Image

മന:ശാസ്ത്രജ്ഞനായ വല്ലൂരിനു,സ്‌നേഹപൂര്‍വ്വം .........രജനി പി . എസ് (കഥ: ജോസഫ് എബ്രഹാം)

Published on 20 April, 2019
മന:ശാസ്ത്രജ്ഞനായ വല്ലൂരിനു,സ്‌നേഹപൂര്‍വ്വം .........രജനി പി . എസ് (കഥ: ജോസഫ് എബ്രഹാം)
അമ്പതാം വയസിലേക്ക് കാലെടുത്തു വയ്കുമ്പോള്‍ രജനിസദാനന്ദനില്‍  ആ പഴയ സംശയം ഒരിക്കല്‍ക്കൂടിമുളപൊട്ടി. താനൊരു  ഒരു ‘ലെസ്ബിയന്‍’ ആണോയെന്ന ഒരു സംശയം.രജനി സദാനന്ദന്‍ ആ ചോദ്യം  പലവുരു തന്നോട് തന്നെ തിരിച്ചും മറിച്ചും  ചോദിച്ചു നോക്കി. ഓരോ പ്രാവശ്യവും രജനി സദാനന്ദന്‍റെ മനസ്സ്അവളോട് പറഞ്ഞത് അല്ല എന്ന ഉത്തരമാണ്. എങ്കില്‍ പിന്നെ  തനിക്കും അവള്‍ക്കും ഇടയില്‍ എന്താണ്? എന്നതായി മനസ്സിലെ അടുത്ത ചോദ്യം.
സംശയം തീര്‍ക്കാതെ ഇനി ഉറങ്ങാന്‍ വയ്യ എന്ന അവസ്ഥ വന്നപ്പോള്‍ രജനി സദാനന്ദന്‍ ഒരു തീരുമാനമെടുത്തു.  സകല മലയാളികളുടെയും  മാനസിക നില അപഗ്രഥിച്ചിട്ടതുമൂന്നിലൊന്നായിസംഗ്രഹിച്ചു വാരികയിലൂടെ ഉത്തരം എഴുതി അറിയിക്കുന്ന  മഹാനായ പ്രശസ്ത മന:ശാസ്ത്രജ്ഞന്‍ ഡോക്ടര്‍. മാത്യു കെ വല്ലൂരിനു  വിശദവിവരം കാണിച്ചു ഒരു കത്ത് എഴുതുക എന്നതായിരുന്നു ആ സുപ്രധാനമായ തീരുമാനം.രജനി സദാനന്ദന്‍ ഡോക്ടര്‍ വല്ലൂര്‍ക്ക് എഴുതിയ നീണ്ട കത്തിന്റെ ഉള്ളടക്കത്തെ താഴെ പറയും പ്രകാരം സംഗ്രഹിക്കാം.

രജനി സദാനന്ദന്‍ ആദ്യമായി അവളെ കണ്ടുമുട്ടുന്നത്  ഇരുപത്തഞ്ചു  വര്‍ഷങ്ങള്‍ക്ക്  മുന്‍പ് കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്ന ഒരു മഴക്കാലത്താണ്. കുട കൊണ്ടുമാത്രം തടുക്കാന്‍ ആവാതെ ചീറിയടിച്ച അന്നത്തെ മഴയില്‍ വല്ലാതെ നനഞ്ഞു ഒട്ടിയിരുന്നെങ്കിലും വലിയ മാദകത്വമൊന്നും തോന്നിക്കാത്ത ഇരുനിറത്തിലുള്ളതും മെല്ലിച്ചതുമായ ഒരു  സാധാരണ പെണ്‍കുട്ടിയായിരുന്നു അവള്‍ അക്കാലത്ത്. രജനി അന്ന്രജനിസദാനന്ദനായിമാറിയിട്ടൊന്നുമില്ലക്ലാസ്സ്  രെജിസ്ടരിലെ   രജനി പി. എസ് മാത്രമായിരുന്നകാലം.

രജനി പി. എസിന് ആദ്യമായി അവളെ കണ്ടപ്പോള്‍ മുതല്‍ എന്തുകൊണ്ടെന്നു നിര്‍വചിക്കാന്‍  ആവാത്തവിധമുള്ളതും  ഏതോ ജെന്മബന്ധം കൊണ്ടുരുവം കൊണ്ടെന്നു  തോന്നിക്കുന്നതുമായ  വല്ലാത്ത  ഒരു അടുപ്പം തോന്നി.അവളുടെ നീണ്ട മൂക്കാണോ, വിടര്‍ന്ന കണ്ണുകളാണോ, വലിയ കേശഭാരമാണോ ഏതാണ് ആദ്യദര്‍ശനത്തില്‍ തന്നെ അവളിലേക്ക് ആകര്‍ഷിച്ചതെന്ന് ഇപ്പോഴും നല്ല നിശ്ചയമില്ല.  അവളുടെതിനു സമാനമായ മുഖമോ അംഗലാവണ്യമോ ഉള്ള ആരെകണ്ടാലുംരജനി സദാനന്ദന്‍ ഇപ്പോഴും കണ്ണെടുക്കാതെ അങ്ങിനെ നോക്കി നിന്ന് പോകും, മനസ്സ് ദ്രുദഗതിയില്‍ ഭൂതകാലത്തിലേക്ക്  വെറുതെ  ഊളിയിടും.
അന്നൊക്കെ അവളുടെ കൈകളില്‍ പിടിക്കുമ്പോള്‍ അനിര്‍വചനീയമായ ഏതോആനന്ദം തന്‍റെ ഹൃദയത്തെ വല്ലാതെ ത്രസിപ്പിക്കുന്നതായി രജനി പി. എസിനു തോന്നിയിരുന്നു. അവളുടെ വര്‍ത്തമാനം കേട്ടങ്ങനെ ഇരിക്കാന്‍ വല്ലാത്ത ഒരു ഹരമായിരുന്നു. അവളറിയാതെരജനി പി .എസ് ചിലപ്പോള്‍ അവളുടെ അരക്കെട്ടില്‍ സ്പര്‍ശിക്കുമായിരുന്നു അപ്പോഴൊക്കെ  താന്‍ വല്ലാതെ ഉണര്‍ന്ന് പോകുന്നതായി രജനി പി. എസിനു അനുഭവപ്പെടുമായിരുന്നു. ചിലപ്പോഴെങ്കിലും അവളെ   നോക്കുമ്പോള്‍ രജനി പി .എസിന്റെ സിരകളില്‍ ഉണരുന്ന വിദ്ദ്യുത്സ്ഫുലിംഗങ്ങള്‍ അവള്‍ തിരിച്ചറിഞ്ഞിരുന്നു, അപ്പോഴൊക്കെ അവളുടെ ചുണ്ടുകളില്‍  ഒരു മൃദുമന്ദഹാസം   കണ്ടിരുന്നതായി രജനി പി .എസ് ഇപ്പോഴും ഓര്‍മ്മിക്കുന്നു.

യുവത്വത്തിന്റെ കുളിരുകള്‍  കിനാവ് കാണേണ്ട രാവുകളില്‍  അവള്‍ ആയിരുന്നു രജനി പി. എസിന്റെ നിലാവ്.  അവളുടെ കാണാത്ത നിമ്‌നോന്നതകള്‍ ആയിരുന്നു  കിനാക്കളില്‍ മുഴുവനും കുളിരായി ഒഴുകി നടന്നിരുന്നത്. ഒരുദിവസം അവളെ കാണാതിരുന്നാല്‍  വല്ലാതെ വിഷാദത്തിലേക്ക് ആണ്ടുപോകുമായിരുന്ന രജനി പി .എസ്  അവധിക്കാലത്ത് അവളെകാണാതിരിക്കാന്‍ കഴിയാതെ അവളുടെ വീട് തേടി പോകുമായിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരിക്കല്‍ രജനി പി .എസിന്  അവളോട് വല്ലാത്ത വിദ്വോഷം തോന്നിയിരുന്നു.  അത് അവളെ ഒരാള്‍ സ്‌നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോളായിരുന്നു. അവളുടെ സ്‌നേഹം മറ്റൊരാള്‍  കാംഷിക്കുന്നുവെന്ന അറിവ്  രജനി പി .എസിനെ  ഏറെ തളര്‍ത്തി കളഞ്ഞിരുന്നു. ആ ബന്ധം വേണ്ടാ എന്ന് രജനി പി .എസ്  എപ്പോഴും അവളോട് പറയുമായിരുന്നു.

എന്നിരുന്നാലും അവളും അയാളും തമ്മില്‍ വലിയ അടുപ്പത്തിലായി അതോടുകൂടി അവളുടെ സ്‌നേഹിതന്‍ രജനി പി എസിന്‍റെ ആജന്മ ശത്രുവായിമാറി. ഇന്നും രജനി സദാനന്ദന്റെ  സ്ഥായിയായ ഏക ശത്രു അയാളാണ്. ആ പ്രണയ വിവാഹം നടക്കാതെ വന്നപ്പോള്‍ അവള്‍ ഏറെ വേദനിച്ചിരുന്നു  പക്ഷെ ആ നിമിഷങ്ങളില്‍ തന്റെ ഹൃദയം ആനന്ദത്തിന്റെ ഉന്മാദത്തില്‍ ആയിരുന്നുവെന്നത് ഇന്നും ഒരു മന്ദസ്മിതത്തോടെ രജനി സദാനന്ദന്‍  ഓര്‍ക്കുന്നു.

രജനി പി .എസ്  ജീവിതത്തില്‍  ആദ്യമായി അത്രയധികമായി പൊട്ടിക്കരഞ്ഞത് അവളുടെ വിവാഹത്തിന്റെ അന്നായിരുന്നു. അവള്‍  അകന്നു പോകുന്നത് രജനി പി. എസിന് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല.ആ കാര്യം ഓര്‍ക്കുമ്പോള്‍ ഇന്നും  രജനി സദാനന്ദന്റെ ഇടനെഞ്ചില്‍ വല്ലാത്ത ഭാരം അനുഭവപ്പെടും.അവളെയും കൊന്നു് അവള്‍ക്കൊപ്പം  താനും ജീവിതം ഒടുക്കുന്നതായി സ്വപനം കണ്ട് അനേക  രാത്രികളില്‍  രജനി പി .എസ്  ഞെട്ടിയുണര്‍ന്നിരുന്നു.  തുടര്‍ന്നങ്ങോട്ട് കുറച്ചുകാലം ഉറക്കമില്ലാത്ത രാത്രികള്‍ ആയിരുന്നു രജനി പി എസിന്. അവളുടെ വിവാഹം അനിവാര്യമാക്കിയ  വേര്‍പാടില്‍ രജനി പി .എസ്ഏറെ തകര്‍ന്നിരുന്നു. പിന്നീട് വല്ലപ്പോഴും ലഭിക്കുന്ന അവളുടെ കത്തുകള്‍ ആയിരുന്നു രജനി പി .എസിന് ആശ്വാസം നല്‍കിയിരുന്നുത്. അവളുടെ വിരലടയാളം പതിഞ്ഞ ആ കത്തുകള്‍ മാറോടു ചേര്‍ത്ത് പിടിച്ച് അവളുടെ ഇരുണ്ട  മേനിയുടെ  അവാച്യമായ സുഗന്ധം സ്വപ്നത്തില്‍ അനുഭവിച്ചു രജനി പി. എസ്  ഉറങ്ങിയിരുന്നു.
പതിയെ പതിയെ അവളുടെ കത്തുകളുടെ  ഇടവേളകള്‍  കൂടി വന്നു  ഇപ്പോള്‍ അവളുടെ കത്തുകള്‍ ലഭിച്ചിട്ട് വര്‍ഷങ്ങളായി. അവളുടെ ഇപ്പോഴത്തെ മേല്‍വിലാസമോ  ഫോണ്‍ നമ്പറോ ഒന്നും രജനി സദാനന്ദന്  അറിയില്ല എങ്കിലും അവളെ ഓര്‍ക്കാത്ത നാളുകള്‍ രജനി സദാനന്ദന്റെ  ജീവിതത്തില്‍ ഇല്ലായെന്ന് തന്നെ പറയാം.  രജനിയെ പുണര്‍ന്നു  സദാനന്ദേട്ടന്‍ ആഴ്ന്നിറങ്ങുമ്പോള്‍എണ്ണക്കറുപ്പാര്‍ന്ന മറ്റൊരു  സ്ത്രീമേനി മാരിവില്ലായി സപ്തവര്‍ണങ്ങളില്‍ തന്നെ  ചൂഴ്ന്നു നില്‍ക്കുന്നതായി മാത്രം രജനി എന്നും കാണുന്നു.അവളുടെ രസമുകുളങ്ങളെ തന്‍റെ നാവുകള്‍ തൊട്ടറിയുന്നതായിരജനി സദാനന്ദന്‍ കല്പനയില്‍ അപ്പോള്‍ കാണുവാന്‍ തുടങ്ങും.

അവളോടല്ലാതെ മറ്റൊരു സ്ത്രീയോടും തോന്നാത്ത  ഈ അഭിനിവേശം അവള്‍ അറിയുന്നുണ്ടോ?  അവള്‍ ഇപ്പോള്‍ എവിടെ ആണെന്നോ അവളുടെ സ്മൃതി മണ്ഡലങ്ങളില്‍ താന്‍ഇന്നും ഉണ്ടോ എന്നുപോലും രജനി സദാനന്ദന് അറിയില്ല. ഒരു പാട് തവണ  ഫേസ് ബുക്കില്‍ അവളുടെ മുഖം തിരഞ്ഞു നോക്കി പക്ഷെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എങ്കിലും ഇന്നീ മധ്യവയസ്സിന്റെ ശുഷ്കതയിലും വര്‍ണ്ണങ്ങള്‍ വാരിവിതറി  അവള്‍തന്നില്‍  പൂത്ത് നില്‍ക്കുന്നത് രജനി സദാനന്ദന്‍  തിരിച്ചറിയുന്നു. ശരിക്കും  തനിക്ക്  അവളോട് എന്താണ് ?പ്രിയ ഡോക്ടര്‍  അങ്ങയുടെ മറുപടിക്കായി  കാത്തിരിക്കുന്നു.

കത്ത് പൂര്‍ത്തിയാക്കി  അവസാനം സ്‌നേഹപൂര്‍വ്വം രജനി എന്ന് പേര്‍ എഴുതാന്‍ തുനിഞ്ഞെകിലും  പെട്ടന്ന്  മനസ് മാറി ‘ ജാനകി സഹദേവന്‍’ എന്ന കള്ളപ്പേര്‍ എഴുതി  കത്തവസാനിപ്പിച്ച രജനി സദാനന്ദന്‍  വാരികയുടെ മേല്‍വിലാസത്തില്‍  കത്ത് പോസ്റ്റു ചെയ്തു.

ഇനി രജനി സദാനന്ദനും  എനിക്കും ആകാംഷയുടെയുടെയും ഉത്കണ്ടയുടെയും   ദിവസങ്ങളെയാണ്  അഭിമുഖീകരിക്കേണ്ടത്. ഞങ്ങള്‍ ഇവിടെ അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങള്‍  താഴെ പറയുന്നവയാണ്. (ഇതിനു സമാനമായ പല ചോദ്യങ്ങളും അന്തി സമയത്ത്  അലിയാര്‍ മാഷുടെ ശബ്ദത്തില്‍ നിങ്ങള്‍ ടി വി ചാനലിലൂടെ മുന്‍പ് നിശ്ചയമായും കേട്ടിട്ടുണ്ടാകും)
 രജനി സദാനന്ദന്റെ കത്ത്  മന:ശ്ശാസ്ത്രഞനായ  ഡോക്ടര്‍. മാത്യു കെ വല്ലൂരിനു  ലഭിക്കുമോ ?

അദ്ദേഹം അതിനു വാരികയിലൂടെ ഒരു മറുപടിനല്കുമോ ?
അങ്ങിനെയെങ്കില്‍  ആ മറുപടി എന്തായിരിക്കും?
 ഇങ്ങിനെ ഒരുപിടിയുമില്ലാത്ത  ചോദ്യങ്ങള്‍ തലയിലേറ്റി ഞാനും രജനി സദാനന്ദന്‍ കാത്തിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക