പുഴ രാകിയെടുത്ത വെള്ളാരം കല്ലുകള്‍, ഭൂമിയുടെ ഹരിതവര്‍ണ്ണമാര്‍ന്നൊരു പര്‍ണ്ണശാല. സ്വയമവസാനിപ്പിക്കാനൊരുങ്ങിയ കൗമാരം കടന്ന് സംഘര്‍ഷങ്ങളുടെ മദ്ധ്യാഹ്നച്ചൂടേറ്റ് തളര്‍ന്നൊരു നാള്‍ മരിക്കാനിറങ്ങിയ ഓളങ്ങളില്‍ മകള്‍ മീനിനെ കണ്ടാകാം മീമി എന്ന് പറഞ്ഞത് കേട്ട് ജീവിതത്തിലേയ്ക്ക് തിരിച്ച് നടന്ന യോഗിനിക്കാലങ്ങള്‍, സംഘര്‍ഷങ്ങളുടെ സങ്കീര്‍ണ്ണതയില്‍ നിന്നൊടുവിലെത്തുന്ന നിസ്സംഗതയാവാം വിസ്‌ഫോടനങ്ങള്‍ക്കിടയിലും മഞ്ഞുതണുപ്പാര്‍ന്ന അഷിതമൗനത്തിന്റെ ആരൂഢം..

ലെബനീസ് കവിയും ദാര്‍ശനികനും ചിത്രകാരനുമായിരുന്ന ഖലീല്‍ ജിബ്രാന്‍ പറഞ്ഞതെത്രയോ ശരി. Out of suffering have emerged the strongest osuls; the most massive characters are seared with scars.

ജീവിതത്തിന്റെ ദു:ഖയോഗകാലങ്ങളെ 'ഒരു ടീസ്പൂണ്‍ സ്‌നേഹവും, സ്വപ്നങ്ങളുടെ രണ്ടച്ചും, ഹാ! ജീവിതം എത്ര ഉന്മേഷഭരിതം' , ' ചില ദിവസങ്ങള്‍ ആര്‍ത്ത് വിളിച്ച് പൂക്കുന്നു ചിലവ മൂകമായി കൊഴിഞ്ഞു വീഴുന്നു ജീവിതത്തിനും ഋതു സഹജം, എന്നീ ഹൈക്കുകളിലൂടെ ഒടുവില്‍ ദൈവത്തിന് ഒരു പ്രണയലേഖനമെഴുതുന്നു അഷിത. 'മൃദുവായും നിശ്ശബ്ദമായും ഒരു പ്രാവ് പോല്‍ പറന്നിറങ്ങി ഞാന്‍ നിന്നില്‍ കൂടണയുന്നു..''

പ്രിയപ്പെട്ട കഥാപ്രപഞ്ചമേ! അവിടെയിരുന്നും നക്ഷത്രശരറാന്തല്‍ തെളിവില്‍ നിലാവിന്റെ ഒരിതളടര്‍ത്തി, പറന്ന് പോകുന്ന കിളികളുടെ സ്വര്‍ണ്ണചിറകില്‍ സ്വപ്നങ്ങള്‍ നെയ്ത് എഴുതിയാലും...

അഷിതയുടെ ഏകാന്തവും വിഭിന്നവുമായ പ്രപഞ്ചത്തിനായി ഒരു കവിത സമര്‍പ്പിക്കുന്നു

അഷിതയുടെ ആകാശത്തിനും ഭൂമിയ്ക്കും

ഏത് യാത്രാമൊഴിക്കുള്ളിലാണ് നാം

തൂവലൊന്നിനെ യാത്രയാക്കുന്നത്

ഏത് പൂവിന്റെയുള്ളിലായാണ് നാം

മേഘസ്‌ഫോടനം കാണാനിരുന്നത്

ഭസ്മഗന്ധം തിരഞ്ഞു പോകുന്നൊരു

കൊച്ചു കാറ്റിന്റെ മന്ത്രസ്വരങ്ങളില്‍

അമ്പലപ്രാവ് കൂടുകൂട്ടും മുടി-

ത്തുമ്പിലെ ശുഭ്രഭൂമിയില്‍ നിന്നുമോ

ചിന്തകള്‍ പൂത്തുലഞ്ഞതും സായാഹ്ന

സന്ധ്യകള്‍ കഥാശേഷം തിരഞ്ഞതും

നീള്‍നിഴലിന്നിരുണ്ട കാലങ്ങളില്‍

പാതിരാവിന്‍ പരാജയ ഭീതിയില്‍

ഓര്‍മ്മകള്‍ മറന്നേതോ ദിശാന്തര-

ക്കൂട് തേടിയ ദേശാടനങ്ങളില്‍

കണ്ണുനീര്‍പ്പുഴയ്‌ക്കോരോവഴിയിലും

കണ്ടിരിക്കാം വിലാപസ്വരങ്ങളെ

ഓര്‍മ്മകള്‍ അതേ ഏകാന്തമാകുന്ന

മേഘയാത്രകള്‍ മായികക്കാഴ്ച്ചകള്‍

മഞ്ഞുപോലെ തണുത്ത മുഖം, നിലാ-

ചില്ലയില്‍ പൂത്തുലഞ്ഞ നക്ഷത്രങ്ങള്‍

യാത്രപോകുമരങ്ങിലായ് തൂവിയ

വാക്കുകള്‍ നൃത്തമാടുന്ന ഭൂമിക...

അക്ഷരങ്ങളില്‍ മൃദുവായ, ഗൂഢമായ ഇലയനക്കങ്ങള്‍ തേടിയ അഷിതയുടെ കഥയിലുണര്‍ന്ന കല്പനാകാശങ്ങള്‍, ഭൂമിയുടെ ചെറിയ തളിര്‍ സ്പര്‍ശങ്ങള്‍, അഷിത പറയും പോലെ നര്‍ത്തകന്‍ അരങ്ങൊഴിയുകയാണ്, കഥയുടെ നൃത്തം മാത്രം അവശേഷിക്കുന്നു
ആള്‍ക്കൂട്ടത്തില്‍ തനിയെ.. അഷിതയുടെ ആകാശത്തിനും ഭൂമിയ്ക്കും (രമ പ്രസന്ന പിഷാരടി)
Join WhatsApp News
Rajagopal 2019-04-10 07:31:46
ലേഖനം കവിത പോലെ മനോഹരമായിട്ടുണ്ട്.താങ്കളുടെ ഗദ്യം വളരെ ഉയർന്ന നിലവാരത്തിലുള്ളതാണ്. അത് പറയാതെ വയ്യ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക