Image

വോട്ടെടുപ്പിനിടെ ബംഗാളില്‍ വ്യാപക അക്രമം; സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗത്തിന്‌ നേരെ ആക്രമണം

Published on 18 April, 2019
വോട്ടെടുപ്പിനിടെ ബംഗാളില്‍ വ്യാപക അക്രമം; സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗത്തിന്‌ നേരെ ആക്രമണം


കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തിനിടെ പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം. സിപിഎം സ്ഥാനാര്‍ത്ഥിയും പിബി അംഗവുമായ മുഹമ്മദ്‌ സലീമിന്റെ വാഹന വ്യൂഹത്തിന്‌ നേരെ ആക്രമണം ഉണ്ടായി. റായ്‌ ഗഞ്ചിലെ ഇസ്ലാംപൂരില്‍ വെച്ചാണ്‌ ആക്രമണം നടന്നത്‌.

റായ്‌ ഗഞ്ചിലെ പോളിംഗ്‌ ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ്‌ സിറ്റിംഗ്‌ എംപി കൂടിയായ മുഹമ്മദ്‌ സലീമിന്റെ കാറിന്‌ നേരെ വെടിവയ്‌പ്പുണ്ടായത്‌.

ആക്രമണത്തില്‍ മുഹമ്മദ്‌ സലീമിന്‌ പരുക്കേറ്റിട്ടില്ല. തനിക്ക്‌ നേരെ വധശ്രമമാണുണ്ടായതെന്ന്‌ അദ്ദേഹം മാധ്യമങ്ങളോട്‌ പ്രതികരിച്ചു. ഉടന്‍ തന്നെ അദ്ദേഹത്തെ അടുത്തുള്ള പാര്‍ട്ടി ഓഫീസിലേക്ക്‌ മാറ്റുകയു ചെയ്‌തു.


വെടിവച്ചതിന്‌ ശേഷം കാറിന്റെ ചില്ലുകള്‍ തകര്‍ക്കാനും ശ്രമം നടന്നു. ആക്രണത്തിന്‌ പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണെന്ന്‌ മുഹമ്മദ്‌ സലീം ആരോപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

അതേസമയം വോട്ട്‌ ചെയ്യാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ ദിഗിര്‍പാര്‍ മേഖലയില്‍ പ്രദേശ വാസികള്‍ ദേശീയ പാത ഉപരോധിച്ചു. വോട്ട്‌ ചെയ്യാനെത്തിയവരുടെ തിരിച്ചറിയല്‍ രേഖകള്‍ പിടിച്ചു വച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി സുരക്ഷാ സേനാ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്‌ നടത്തുകയും ചെയ്‌തു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക