Image

ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജിനും ബീനാ ജോര്‍ജിനും മാനവ മൈത്രി അവാര്‍ഡ്

വര്‍ഗീസ് പ്ലാമൂട്ടില്‍ Published on 15 April, 2019
ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജിനും ബീനാ ജോര്‍ജിനും മാനവ മൈത്രി അവാര്‍ഡ്
 ന്യൂയോര്‍ക്ക്: മഹാത്മാ ഗാന്ധിയുടെ മാനവമൈത്രി സാമാധാന സന്ദേശങ്ങളുടെ പ്രചാരകരായി സമകാലീന ലോകത്തില്‍ പ്രവര്‍ത്തിക്കുന്നവരെ ആദരിക്കുവാന്‍ ഇന്ത്യാ ഗവര്‍മെന്‍റിന്‍റെ വിദേശകാര്യ വകുപ്പും ജയപ്പൂര്‍ ഫുട്ട് എന്ന മാനവ സേവാ സംഘടനയും സംയുക്തമായി ഏര്‍പ്പെടുത്തിയ മാനവ മൈത്രി അവാര്‍ഡിന് ക്യാപ്റ്റന്‍ സ്റ്റാന്‍ലി  ജോര്‍ജ് -ബീനാ  ജോര്‍ജ് ദമ്പതികള്‍ അര്‍ഹരായി. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സലേറ്റില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ അമേരിക്കയിലെ ഇന്ത്യന്‍ അമ്പാസഡര്‍  ഹര്‍ഷ് വര്‍ദ്ധന്‍ ഷ്രിംഗ്‌ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ഗാന്ധിജിയുടെ 150ാം ജന്മ വാര്‍ഷിക  ആഘോഷങ്ങളോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. ഇന്ത്യയുടെ നയതന്ത്ര പ്രവര്‍ത്തനങ്ങളിലെ സുപ്രധാന ഘടകമാണ് മാനവസേവന പ്രവര്‍ത്തനങ്ങളെന്ന് അമ്പാസഡര്‍ ഓര്‍മ്മിപ്പിച്ചു. "ഇന്ത്യ മനുഷ്യകുലത്തിനു വേണ്ടി" എന്നതായിരുന്നു യോഗത്തിലെ ചിന്താവിഷയം. ജയപ്പൂര്‍ ഫുട്ടിന്‍റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.

ഏതാണ്ട് മുപ്പതു വര്‍ഷങ്ങളോളമായി  ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ പ്രവര്‍ത്തിക്കുന്ന ക്യാപറ്റന്‍ സ്റ്റാന്‍ലി ജോര്‍ജ്, ഡിപ്പാര്‍ട്ടുമെന്‍റിലെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശജനായ ഓഫീസറാണ്. പത്‌നി ബീന ന്യൂയോര്‍ക്ക് സെന്‍റ് ലൂക്ക് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ ഡോക്കുമെന്‍റേഷന്‍ നേഴ്‌സ്  ആയി പ്രവര്‍ത്തിക്കുന്നു.

തന്‍റെ മൂന്നു പതിറ്റാണ്ടുകളിലെ സേവനത്തിനിടയില്‍ അനേകം അവാര്‍ഡുകളും  ബഹുമതികളും ലഭിച്ചിട്ടുണ്ടെങ്കിലും ഈ അവാര്‍ഡിനെ അതില്‍ നിന്നൊക്കെ വേറിട്ട, വിലപ്പെട്ട അംഗീകാരമായി കണക്കാക്കുന്നുവെന്ന് ക്യാപ്റ്റന്‍ സ്റ്റാന്‍ലി തന്‍റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കാരണം, ലോകത്തിലെ ഏറ്റം വലിയ ജനാധിപത്യ രാഷ്ട്രം, ലോകം കണ്ട ഏറ്റം മഹനീയ വ്യക്തിത്വങ്ങളിലൊന്നായ ഗാന്ധിജിയുടെ ഓര്‍മ്മ പുതുക്കുന്ന അവസരത്തില്‍,  ജയപ്പൂര്‍ ഫുട്ട് എന്ന മാനവസേവാ സംഘടനയോടു ചേര്‍ന്നു നല്‍കുന്ന അംഗീകാരമെന്നതിനാലാണ്.

മഹാത്മജിയുടെ അഞ്ചാം തലമുറക്കാരന്‍ ഡോ. പരിതോഷ് പ്രസാദ് (റോച്ചെസ്റ്റര്‍) പ്രത്യേക അതിഥിയായി പങ്കെടുത്ത യോഗത്തില്‍  ബംഗ്ലാദേശ്, മലാവി തുടങ്ങിയ രാജ്യങ്ങളുടെ സ്ഥാനപതികളും, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തി, ജയപ്പൂര്‍ ഫുട്ടിന്‍റെ ഭാരവാഹികള്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, റവ. രാജന്‍ ഫിലിപ്പ്, പ്രൊഫ. സണ്ണി മാത്യൂസ്, കേരള കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ് കോശി കുരുവിള, സാമുവേല്‍ ജോര്‍ജ്, സന്തോഷ് ജോര്‍ജ് എന്നിവരും പങ്കെടുത്തു.

ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജിനും ബീനാ ജോര്‍ജിനും മാനവ മൈത്രി അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക