Image

പിസി ജോര്‍ജ്ജിന്‍റെ ബിജെപി സഖ്യം അംഗീകരിക്കാനാവില്ല; ജനപക്ഷം പാര്‍ട്ടി വീണ്ടും പിളര്‍ന്നു

Published on 11 April, 2019
പിസി ജോര്‍ജ്ജിന്‍റെ ബിജെപി സഖ്യം അംഗീകരിക്കാനാവില്ല; ജനപക്ഷം പാര്‍ട്ടി വീണ്ടും പിളര്‍ന്നു

പത്തനംതിട്ട: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിന്‍റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പാര്‍ട്ടി ഇന്നലെയായിരുന്നു ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ ചേര്‍ന്നത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളക്കൊപ്പം പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ എത്തിയാണ് പി സി ജോര്‍ജ് എന്‍ഡിഎ പ്രവേശനം പ്രഖ്യാപിച്ചത്.


പിസി ജോര്‍ജ്ജിന്‍റെ പാര്‍ട്ടി പ്രവേശനം പത്തനംതിട്ടയില്‍ മത്സരിക്കുന്ന കെ സുരേന്ദ്രന് വളരെയേറെ ഗുണംചെയ്യുമെന്നാണ് ബിജെപിയുടെ കണക്ക്കൂട്ടല്‍. അതേസമയം പിസി ജോര്‍ജ്ജിന്‍റെ ബിജെപി ബന്ധത്തില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണ്.പൂഞ്ഞാറില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച പിസി ജോര്‍ജ്ജ് നേരത്തെ ശബരിമല വിഷയത്തില്‍ ബിജെപിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. സ്ത്രീകള്‍ ശബരിമലയില്‍ കയറരുതെന്ന നിലപാടിന് പിന്തുണ അറിയിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാലിനൊപ്പം കറുത്ത വസ്ത്രം ധരിച്ച് നിയമസഭയിലെത്തുകയും ചെയ്തു.ഇതിന് പിന്നാലെ ബിജെപിയുമായി ഇടഞ്ഞ പിസി ജോര്‍ജ്ജ് യുഡിഎഫിലേക്ക് പ്രവേശിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി. എന്നാല്‍ മുന്നണി പ്രവേശനം ആവശ്യപ്പെട്ട് പിസി ജോര്‍ജ്ജ് നല്‍കിയ കത്ത് പോലും പരിഗണിക്കേണ്ടതില്ലെന്നായിരുന്നു യുഡിഎഫ് നിലപാട്.ഇതോടെ പത്തനംതിട്ടയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നായി പിസി ജോര്‍ജ്ജ്. ഇരുമുന്നണികളോടും ഇടഞ്ഞ് നില്‍ക്കുന്ന പിസി ജോര്‍ജ്ജിനെ മുന്നണിയിലെത്തിക്കാനുള്ള നീക്കം ഇതിനിടയില്‍ ബിജെപി സജീവമാക്കിയിരുന്നു.ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പിസി ജോര്‍ജ്ജിനെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെ ബിജെപിയുമായി സഹകരിക്കാന്‍ പിസി ജോര്‍ജ്ജ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ബിജെപി ബന്ധത്തിന്‍റെ പേരില്‍ വലിയ പ്രതിഷേധമാണ് പിസി ജോര്‍ജ്ജിനെതിരെ പാര്‍ട്ടിയില്‍ ഉയര്‍ന്നത്.പ്രതിഷേധം കേരള ജനപക്ഷത്തെ മറ്റൊരു പിളര്‍പ്പിലേക്ക് നയിക്കുകയും ചെയ്തു. പാര്‍ട്ടി സംസ്ഥാന കമ്മറിയംഗവം കൊല്ലം ജില്ലാ പ്രസിഡന്റുമായ രവി മൈനാഗപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്.


നേരത്തെ കേരളകോണ്‍ഗ്രസിലും ജനപക്ഷത്തും പി.സി ജോര്‍ജിനൊപ്പം നിലയുറപ്പിച്ചവരാണ് ജോര്‍ജ്ജിന്‍റെ ബിജെപി ബന്ധത്തില്‍ ഒത്തുപോകാനാകാതെ സംഘടനയില്‍ നിന്നും ഒഴിയുന്നത്. കൊല്ലം ജില്ലാ കമ്മിറ്റി ഒന്നടങ്കമാണ് ജനപക്ഷം വിടുന്നത്.ഇതുസംബന്ധിച്ച വൈകാതെ കൊല്ലത്ത് പ്രഖ്യാപനമുണ്ടാകും. യുഡിഎഫ് നേതാക്കള്‍ പിന്തുണ അഭ്യര്‍ഥിച്ചതായും ഈ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വിഭാഗം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനെ പിന്തുണക്കുമെന്നും രവി മൈനാഗപ്പള്ളി വ്യക്തമാക്കി.സുരേന്ദ്രനെ പിന്തുണക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പൂഞ്ഞാറില്‍ നിന്നും കഴിഞ്ഞ ദിവസം ജനപക്ഷം പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് കൂട്ടമായി രാജി വെച്ചിരുന്നു. അറുപത് പേരായിരുന്നു പാര്‍ട്ടി വിട്ട് സിപിഎമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചത്.ജനപക്ഷം പൂഞ്ഞാര്‍ മണ്ഡലം പ്രസിഡണ്ട് പിഡി ജോണിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. മുണ്ടക്കയം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെജെ തോമസിന്റെ നേതൃത്വത്തില്‍ ജനപക്ഷം വിട്ട് വന്ന പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക