Image

കോണ്‍ഗ്രസ് മണ്ഡലത്തില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിച്ച് സിപിഎം, ഹൈബി ഉറച്ച വിശ്വാസത്തില്‍ തന്നെ (അജീഷ് ചന്ദ്രന്‍)

Ajish Chandran Published on 12 April, 2019
കോണ്‍ഗ്രസ് മണ്ഡലത്തില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിച്ച് സിപിഎം, ഹൈബി ഉറച്ച വിശ്വാസത്തില്‍ തന്നെ (അജീഷ് ചന്ദ്രന്‍)
ലോക്‌സഭാ മണ്ഡലങ്ങളിലൂടെ-8
(തെരഞ്ഞെടുപ്പ് അവലോകനം- എറണാകുളം)

എറണാകുളം മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഉറച്ച വിശ്വാസത്തിലാണ്. എന്തു കൊണ്ടും ചരിത്രം പരിശോധിച്ചാല്‍ കൈപ്പത്തിക്ക് മറിച്ചു ചിന്തിക്കേണ്ടതുമില്ല. അതു തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ മുഖത്ത് സദാ പുഞ്ചിരി വിടരുന്നതിന്റെ കാരണവും. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരും മുന്‍പേ, രണ്ടു തവണ ഹാട്രിക്ക് അടിക്കാമെന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു കെ.വി. തോമസ്. എന്നാല്‍, ഹൈക്കമാന്‍ഡിന്റെ തീരുമാനം വന്നപ്പോള്‍ എംഎല്‍എ ഹൈബി ഈഡനായി സീറ്റ്. അഞ്ച് തവണ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത കെ.വി. തോമസില്‍ നിന്നും സീറ്റ് പിടിച്ചെടുത്ത ഹൈബി വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. 

എക്കാലവും കോണ്‍ഗ്രസിനെ ചേര്‍ത്തു പിടിക്കാന്‍ ആഗ്രഹിച്ച മണ്ഡലമാണ് എറണാകുളം ലോക്‌സഭാ മണ്ഡലം. സിപിഎം ടിക്കറ്റില്‍ ഇവിടെ നിന്നും ജയിച്ചു കയറാന്‍ കഴിഞ്ഞത് 1967-ല്‍ വി.വി. മേനോനു മാത്രം. അതിനു ശേഷം 1996-ല്‍ കോണ്‍ഗ്രസുകാരനായിരുന്ന സേവ്യര്‍ അറക്കല്‍ വിമതനായി മത്സരിച്ചപ്പോള്‍ എല്‍ഡിഎഫ് പിന്തുണയോടെ വിജയിക്കുന്നതു വരെ ഇടതുപക്ഷത്തിനു കാത്തിരിക്കേണ്ടി വന്നു. പിന്നീടു സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യന്‍ പോളിന് ഇടതുപക്ഷം പിന്തുണ നല്‍കിയപ്പോള്‍ അദ്ദേഹവും പാര്‍ലമെന്റിലെത്തി. 1997, 2003-ല്‍ എന്നീ വര്‍ഷങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും 2004-ലെ പൊതു തെരഞ്ഞെടുപ്പിലും സെബാസ്റ്റ്യന്‍ പോള്‍ ഇവിടെ നിന്നു ജയിച്ചു കയറി. എന്നാല്‍ പിന്നീടൊന്നും സംഭവിച്ചില്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കു മത്സരിച്ചു ജയിക്കാന്‍ കഴിയാത്ത മണ്ഡലമെന്ന പേരു ദോഷം മാറ്റാനാണ് ഇത്തവണ സിപിഎമ്മിന്റെ പി.രാജീവിന്റെ ശ്രമം.

2009-ല്‍ സിന്ധു ജോയിയെ 11790 വോട്ടുകള്‍ക്കാണ് കെ.വി. തോമസ് തോല്‍പ്പിച്ചത്. കഴിഞ്ഞ തവണയാവട്ടെ തോമസ് മാഷ് ജയിച്ചു കയറിയത് 87047 വോട്ടിന്. സ്വതന്ത്രനായി എത്തിയ ക്രിസ്റ്റി ഫെര്‍ണാണ്ടസിന് ഇടതുപക്ഷം പിന്തുണ നല്‍കിയെങ്കിലും മുതലാക്കാനായില്ല. ബിജെപിയുടെ എ.എന്‍. രാധാകൃഷ്ണന്‍ 99,003 വോട്ടുകള്‍ പിടിച്ച മണ്ഡലമാണിത്. ഇത്തവണ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ അനിത പ്രതാപ് എഎപിക്കു വേണ്ടി 51517 വോട്ടുകള്‍ പിടിച്ചത് ഇത്തവണ എങ്ങോട്ടു പോകുമെന്നതിനെ ആശ്രയിച്ചാവും ബിജെപിയുടെ വോട്ട് വിഹിതം നിര്‍ണയിക്കുക.

പറവൂര്‍, വൈപ്പിന്‍, എറണാകുളം, കൊച്ചി, തൃപ്പൂണിത്തുറ, തൃക്കാക്കര, കളമേശി നിയമസഭാമണ്ഡലങ്ങള്‍ ചേര്‍ന്ന എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ചെങ്കൊടി പാറിക്കണമെങ്കില്‍ നന്നായി തന്നെ വിയര്‍പ്പൊഴുക്കണമെന്നു പി. രാജീവിന് അറിയാം. ഏഴു നിയമസഭാ മണ്ഡലത്തില്‍ ഒരിടത്തു പോലും വിജയിക്കാന്‍ കഴിയാത്തതിന്റെ ക്ഷീണം പാര്‍ട്ടിക്ക് നന്നായിട്ടുണ്ട്. അതു കൊണ്ടു തന്നെ വികസനത്തിന്റെ പേരിലോ, രാഷ്ട്രീയ പ്രബുദ്ധതയുടെ പേരിലോ ഒന്നും വോട്ടു ചോദിക്കാന്‍ പറ്റാത്തതിന്റെ വലിയ പ്രതിസന്ധിയും പാര്‍ട്ടി നേരിടുന്നു. അതേസമയം, എറണാകുളം നിയമസഭാ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ കൂടിയാണ് ഹൈബി ഈഡന്‍. എങ്ങനെ വോട്ടര്‍മാരെ സ്വാധീനിക്കണമെന്നും രാഷ്ട്രീയ കരുക്കള്‍ നീക്കണമെന്നു ഹൈബിക്ക് നന്നായറിയാം. ആ നിലയ്ക്ക് മറ്റ് അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ പി. രാജീവിന് കാര്യമായ ഗുണങ്ങള്‍ മണ്ഡലത്തില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നു രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു.

-അജീഷ് ചന്ദ്രന്‍
Adhi.thanku@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക