Image

6 മാസമായി ശമ്പളമില്ല; വസുന്ധര നാട്ടിലേയ്ക്ക് മടങ്ങി

Published on 15 April, 2019
6 മാസമായി ശമ്പളമില്ല; വസുന്ധര നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ആറു മാസത്തെ ശമ്പളം കിട്ടാതെ ദുരിതത്തിലായ ഇന്ത്യന്‍ വനിത, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തെലുങ്കാന ഹൈദരാബാദ് സ്വദേശിനിയായ വസുന്ധരയാണ് രണ്ടു മാസത്തെ ദമ്മാം അഭയകേന്ദ്രത്തിലെ താമസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയത്. ഒന്നര വര്‍ഷം മുന്‍പാണ് വസുന്ധര ദമ്മാമിലെ ഒരു വീട്ടില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. ഏറെ ബുദ്ധിമുട്ടുകള്‍ ആ വീട്ടില്‍ അവര്‍ക്ക് നേരിടേണ്ടി വന്നു. രാപകല്‍ വിശ്രമമില്ലാതെ ജോലി ചെയ്യിച്ചെങ്കിലും, ശമ്പളം കൃത്യമായി കൊടുക്കാന്‍ സ്‌പോണ്‍സര്‍ തയ്യാറായില്ല. രണ്ടും മൂന്നും മാസം കൂടുമ്പോള്‍ മാത്രമാണ് ശമ്പളം കിട്ടിയത്. അങ്ങനെ ശമ്പളകുടിശ്ശിക ആറു മാസത്തോളമായപ്പോള്‍, വസുന്ധര പ്രതിഷേധിച്ചു. എന്നിട്ടും യാതൊരു ഫലവും ഉണ്ടായില്ല. തുടര്‍ന്ന്, ആരുമറിയാതെ ആ വീട്ടില്‍ നിന്നും പുറത്തു കടന്ന വസുന്ധര, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസുകാര്‍ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് ചെന്നാക്കി.

അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് തന്റെ അവസ്ഥ പറഞ്ഞു കൊടുത്ത്, വസുന്ധര സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു വസുന്ധരയുടെ സ്പോണ്‍സറെ വിളിച്ച് സംസാരിച്ചെങ്കിലും, അയാള്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല. ലേബര്‍ കോടതിയില്‍ സ്‌പോണ്‌സര്‍ക്ക് എതിരെ കേസ് കൊടുക്കാന്‍ മഞ്ജു നിര്‍ദ്ദേശിച്ചെങ്കിലും, വസുന്ധര അതിന് തയ്യാറായില്ല. കേസ് നീണ്ടു പോകുമെന്നും, തനിയ്ക്ക് കുടുംബപ്രശ്നങ്ങള്‍ കാരണം അടിയന്തരമായി എങ്ങനെയും നാട്ടില്‍ എത്തിയേ പറ്റൂ എന്ന നിലപാടാണ് അവര്‍ എടുത്തത്. അതേത്തുടര്‍ന്ന് മഞ്ജു ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് വസുന്ധരയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു കൊടുക്കുകയും ചെയ്തു. മഞ്ജുവിന്റെ അഭ്യര്‍ത്ഥന മാനിച്ച്, ഹൈദരാബാദ് അസ്സോസിയേഷന്‍ വിമാനടിക്കറ്റും നല്‍കി.

എല്ലാവര്‍ക്കും നന്ദി പറഞ്ഞു വസുന്ധര നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: വസുന്ധര (ഇടത്) മഞ്ജുവിന് ഒപ്പം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക