Image

അമ്മ ക്രൂരമായി മര്‍ദ്ദിച്ച കുട്ടിയുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം നിലച്ചുതുടങ്ങി

Published on 18 April, 2019
 അമ്മ ക്രൂരമായി മര്‍ദ്ദിച്ച കുട്ടിയുടെ  തലച്ചോറിന്‍റെ പ്രവര്‍ത്തനം നിലച്ചുതുടങ്ങി
കൊച്ചി: ആലുവയില്‍ അമ്മ ക്രൂരമായി മര്‍ദ്ദിച്ച മൂന്ന്‌ വയസ്സുകാരന്‍റെ നില അതീവ ഗുരുതരമെന്ന്‌ മെഡിക്കല്‍ സംഘം. തലച്ചോറിന്‍റെ പ്രവര്‍ത്തനം നിലച്ചുതുടങ്ങി.

കുട്ടി മരുന്നുകളോട്‌ പ്രതികരിക്കുന്നില്ല. തലച്ചോറിലെ പരിക്ക്‌ ഗുരുതരമാണ്‌. മെഡിക്കല്‍ സംഘം ആശുപത്രിയിലെത്തി കുട്ടിയെ പരിശോധിച്ചു.

അതേ സമയം കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയുടെ അറസ്റ്റ്‌ രേഖപ്പെടുത്തി. വധശ്രമം ചുമത്തിയാണ്‌ അറസ്റ്റ്‌. സംഭവത്തില്‍ ജാര്‍ഖണ്ഡ്‌ സ്വദേശിയായ അമ്മയ്‌ക്കും അച്ഛനുമെതിരെ വധശ്രമത്തിന്‌ കേസെടുത്തിട്ടുണ്ട്‌.

ജുവനൈല്‍ ജസ്റ്റിസ്‌ ആക്‌ട്‌ പ്രകാരമുള്ള വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്‌. ഇന്നലെ വൈകുന്നരമാണ്‌ ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നത്‌.

ശരീരത്തിലെ മറ്റ്‌ മുറിവുകള്‍ മര്‍ദനത്തെ തുടര്‍ന്ന്‌ സംഭവിച്ചതെന്ന പ്രാഥമിക നിഗമനത്തെ തുടര്‍ന്നാണ്‌ അറസ്റ്റ്‌. കുഞ്ഞിന്‍റെ പരിക്കുകള്‍ സംബന്ധിച്ച്‌ രക്ഷിതാക്കള്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമല്ലായിരുന്നുവെന്ന്‌ നേരത്തെ ആശുപത്രി അധികൃതര്‍ വിശദമാക്കിയിരുന്നു.

വീടിന്‍റെ ടെറസില്‍ നിന്ന്‌ വീണാണ്‌ കുഞ്ഞിന്‌ പരിക്കേറ്റതെന്നാണ്‌ ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറയുന്നത്‌. എന്നാല്‍ കുട്ടിക്ക്‌ ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക