Image

തരൂരിന്റെ പരാതി ഫലിച്ചു, തിരുവനന്തപുരത്ത് എ.ഐ.സി.സിയുടെ പ്രത്യേക നിരീക്ഷകന്‍ : വോട്ടുമറിച്ചാല്‍ പണിപാളും

Published on 13 April, 2019
തരൂരിന്റെ പരാതി ഫലിച്ചു, തിരുവനന്തപുരത്ത് എ.ഐ.സി.സിയുടെ പ്രത്യേക നിരീക്ഷകന്‍ : വോട്ടുമറിച്ചാല്‍ പണിപാളും

തിരുവനന്തപുരം: പ്രചാരണത്തിന് പാര്‍ട്ടിക്കാരുടെ സഹകരണമില്ലെന്നും വോട്ടുമറിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ എ.ഐ.സി.സി പ്രത്യേക നിരീക്ഷകനെ നിയോഗിച്ചു. മണ്ഡലത്തിലെ പ്രചാരണങ്ങള്‍ നിരീക്ഷിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളയെയാണ് എ.ഐ.സി.സി നിയോഗിച്ചത്. ഇതിന് പുറമെ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വരും ദിവസങ്ങളില്‍ പ്രചാരണത്തില്‍ സജീവമാകുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് കുറഞ്ഞാല്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിശദീകരിച്ചു.

തിരുവനന്തപുരത്തെ പ്രചാരണത്തിന് മുതിര്‍ന്ന നേതാക്കള്‍ എത്തുന്നില്ലെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നില്ലെന്നുമാണ് ശശി തരൂരുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ ആരോപണം. ഇതുസംബന്ധിച്ച്‌ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയെന്ന് വിവരമുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം നല്‍കാന്‍ ആരും തയ്യാറല്ല. ഇത്തരം ആരോപണങ്ങള്‍ നിലനില്‍ക്കേയാണ് മുതിര്‍ന്ന നേതാക്കള്‍ സഹകരിക്കുന്നില്ലെന്ന് കാട്ടി ഡി.സി.സി സെക്രട്ടറി ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്. തരൂരിനെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്ന് തരൂരുമായി ബന്ധപ്പെട്ട വൃത്തങ്ങളും ആരോപിക്കുന്നുണ്ട്. ഇതിന് പിന്നാലെ തന്റെ പേരില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതായി ആരോപിച്ച്‌ തരൂരിന്റെ പ്രചാരണ സമിതി അദ്ധ്യക്ഷന്‍ വി.എസ്.ശിവകുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും തരൂര്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നുമാണ് ഡി.സി.സി പ്രസിഡന്റ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

ഇതിന് പുറമെ പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തില്‍ വീഴ്ചയുണ്ടെന്ന പരാതിയിലും ഹൈക്കമാന്‍ഡ് ഇടപെടലുണ്ടാകും. മണ്ഡലത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങളുണ്ടെന്ന തരത്തിലുള്ള പ്രചാരണത്തിന് പിന്നില്‍ പാര്‍ട്ടിയിലെ തന്നെ ചില സീറ്റ് മോഹികളാണെന്നാണ് നേതാക്കളുടെ വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക