Image

ചാലക്കുടിയിലെ കൈപ്പത്തി സ്വാധീനം ബെന്നിക്ക് തുണയായേക്കും, ഇന്നസെന്റ് വിയര്‍ക്കുന്നു (അജീഷ് ചന്ദ്രന്‍)

Ajish Chandran Published on 13 April, 2019
ചാലക്കുടിയിലെ കൈപ്പത്തി സ്വാധീനം ബെന്നിക്ക് തുണയായേക്കും, ഇന്നസെന്റ് വിയര്‍ക്കുന്നു (അജീഷ് ചന്ദ്രന്‍)
ലോക്‌സഭാ മണ്ഡലങ്ങളിലൂടെ-9
(തെരഞ്ഞെടുപ്പ് അവലോകനം- ചാലക്കുടി)

ചാലക്കുടി ലോക്‌സഭാ മണ്ഡലം രൂപീകൃതമായിട്ട് ഇതു മൂന്നാം തവണയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്‍പ് ഇതു മുകുന്ദപുരം ലോക്‌സഭ മണ്ഡലമായിരുന്നു. തൃശൂര്‍, എറണാകുളം മണ്ഡലങ്ങളിലായാണ് ചാലക്കുടി കിടക്കുന്നത്. കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍ (തൃശൂര്‍ ജില്ല), പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് (എറണാകുളം ജില്ല) എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്ന ഇടം. സിറ്റിങ് എംപി ഇന്നസെന്റാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ബെന്നി ബഹനാന്‍ യുഡിഎഫിനെയും എ.എന്‍.രാധാകൃഷ്ണന്‍ ബിജെപിയേയും പ്രതിനിധീകരിക്കുന്നു.


മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ കെ.പി. ധനപാലന്‍ 2009-ല്‍ ഡല്‍ഹിയിലെത്തി. ആ ചുവടു പിടിച്ച് കഴിഞ്ഞ തവണ കോണ്‍ഗ്രസ് പ്രമുഖന്‍ പി.സി. ചാക്കോ മത്സരിച്ചെങ്കിലും ഇടതു സ്വതന്ത്രനായി നിന്ന സിനിമാതാരം ഇന്നസെന്റാണ് മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറിയത്. ഇത്തവണ ചാക്കോയ്ക്ക് സീറ്റ് കിട്ടിയില്ല. പകരം ബെന്നി ബഹനാനെ പരീക്ഷിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. പ്രചാരണത്തിനിടെ ബെന്നിക്ക് ഹൃദായാഘാതമുണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നസെന്റാവട്ടെ, തനിക്കു മത്സരിക്കാന്‍ താത്പര്യമില്ലെന്നും മറ്റാരെയെങ്കിലും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിപിഎം സ്ഥാനാര്‍ത്ഥിയായി തന്നെ നിര്‍ത്തിയാണ് ഇടതു പാര്‍ട്ടി ഇത്തവണ ചാലക്കുടിയില്‍ ജനവിധി തേടുന്നത്. എറണാകുളത്തു നിന്നും ചാലക്കുടിയിലേക്കു ചുവടു മാറിയെത്തിയ എ.എന്‍.രാധാകൃഷ്ണന്‍ ബിജെപിയുടെ വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന അജണ്ടയാണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ തവണ ബിജെപിയുടെ ബി. ഗോപാലകൃഷ്ണന്‍ 92,848 വോട്ടു നേടിയ മണ്ഡലമാണിത്. 

ബിജെപി എന്നതു പോലെ തന്നെ എസ്ഡിപിഐയ്ക്കും സ്വാധീനമുള്ള മണ്ഡലമാണിത്. കഴിഞ്ഞ തവണ 14,386 വോട്ടുകള്‍ ഷഹീര്‍ മുഹമ്മദ് നേടിയപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ കെ.എം. നൂറുദ്ദീന്‍ 35,189 വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു. ഇത്തവണ എഎപി മത്സരരംഗത്തില്ലാത്തതിനാല്‍ ഈ വോട്ടുകള്‍ എങ്ങോട്ടു തിരിയുമെന്നതിനെ ആശ്രയിച്ചാവും ജയപരാജയങ്ങള്‍ നിര്‍ണയിക്കുക. കാരണം, ഇന്നസെന്റ് യുഡിഎഫിന്റെ പി.സി. ചാക്കോയെ തോല്‍പ്പിച്ചത് 13,884 വോട്ടുകള്‍ക്കായിരുന്നു. കോണ്‍ഗ്രസിന്റെ വോട്ടു വിഹിതത്തില്‍ 11.35 ശതമാനത്തിന്റെ കുറവാണ് ചാലക്കുടിയില്‍ സംഭവിച്ചത്. ആ വോട്ടുകള്‍ തിരികെ പിടിക്കാന്‍ കഴിഞ്ഞാല്‍ ഇന്നസെന്റിന്റെ രണ്ടാം വട്ടം എംപി എന്ന മോഹത്തിനു തിരിച്ചടിയാവുമെന്ന കാര്യത്തില്‍ സംശയമില്ല. നോട്ട നേടിയ 10,552 വോട്ടുകള്‍ കൂടി പരിഗണിക്കുമ്പോള്‍ ബെന്നിക്ക് കാര്യമായി പണിയെടുത്താല്‍ ഡല്‍ഹിയിലെത്താമെന്നു ചുരുക്കം.

മുകുന്ദപുരം ലോക്‌സഭാ മണ്ഡലമുണ്ടായിരുന്നപ്പോള്‍ പതിമൂന്നു തവണ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേട്ടമുണ്ടാക്കിയത് പത്തു തവണയാണ്. പനമ്പള്ളി ഗോവിന്ദമേനോന്‍ (1962, 67), എ.സി ജോര്‍ജ് (1971, 77), സാവിത്രി ലക്ഷ്മണന്‍ (1989, 91), പി.സി. ചാക്കോ (1996), എ.സി. ജോസ് (1998), കെ. കരുണാകരന്‍ (1999) എന്നീ പ്രമുഖര്‍ വിജയിച്ചു കയറിയ മണ്ഡലം. ഇപ്പോള്‍ ചാലക്കുടി മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലത്തില്‍ തൃശൂര്‍ ജില്ലയിലുള്‍പ്പെട്ട മൂന്നെണ്ണം എല്‍ഡിഎഫും എറണാകുളം ജില്ലയിലെ നാലെണ്ണം യുഡിഎഫും ജയിച്ചു കയറിയ ഇടമാണിത്. അതു കൊണ്ടു തന്നെ മണ്ഡലത്തില്‍ നല്ലൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണെങ്കില്‍ വിജയം തങ്ങള്‍ക്കൊപ്പമാണെന്ന് യുഡിഎഫ് അനുമാനിക്കുന്നു. 

പി.സി. ചാക്കോയോടു കാര്യമായ പ്രതിപത്തി പ്രാദേശിക കോണ്‍ഗ്രസുകാര്‍ക്കിടയില്‍ പോലും ഇല്ലാതിരുന്നതാണ് കഴിഞ്ഞ തവണ യുഡിഎഫ് തോല്‍വിക്കു കാരണമായതെന്നു വിലയിരുത്തിയാണ് ഇത്തവണ അദ്ദേഹത്തിനു സീറ്റ് നിഷേധിച്ചത്. ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്രനെന്ന ലേബലും യുഡിഎഫിനു പോലും അപ്രിയനായ, ഡല്‍ഹിയില്‍ നിന്നും കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെന്ന ഇമേജ് ഉണ്ടായിരുന്ന പി.സി. ചാക്കോയോടുള്ള അതൃപ്തിയും വിധി നിര്‍ണയിച്ച മണ്ഡലത്തില്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമായിരിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ യുഡിഎഫ് കണ്‍വീനര്‍ കൂടിയായ ബെന്നി ബഹനാന് തിരിഞ്ഞു നോക്കേണ്ടി വന്നേക്കില്ല.

-അജീഷ് ചന്ദ്രന്‍
adhi.thanku@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക