Image

ലീഗിന്റെ ഭീഷണി വേണ്ട, അലിയുടെ ജോലി മാലിന്യനീക്കം: മുരളീധരന്‍

Published on 22 April, 2012
ലീഗിന്റെ ഭീഷണി വേണ്ട, അലിയുടെ ജോലി മാലിന്യനീക്കം: മുരളീധരന്‍
തിരുവനന്തപുരം: മുസ്‌ലീം ലീഗ്‌ കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്നും ഒരുകാലത്ത്‌ യു.ഡി.എഫ്‌ വിട്ടുപോയ ലീഗിനെ ഇടതുമുന്നണി പുറന്തള്ളിപ്പോള്‍ തിരിച്ചുവന്നവരുമാണെന്നും കാണ്‍ഗ്രസ്‌ നേതാവ്‌ കെ. മുരളീധരന്‍ ആരോപിച്ചു. അതുകൊണ്ടു ഭീഷണിപ്പെടുത്തേണ്ടകാര്യമില്ല. മാലിന്യം നീക്കുന്ന ജോലി തന്നെയാണ്‌ അഞ്ചാം മന്ത്രിക്കുള്ളത്‌. അലി അത്‌ ചെയ്‌തില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ പടരുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്‌ വിട്ടുവീഴ്‌ച ചെയ്‌തതുകൊണ്ടാണ്‌ ലീഗിന്‌ അഞ്ചാം മന്ത്രി അടക്കം പലതും കിട്ടിയത്‌. പരസ്യപ്രസ്‌താവന നിര്‍ത്തണമെങ്കില്‍ ലീഗ്‌ അത്‌ ആദ്യം നിര്‍ത്തണം. കോണ്‍ഗ്രസ്‌ മാത്രം ത്യാഗം ചെയ്യണമെന്ന നിലപാട്‌ ഇനി നടക്കില്ല. പരസ്യപ്രതികരണം നടത്തരുതെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്‌ രണ്ട്‌ ദിവസം ആത്മസംയമനം പാലിച്ചു. ആര്യാടനേയും തന്നേയും പേരെടുത്ത്‌ മുദ്രാവാക്യം വിളിച്ച്‌ ആക്ഷേപിച്ചതുകൊണ്ടാണ്‌ താന്‍ പ്രതികരിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.

ഇതിനിടെ യു.ഡി.എഫില്‍ ഏറ്റവും കൂടുതല്‍ വിട്ടുവീഴ്‌ച ചെയ്യുന്നത്‌ കോണ്‍ഗ്രസ്സാണെന്നും ലീഗിനെ പരസ്യപ്രസ്‌താവനയിലൂടെ ഒരു കോണ്‍ഗ്രസ്‌ നേതാക്കളും വ്രണപ്പെടുത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ എം.എം. ഹസന്‍ പറഞ്ഞു. ആര്യാടനെതിരെ ഫളക്‌സ്‌ ബോര്‍ഡുകള്‍ പതിച്ചത്‌ ഒട്ടും ശരിയായില്ല. ആത്മാഭിമാനം പണയപ്പെടുത്തി മുന്നണിയില്‍ തുടരുവാന്‍ കോണ്‍ഗ്രസ്സിനും ആഗ്രഹമില്ലെന്നും അദ്ദേബം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക