Image

പത്രവിതരണക്കാരന്റെ വയറ്റത്തടിച്ച താരങ്ങളും മത നേതാക്കളും വായിക്കാന്‍

വി.ജി. തമ്പി Published on 21 April, 2012
പത്രവിതരണക്കാരന്റെ വയറ്റത്തടിച്ച താരങ്ങളും മത നേതാക്കളും വായിക്കാന്‍
വെളുപ്പാന്‍കാലത്ത്‌ പത്രം വായിക്കാത്ത മലയാളി ഒരു അശ്‌ളീലമാണെന്നാണ്‌ പറഞ്ഞുവന്നിരുന്നത്‌. എഴുന്നേറ്റാലുടന്‍ പത്രം വായിച്ചില്ലെങ്കില്‍ അയാളുടെ പ്രഭാതകൃത്യങ്ങളെല്ലാം അവതാളത്തിലാകും. പത്രം വായിക്കാനുള്ളതല്ല രസിക്കാനും രസിപ്പിക്കാനുള്ളതാണ്‌ എന്ന്‌ പത്രമുതലാളിക്കൊപ്പം വായനക്കാരനും പരസ്‌പം അംഗീകരിച്ചു കഴിഞ്ഞിട്ടുള്ളതാണ്‌. എന്നിട്ടും അനിവാര്യമായ ഒരു ദുശ്ശീലമായി പത്രം മലയാളിജീവിതത്തിന്റെ കൂടപ്പിറപ്പായി തുടരുന്നു. ഒരു പൊതുസമൂഹം വളര്‍ന്നുവരാനുള്ള സാഹചര്യങ്ങളും സാധ്യതകളും മായ്‌ച്ചുകളയുന്നു എന്നതാണ്‌ ഇപ്പോഴത്തെ കൊട്ടിഘോഷിക്കുന്ന പത്രധര്‍മ്മം. കക്ഷിരാഷ്ട്രീയക്കാര്‍ക്കും വര്‍ഗ്ഗീയകക്ഷികള്‍ക്കും മാര്‍ക്കറ്റിനും വീതം വെച്ചുകൊടുത്തിരിക്കുന്ന മലയാളിജീവിതത്തിന്റെ ആന്തരികശൈഥില്യങ്ങള്‍ക്ക്‌ പത്രം വലിയൊരു പങ്കുവഹിക്കുന്നുണ്ട്‌. പാര്‍ട്ടിപത്രങ്ങള്‍ക്കും സമുദായപത്രങ്ങള്‍ക്കും അപ്പുറത്തൊരു പത്രമുണ്ടെങ്കില്‍ കമ്പോള മുതലാളിത്തത്തിന്റെ കൂട്ടികൊടുപ്പുകാര്‍ നടത്തുന്ന പത്രമായിരിക്കും അത്‌. സ്ഥിതമൂല്യങ്ങളെ ആന്തരവല്‍ക്കരിക്കാനും പരുവപ്പെടുത്തുവാനും സ്‌ത്രീവിരുദ്ധതയിലേയ്‌ക്കും ഉപഭോഗാര്‍ത്തികളിലേയ്‌ക്കും ദുര്‍ന്നയിക്കുവാനുമാണ്‌ പത്രങ്ങളുടെ പരോക്ഷപരിശ്രമങ്ങള്‍ എന്ന്‌ തിരിച്ചറിയാന്‍ മാത്രം മലയാളിജീവിതം പ്രബുദ്ധമാണ്‌. എന്നിട്ടും പത്രമില്ലാത്ത ഒരു പ്രഭാതം മലയാളിക്ക്‌ ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ല.

എന്നാല്‍ പെട്ടെന്നാണ്‌ വീട്ടുമുറ്റങ്ങളില്‍ പത്രം വന്നുവീഴാതായത്‌. പത്രവിരണക്കാരുടെ ഒരു മാസം പിന്നിട്ടിരിക്കുന്ന സമരത്തിന്റെ ആദ്യദിനങ്ങളില്‍ മലയാളി വല്ലാതെ കഷ്ടപ്പെട്ടു. പ്രഭാതകൃത്യങ്ങള്‍ നേരാംവണ്ണം നടക്കാതെ അങ്കലാപ്പിലായി. പക്ഷെ പതുക്കെയെങ്കിലും അവനൊരു തിരിച്ചറിവുണ്ടായി. പത്രവായനയില്ലെങ്കിലും ജീവിച്ചുപോകാമെന്ന്‌. വാര്‍ത്തകളറിയാമെന്ന്‌. വാര്‍ത്തകളറിഞ്ഞില്ലെങ്കിലും കുഴപ്പമൊന്നുമില്ലെന്ന്‌. വാര്‍ത്തകളറിയാന്‍ വേറെയും വഴികളുണ്ടെന്ന്‌. പത്രം വായിക്കാത്തപ്പോഴാണ്‌ മനസ്സ്‌ മലിനമാകാത്തതെന്നും അവനൊരു തിരിച്ചറിവ്‌ കിട്ടി.

എന്നാല്‍ പത്രങ്ങള്‍ വായനക്കാരെ എളുപ്പം കൈവിടുമോ? അറിയാനുള്ള സ്വാതന്ത്ര്യമാണ്‌ ഹനിക്കുന്നതെന്ന്‌ പറഞ്ഞുകൊണ്ട്‌ പത്രവിതരണക്കാരുടെ സമരത്തിനെതിരെ സാംസ്‌കാരികകേരളത്തെ സജ്ജരാക്കുവാന്‍ ശ്രമം നടത്തി. മതനേതാക്ക!ാരെയും രാഷ്ട്രീയനേതാക്ക!ാരെയും സിനിമാതാരങ്ങളെയും സാംസ്‌കാരികനായകരെയും അണിനിരത്തി സമരത്തെ പൊളിക്കാന്‍ വിതരണം അവരെക്കൊണ്ട്‌ നടത്തുവാനുള്ള ശ്രമം ഊര്‍ജിതമായി. പത്രമുതലാളി ഒരുക്കിക്കൊടുക്കുന്ന കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ എത്തി വിതരണം ചെയ്യാന്‍ ഇവരെയെല്ലാം കൊണ്ടുവന്നു നിര്‍ത്തി.

ഇത്തരമൊരു സമരവിരുദ്ധസമരം കേരളത്തില്‍ വ്യാപകമായി ഇതിനുമുമ്പ്‌ നടന്നിരിക്കുകയില്ല. പത്രവിതരണക്കാരുടെ പാവപ്പെട്ട ഒരു സമരത്തെ പൊളിക്കുവാന്‍ സിനിമാതാരങ്ങളും മതമേലധ്യക്ഷ!ാരും പാര്‍ട്ടിക്കാരും എല്ലാം ചേര്‍ന്ന്‌ കൈകോര്‍ത്ത സാംസ്‌കാരികപ്രബുദ്ധതയെ എങ്ങനെയാണ്‌ വിലയിരുത്തേണ്ടത്‌?

ഇവിടെ എത്രയോ സംഘടിതതൊഴിലാളികള്‍ സമരം ചെയ്യുന്നു. അധ്യാപകര്‍ സമരം ചെയ്‌താല്‍ ക്‌ളാസുമുറികളിലെത്തി പഠിപ്പിച്ചുകൊണ്ട്‌ സമരം പൊളിപ്പിക്കുവാന്‍ ഇറങ്ങി പുറപ്പെടുന്നവരുണ്ടാകുമോ? സമരങ്ങള്‍ക്കൊരു ജനാധിപത്യ മുഖമില്ലെ? അവകാശസമരങ്ങള്‍ക്കൊരു ജനാധിപത്യചരിത്രമില്ലെ? സമരത്തെ തുരത്തുന്നവരെ നാമെന്താണ്‌ ഇതുവരെയും വിളിച്ചുകൊണ്ടിരുന്നത്‌? സാംസ്‌കാരിക കേരളമാകെ കരിങ്കാലിപ്പണി ഏറ്റെടുക്കുകയാണ്‌.

അറിയാനുള്ള അവകാശം സംരക്ഷിക്കുവാന്‍ പത്രമുതലാളിമാര്‍ക്കൊപ്പം അണിചേര്‍ന്നവര്‍ ചില്ലറക്കാരൊന്നുമായിരുന്നില്ലല്ലോ. സാംസ്‌ക്കാരിക പ്രബുദ്ധതയുടെ പരിച്ഛേദം. പത്രങ്ങളോട്‌ ഒട്ടി നിന്നില്ലെങ്കില്‍ തങ്ങളുടെ ഊതിവീര്‍പ്പിച്ച ഇമേജുകള്‍ക്കൊന്നും ഗതി കിട്ടില്ലെന്നവര്‍ക്കറിയാം.

മാര്‍ച്ച്‌ 20നാരംഭിച്ച ഈ സമരം അധികം വൈകാതെ പൊളിയുമെന്നുറപ്പ്‌. എന്നാല്‍ തോല്‍ക്കുന്ന സമരങ്ങള്‍ക്കും വെളിപ്പെടുത്താന്‍ ചില താക്കീതുകളും തിരിച്ചറിവുകളുമുണ്ട്‌. ജനാധിപത്യാവകാശങ്ങളുടെ ഉച്ചഭാഷിണികളായി അലറുന്നവരുടെ കാപട്യങ്ങളാണിവിടെ വലിച്ചു ചീന്തപ്പെട്ടത്‌. അറിയാനുള്ള അവകാശം തകര്‍ക്കുന്നു എന്നാണ്‌ വിമര്‍ശനം. എന്നാല്‍ ഏജന്റുമാരുടെ അവകാശങ്ങളെന്താണെന്നറിയാന്‍ നാമെന്തു ചെയ്‌തു? പത്രങ്ങള്‍ അതെല്ലാം തമസ്‌ക്കരിച്ചു. എന്നിട്ട്‌ അറിയാനുള്ള അവകാശത്തെക്കുറിച്ച്‌ വാവിട്ട്‌ നിലവിളിച്ചു.

ഈ സമരത്തിലൂടെ മലയാളിക്ക്‌ പഠിക്കാന്‍ കഴിഞ്ഞ വലിയൊരു തിരിച്ചറിവ്‌ അച്ചടിപ്പത്രങ്ങളുടെ നിസ്സാരതയാണ്‌. ഇന്റര്‍നെറ്റ്‌പത്രങ്ങളിലേയ്‌ക്കും സോഷ്യല്‍മീഡിയകളിലേയ്‌ക്കും വായനയുടെ ഒരു വലിയ മാറ്റം സംഭവിക്കുന്നതിനെ ത്വരിതപ്പെടുത്തുവാനും ഈ സമരം സഹായകമായി. വാര്‍ത്താ ഉറവിടങ്ങളില്‍ നിന്ന്‌ അച്ചടിപ്പത്രങ്ങള്‍ പിന്തള്ളപ്പെടുകയാണ്‌. മാധ്യമസാഹചര്യങ്ങള്‍ മാറുന്നതിലെ ഒരു പ്രധാനപ്പെട്ട നീക്കമായി ഈ സമരം തിരിച്ചറിയപ്പെട്ടേക്കും.

ഇരുട്ടത്ത്‌ കോരിച്ചൊരിയുന്ന മഴയത്തും തണുപ്പത്തും ഉറക്കമൊഴിച്ച്‌ ദൂരങ്ങളെ ചവിട്ടിത്താഴ്‌ത്തി കിതച്ചുകൊണ്ട്‌ നമ്മുടെ വീട്ടുമുറ്റങ്ങളില്‍ എത്തുന്ന പത്രവിതരണക്കാരുടെ ആരുടെയെങ്കിലും പേര്‌ മലയാളിക്കറിയാമോ?
പത്രവിതരണക്കാരന്റെ വയറ്റത്തടിച്ച താരങ്ങളും മത നേതാക്കളും വായിക്കാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക