Image

വേണ്‍ട്രാ, അവളെ വേണ്‍ട്രാ (നര്‍മ്മം: സാം നിലമ്പള്ളില്‍)

Published on 12 April, 2019
വേണ്‍ട്രാ, അവളെ വേണ്‍ട്രാ (നര്‍മ്മം: സാം നിലമ്പള്ളില്‍)
പെണ്‍കുട്ടികളെ പച്ചക്കുകത്തിക്കാന്‍ പെട്രോളും മണ്ണെണ്ണയുമായി നടക്കുന്ന പ്രേമരോഗികളോടാണ് പറയാനുള്ളത്. വെറുതെ എന്തിനാടാ ജീവിതത്തിന്റെ കല്ലൊരുകാലം ജയിലില്‍കിടന്ന് വൃഥാവിലാക്കുന്നത്. ഇമ്മിണി പ്രേമമൊക്കെ കൗമാരകാലത്തും യൗവ്വനത്തിന്റെ ആരംഭത്തിലും നല്ലതുതന്നെ. ജീവിതത്തിന് ഒരുകുളിര്‍മയും തരളിതയുമൊക്കെ നല്‍കുന്നതാണ് പ്രേമം. കാമിനിയെ വിവാഹംചെയ്യാനും അവള്‍ക്കൊരു ജീവിതംനല്‍കാനുംവേണ്ടി നല്ലൊരുജോലി സമ്പാദിക്കണമെന്ന ഉദ്ദേശത്തോടെ പഠിച്ച് ഡിഗ്രികരസ്തമാക്കാന്‍ അതുപ്രേരിപ്പിക്കും. അവളെ കിട്ടിയില്ലെങ്കിലും ഒരു ഡിഗ്രിയും ജോലിയും നേടിയല്ലോയെന്ന് സമാധാനിക്കാം. അതിന്റെ സഹായത്തോടെ വേറൊരു നല്ലപെണ്ണിനെ വിവഹംചെയ്ത് സുഹമായി ജീവിക്കുമ്പോള്‍ പഴയ പ്രണയകാല ഓര്‍മ്മകള്‍ അയവിറക്കി ഇടക്കെങ്കിലും പുഞ്ചിരിതൂകാം. എന്താനാണ് വെറുതെയിരുന്ന് ചിരിക്കുന്നതെന്ന് ചോദിക്കുന്ന ഭാര്യയോട് ഓഫീസിലെ ഓരോ കാര്യങ്ങളോര്‍ത്തതാണെന്നുപറഞ്ഞ് തല്‍കാലം തടിതപ്പാം. വട്ടായി പോയെന്നാ തോന്നുന്നതെന്നുപറഞ്ഞ് സംശയത്തോടെ നോക്കിക്കൊണ്ട് അടുക്കളയിലേക്കുപോകുന്ന ഭാര്യയോട് സഹതപിക്കയും ചെയ്യാം.

പ്രേമിച്ച പെണ്‍കുട്ടിയെ കിട്ടാത്തതിലുള്ള നൈരാശ്യംകൊണ്ട് അവളെ കുത്തിക്കൊല്ലുകയും പെട്രോളൊഴിച്ച് കത്തിക്കയും ചെയ്ത സംഭവങ്ങള്‍ അടുത്തിടെ തിരുവല്ലയിലും തൃശ്ശൂരും അരങ്ങേറുകയുണ്ടായി. ഇതൊക്കെ പണ്ട് തമിഴ്‌നാട്ടിലും മറ്റുമാണ് സംഭവിച്ചിരുന്നത്. ഇപ്പോള്‍ കേരള നൈരാശ്യക്കാരും അണ്ണന്മാരെ അനുകരിച്ചുതുടങ്ങി. നീയൊക്കെ പ്രേമം എന്ന സിനിമ ഒന്നുകണ്ടുനോക്ക്. ഇതിലെ നായകന്‍ ആദ്യം ഒരു പെണ്ണിന്റെ പിന്നാലെ നടന്നു. അവള്‍ വേറൊരുത്തന്റെകൂടെ പോയപ്പോള്‍ അവന്റെകൂട്ടുകാര്‍ പറഞ്ഞു. വേണ്ടടാ അവളെ നിനക്കുവേണ്‍ട്രാ. അവന്‍ കുറെനാള് താടിയും വളര്‍ത്തി നിരാശനായി നടന്നു. പിന്നീട് കോളജിലായപ്പോള്‍ ഒരു ടീച്ചറെത്തന്നെ പ്രേമിച്ചു. ടീച്ചറ് അവരുടെ കാമുകന്റെകൂടെ പോയപ്പോള്‍ പിന്നെയും പാട്ടുംപാടി നടന്ന് അവസാനം ജീവിക്കാന്‍ തീരുമാനിച്ച് ഒരു റെസ്റ്റോറന്റ് തുടങ്ങി. ഇനിയൊരു കല്ല്യാണമൊക്കെ കഴിക്കാമെന്ന് തീരുമാനിച്ചപ്പോളാണ് ആദ്യത്തെ കാമുകിയുടെ അനുജത്തി അവന്റെ കടയില്‍ കേക്കുവാങ്ങാന്‍ വരുന്നത്. അവളെ കല്യാണംകഴിച്ച് സുഹമായി ജീവിക്കുന്നതോടെ കഥ ശുഭപര്യവസായി.

പെട്രോള്‍ ആസിഡ് വദഗ്ധന്മാരോട് പറയാനുള്ളത്. എടാ, ലോകത്തില്‍ ഒരുപെണ്ണുമാത്രമല്ല ഉള്ളത്. ഒരുത്തിയെ കിട്ടിയില്ലെങ്കില്‍ വേറൊരുത്തിയെ പ്രേമിക്കുക. അവളേയും കിട്ടിയില്ലെങ്കില്‍ മറ്റൊരുത്തിയെ. ഇങ്ങനെ തുടര്‍ച്ചയായി പ്രേമിച്ചുകൊണ്ടിരിക്കണം. അവളുംപോയാല്‍ തമിഴന്മാര് പറയുന്നതുപോലെ പോനാല്‍ പോകട്ടും പോടാ എന്നതായിരിക്കണം നിന്റെ മുദ്രാവാക്യം. അവസാനം നിനക്കുവേണ്ടി കാത്തിരിക്കുന്ന പെണ്ണിനെ കണ്ടുമുട്ടും.നിന്റെ പ്രേമാഭ്യര്‍ഥന നിരസിച്ചവള്‍ ഒരു കള്ളുകുടിയനെ കല്യാണംകഴിച്ച് എളിയില്‍ ഒരുകൊച്ചിനേമെടുത്ത് അതിന്റെ മൂത്തതിന്റെ കയ്യുംപിടിച്ച് ‘ര്‍ത്താവെന്ന കിഴങ്ങന്റെപിന്നാലെ പോകുന്ന കാഴ്ചകണ്ട് നിനക്ക് ചിരിക്കാം. നിനക്ക് ഇങ്ങനെതന്നെ വരണമെടി എന്ന് മനസാലെ പറയാം.

ഇന്ന് മാന്യന്മാരായി നടക്കുന്ന ഞങ്ങള്‍ വയസന്മാര്‍ക്കും പ്രേമപ്പനി പിടിച്ചിട്ടുള്ള ഒരു കലമുണ്ടായിരുന്നു. അന്നൊക്കെ ഞങ്ങള്‍ മാനസമൈനേ വരൂ, മധുരംനുള്ളി തരൂ എന്ന പാട്ടുപാടി നടന്നിരുന്നു. അവള്‍ക്കുകൊടുക്കാന്‍ എഴുതിയ പ്രേമലേഖനങ്ങള്‍ പിന്നീട് അക്ഷരത്തെറ്റില്ലാതെ മലയാളം എഴുതാന്‍ ഞങ്ങളെ സഹായിച്ചു. അങ്ങനെ ഞങ്ങളില്‍ ചിലരൊക്കെ നല്ല കവികളും കഥയെഴുത്തുകാരുമായി മാറി. അന്നൊക്കെ ജീവതം തേന്‍പോലെ മധുരമുള്ളതായിരുന്നു. പ്രേമം നിരസിച്ച പെണ്ണിനെ കുത്താനോ കത്തിക്കാനോ ആരും അന്ന് തയ്യാറായിരുന്നില്ല. പണ്ടൊരു കുറക്കച്ചാര് പറഞ്ഞതുപോലെ മുന്തിരിങ്ങ പുളിക്കുമെന്ന യൂണിവേഴ്‌സല്‍ ട്രൂത്ത് കണ്ടെത്തി സമാധാനിച്ചിരുന്നു.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക