Image

ജനഹൃദയങ്ങളില്‍ പുതുജീവന്‍ നല്‍കി `ന്യൂയോര്‍ക്ക്‌ ശാലോം ഫെസ്റ്റിവല്‍ 2011'

ജോയിച്ചന്‍ പുതുക്കുളം Published on 06 July, 2011
ജനഹൃദയങ്ങളില്‍ പുതുജീവന്‍ നല്‍കി `ന്യൂയോര്‍ക്ക്‌ ശാലോം ഫെസ്റ്റിവല്‍ 2011'
ന്യൂയോര്‍ക്ക്‌: സ്വര്‍ഗ്ഗം ഭൂമിയില്‍ ഇറങ്ങിവന്ന രണ്ടു ദിനങ്ങള്‍....പരിശുദ്ധാത്മാവ്‌ തീജ്വാലയായി ജനഹൃദയങ്ങളില്‍ പെയ്‌തിറങ്ങിയ രണ്ടു ദിവസങ്ങള്‍....മുറിഞ്ഞ മനസ്സുകള്‍ക്ക്‌ സുഖമാക്കപ്പെട്ട രണ്ടു നാളുകള്‍, വാക്കുകളാല്‍ വിവരിക്കാന്‍ അസാധ്യമായ പരിശുദ്ധാത്മാവിന്റെ നിറവ്‌ ഏറ്റുവാങ്ങിയ ജനസമൂഹം. രണ്ടുനാള്‍ നീണ്ടുനിന്ന `ശാലോം ഫെസ്റ്റിവല്‍' സമാപിച്ചപ്പോള്‍ എല്ലാവരുടേയും മനസ്സുകളില്‍ ഒരു പുതുജീവന്‍ ലഭിച്ച സന്തോഷം. മനസ്സില്‍ പ്രത്യാശയുടെ പുതുനാമ്പുകള്‍.

ഈവര്‍ഷത്തെ ന്യൂയോര്‍ക്ക്‌ ശാലോം ഫെസ്റ്റിവലിന്റെ ഔപചാരികമായ ഉദ്‌ഘാടനം യൂണിയന്‍ ഡെയിലിലെ കെല്ലന്‍ ബെര്‍ഗ്‌ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തടിച്ചുകൂടിയ നൂറുകണക്കിന്‌ വിശ്വാസികളുടെ സാന്നിധ്യത്തില്‍ അമേരിക്കയിലെ മലങ്കര കാത്തലിക്‌ എക്‌സാര്‍ക്കേറ്റിന്റെ ബിഷപ്പ്‌ തോമസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത ജൂണ്‍ 25-ന്‌ ശനിയാഴ്‌ച രാവിലെ നിര്‍വ്വഹിച്ചു.

സുവിശേഷം, വായിക്കുവാനും പഠിക്കുവാനും പ്രഘോഷിക്കുവാനും മാത്രമുള്ളതല്ലെന്നും, മറിച്ച്‌ ജീവിക്കാനുള്ളതാണെന്നും മെത്രാപ്പോലീത്ത തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഓരോ വ്യക്തിയും സുവിശേഷവചനത്തില്‍ ജീവിക്കുമ്പോള്‍ മാത്രമേ സുവിശേഷ പഠനത്തിനും, പ്രഘോഷങ്ങള്‍ക്കും അര്‍ത്ഥമുണ്ടാകുകയുള്ളുവെന്നും മാര്‍ യൗസേബിയോസ്‌ തിരുമേനി പറഞ്ഞു.

ഫാ. ജോസ്‌ കണ്ടത്തിക്കുടി, ഫാ. ജോയി ആലപ്പാട്ട്‌, ശാലോം മീഡിയ യു.എസ്‌.എ ഡയറക്‌ടര്‍ ജോസ്‌ ജോസഫ്‌ എന്നിവര്‍ ഉദ്‌ഘാടന യോഗത്തില്‍ ആശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു. ശാലോം മീഡിയ യു.എസ്‌.എ ജനറല്‍ മാനേജര്‍ സാന്റോ കാവില്‍പുരയിടം സ്വാഗതവും കോര്‍ഡിനേറ്റര്‍ മൈക്കിള്‍ ചെമ്മാച്ചേരില്‍ കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്ന്‌ മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി വെവ്വേറെ ധ്യാനങ്ങള്‍ നടത്തപ്പെട്ടു. കുട്ടികള്‍ക്കുള്ള ധ്യാനത്തിന്‌ സിസ്റ്റര്‍ ആഗ്‌നസ്‌, ബ്ര. കെവിന്‍ മുണ്ടയ്‌ക്കല്‍ എന്നിവരും യുവജനങ്ങളുടെ ധ്യാനത്തിന്‌ ഷിജു ഫിലിപ്പ്‌, ടാര എന്നിവരും നേതൃത്വം നല്‍കി.

മുതിര്‍ന്നവര്‍ക്കുള്ള വചനശുശ്രൂഷകള്‍ക്ക്‌ പ്രസിദ്ധ വചനപ്രഘോഷകരായ ബ്ര. ബെന്നി പുന്നത്തറ, ഡോ. ജോണ്‍ ഡി, ഫാ. റോയി പാലാട്ടി, ഫാ. ടോം പുതുശേരില്‍ എന്നിവര്‍ നയിച്ചു.

പ്രശ്‌നങ്ങളല്ല ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്നതെന്നും, യേശുവിലേക്ക്‌ നോക്കുവാന്‍ പരാജയപ്പെടുന്നതാണ്‌ ദുരിതങ്ങള്‍ക്ക്‌ കാരണമെന്നും ശാലോം മീഡിയ ചെയര്‍മാന്‍ കൂടിയായ ബെന്നി പുന്നത്തറ തന്റെ വചന പ്രഘോഷണത്തില്‍ പറഞ്ഞു. പ്രതിസന്ധികളുടെ നടുവിലും യേശുവിനെ കാണുവാന്‍ നമുക്ക്‌ സാധിക്കണം. ദൈവം കൂടെയുള്ളവനാണ്‌ ഏറ്റവും ശക്തനായ മനുഷ്യന്‍. ദൈവം കൂടെയുള്ളപ്പോള്‍ ഭയം നമ്മെ ഗ്രസിക്കുകയില്ലെന്നും, ദൈവത്തില്‍ നിന്നകലുമ്പോള്‍ മനുഷ്യന്‍ ദുര്‍ബലനായിത്തീരുന്നുവെന്നും ബെന്നി പുന്നത്തറ പറഞ്ഞു.

സ്‌നേഹം ഉണ്ടെങ്കില്‍ എന്തു ത്യാഗവും സഹിക്കുവാന്‍ മടുപ്പ്‌ തോന്നുകയില്ലെന്ന്‌ തുടര്‍ന്ന്‌ വചന പ്രഘോഷണം നടത്തിയ ഡോ. ജോണ്‍ ഡി. ഉത്‌ബോധിപ്പിച്ചു. നമ്മള്‍ എന്താണോ അത്‌ ദൈവകൃപയാണെന്നും അദ്ദേഹം പറഞ്ഞു.

ഫാ. റോയി പാലാട്ടി, ഫാ. ടോം പുതുശ്ശേരിയില്‍ തുടങ്ങിയവരും വചനപ്രഘോഷങ്ങള്‍ നടത്തി. ബിജു മലയാറ്റൂരിന്റെ നേതൃത്വത്തിലുള്ള ഗാനശുശ്രൂഷ ഹൃദയങ്ങളില്‍ ആത്മീയാനുഭൂതി നിറച്ചു.

രണ്ടുനാള്‍ നീണ്ട ശാലോം ഫെസ്റ്റിവല്‍ ഞായറാഴ്‌ച രാത്രിയില്‍ സമാപിച്ചത്‌ ഏവരുടേയും മനസ്സില്‍ സമാധാനത്തിന്റേയും സന്തോഷത്തിന്റേയും നവ്യമായ ഒരനുഭവം സമ്മാനിച്ചാണ്‌.

ഫെസ്റ്റിവര്‍ ന്യൂയോര്‍ക്ക്‌ കോര്‍ഡിനേറ്റര്‍ ജോയി വാഴപ്പിള്ളിയുടെ നേതൃത്വത്തില്‍ ബിജു കപ്പുകാട്ടില്‍, സെബാസ്റ്റ്യന്‍ ടോം, ബാബു ജോസഫ്‌, മാര്‍ട്ടിന്‍ കരുവേലിത്തറ, ഏബ്രഹാം തലപ്പള്ളില്‍, മൈക്കിള്‍ ചെമ്മാച്ചേരില്‍, സാറാ തലപ്പള്ളില്‍, സാജു തോമസ്‌, ഡോ. ആനി, വിനു വാതപ്പള്ളി, വര്‍ഗീസ്‌ പള്ളായി, ഡാനി സാമുവേല്‍, മരിയ തോമസ്‌, മാണിക്കുട്ടി, ലോറന്‍ സി. തോമസ്‌, വിന്‍സി തോമസ്‌, കൊച്ചുറാണി മാണി തുടങ്ങിയവര്‍ ഫെസ്റ്റിവലിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌.
ജനഹൃദയങ്ങളില്‍ പുതുജീവന്‍ നല്‍കി `ന്യൂയോര്‍ക്ക്‌ ശാലോം ഫെസ്റ്റിവല്‍ 2011'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക