Image

കെ സുരേന്ദ്രന്റെ പേരില്‍ 240 കേസ്‌; നാല്‌ പേജ്‌ പത്രപരസ്യം

Published on 18 April, 2019
കെ സുരേന്ദ്രന്റെ പേരില്‍ 240 കേസ്‌; നാല്‌ പേജ്‌ പത്രപരസ്യം


പത്തനംതിട്ട: സംസ്ഥാനത്ത്‌ ഏറ്റവും അധികം കേസുള്ളത്‌ ബിജെപി നേതാവ്‌ കെ സുരേന്ദ്രന്റെ പേരില്‍. 240 കേസുകളുടെ വിവരങ്ങളാണ്‌ കെ സുരേന്ദ്രന്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ബിജെപി മുഖപത്രമായ ജന്മഭൂമിയിലാണ്‌ പരസ്യം നല്‍കിയിരിക്കുന്നത്‌. നാല്‌ മുഴു പേജിലാണ്‌ കേസുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. സംസ്ഥാനത്തെ പാലക്കാട്‌ ഒഴികെയുള്ള എല്ലാ ജില്ലകളിലും കെ സുരേന്ദ്രന്റെ പേരില്‍ കേസുണ്ട്‌.

കാസര്‍കോട്‌ 33, കണ്ണൂര്‍ 1, കോഴിക്കോട്‌ 2, വയനാട്‌ 1, മലപ്പുറം 1, തൃശ്ശൂര്‍ 6, എറണാകുളം 13, ഇടുക്കി 17, ആലപ്പുഴ 56, കോട്ടയം 8, പത്തനംതിട്ട 30, കൊല്ലം 68, തിരുവനന്തപുരത്ത്‌ 3 എന്നിങ്ങനെയാണ്‌ കെ സുരേന്ദ്രനെതിരെയുള്ള കേസുകളുടെ എണ്ണം.

വധശ്രമം, കലാപശ്രമം, സംഘം ചേര്‍ന്ന്‌ ആക്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ്‌ കെ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്‌.

സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട കേസുകളുടെ വിവരം നിശ്ചിത ഫോര്‍മാറ്റില്‍ പ്രദേശത്തെ പ്രധാനപ്പെട്ട പത്രങ്ങളില്‍ കുറഞ്ഞത്‌ മൂന്ന്‌ വ്യത്യസ്‌ത ദിവസങ്ങളിലും, പ്രധാന ടിവി ചാനലുകളില്‍ മൂന്ന്‌ വ്യത്യസ്‌ത ദിവസങ്ങളിലും പരസ്യം നല്‍കണമെന്നാണ്‌ ഉത്തരവുള്ളത്‌.

അതത്‌ പാര്‍ലമെന്‍റ്‌ മണ്ഡലത്തില്‍ പ്രചാരമുള്ള പ്രമുഖ പത്രങ്ങളിലാണ്‌ പരസ്യം നല്‍കേണ്ടത്‌. പത്രപരസ്യം കുറഞ്ഞത്‌ 12 പോയിന്‍റ്‌ ഫോണ്ട്‌ സൈസിലായിരിക്കണം. ശ്രദ്ധിക്കുന്നതും വ്യക്തമായി കാണാവുന്നതുമായ രീതിയിലായിരിക്കണം പരസ്യം വരേണ്ടത്‌.

അച്ചടിരേഖ ടി.വിയില്‍ വായിക്കാനാകുംവിധമുള്ള നിശ്ചിത ഫോണ്ട്‌ സൈസ്‌ ടി.വി പരസ്യത്തില്‍ ഉപയോഗിക്കണം. പരസ്യം ചുരുങ്ങിയത്‌ ഏഴു സെക്കന്റെങ്കിലും വേണം. ടി.വിയില്‍ രാവിലെ എട്ടുമണിക്കും രാത്രി 10 മണിക്കും ഇടയിലുള്ള സമയത്താണ്‌ പരസ്യം സംപ്രേഷണം ചെയ്യേണ്ടത്‌.


ഇംഗ്‌ളിഷിലോ പ്രാദേശിക ഭാഷയിലോ പരസ്യം നല്‍കാം. ഏപ്രില്‍ 21 വരെയുള്ള പത്രങ്ങളിലും, എപ്രില്‍ 21 ന്‌ വൈകിട്ട്‌ ആറുമണിവരെ ടിവി ചാനലുകളിലും പരസ്യം നല്‍കാവുന്നതാണ്‌. ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സ്ഥാനാര്‍ഥി പ്രസിദ്ധീകരിക്കുന്നതിന്റെ ചെലവ്‌ സ്ഥാനാര്‍ഥിയുടെ ചെലവ്‌ കണക്കില്‍ ഉള്‍പ്പെടുത്തും


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക