Image

കൊട്ടിക്കലാശത്തിന് ഇനിയൊരു പകല്‍ മാത്രം; പരമാവധി ശക്തി പ്രകടിപ്പിക്കാന്‍ മൂന്ന് മുന്നണികളും

കല Published on 20 April, 2019
കൊട്ടിക്കലാശത്തിന് ഇനിയൊരു പകല്‍ മാത്രം; പരമാവധി ശക്തി പ്രകടിപ്പിക്കാന്‍ മൂന്ന് മുന്നണികളും

 കേരളത്തില്‍ യുഡിഎഫ് എല്‍ഡിഎഫ് പോരാട്ടമെന്നതായിരുന്നു കഴിഞ്ഞ ഇലക്ഷന്‍ കാലം വരെയുള്ള ചരിത്രം. എന്നാല്‍ ഇക്കുറി ഒരു ശക്തമായ മുന്നണി എന്ന നിലയില്‍ ബിജെപിയുടെ സാന്നിധ്യം കൂടി രണ്ടോ മൂന്നോ മണ്ഡലങ്ങളില്‍ യാഥാര്‍ഥ്യമാകുമ്പോള്‍ പോരാട്ടം കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഒന്നുകില്‍ എല്‍ഡിഎഫ് അല്ലെങ്കില്‍ യുഡിഎഫ് എന്ന പതിവ് സമവാക്യത്തിന് മൂന്നാമതൊരു ശക്തി കൂടി വെല്ലുവിളി ഉയര്‍ത്തുന്നു എന്നത് കൂടുതല്‍ വീര്യമുള്ള പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. പോരാട്ടത്തില്‍ നേരും നെറിയുമില്ലാതെ തേരോടിക്കുകയാണ് സകല മുന്നികളും ചെയ്യുന്നത്. ആ പടയോട്ടത്തിന്‍റെ കലാശക്കൊട്ടിന് ഇനി ഒരു പകല്‍ ദൈര്‍ഘ്യം കൂടി മാത്രം. ഞാറാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് ആറിന് പരസ്യപ്രചരണം കേരളത്തില്‍ അവസാനിക്കും.  
ചൊവാഴ്ച രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. 
ദൈവത്തിന്‍റെ പേര് പറഞ്ഞ് വോട്ട് ചോദിക്കരുത് എന്ന ഇലക്ഷന്‍ കമ്മീഷന്‍റെ നിര്‍ദേശത്തെ കാറ്റില്‍പറത്തി ശബരിമല അയ്യപ്പന്‍റെ പേരില്‍ വോട്ട് ചോദിക്കുന്നത് ഈ ഇലക്ഷന്‍ കാലത്തെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു. പറയാന്‍ രാഷ്ട്രീയവും ജനകീയ പ്രശ്നങ്ങളും വികസനവും ഒന്നുമില്ലാത്തവര്‍ ദൈവത്തെ രക്ഷിക്കാനെന്നും പറഞ്ഞ് വോട്ട് ചോദിക്കുന്നത്. എല്ലാത്തിനെയും രക്ഷിക്കുന്ന ദൈവത്തിനെ താനൊക്കെ എന്തിനാടോ രക്ഷിക്കാന്‍ നടക്കുന്നത് എന്ന് ആരും തിരിച്ചു ചോദിച്ചതുമില്ല. 
സ്ഥാനാര്‍ഥിയുടെ ജാതി പറഞ്ഞ് ഇകഴ്ത്തുന്ന കാഴ്ച ഇങ്ങ് പത്തനംതിട്ടയില്‍ കാണമായിരുന്നു. നായര്‍ ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥി ഈഴവനാണെന്നും ഈഴവ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ഇതേ ബിജെപി സ്ഥാനാര്‍ഥി നായരാണെന്നും പറഞ്ഞ് വോട്ട് കൊടുക്കരുതെന്ന് എന്ന് പ്രചരണം നടത്തിയ പുരോഗമന പാര്‍ട്ടിക്കാരാണ്. 
അമേഠിയില്‍ ഇടമില്ലാതെ രാഹുല്‍ ഗാന്ധി ഓടിയെത്തിയത് കേരളത്തിലെ വയനാടാണ്. വെള്ളവും വെളിച്ചവുമില്ലാത്ത അമേഠി പോലെയാകുമോ ഇനി വയനാട് എന്ന പേടിയിലാണ് ഇപ്പോള്‍ നാട്ടുകാര്‍. ദൈവഭക്തിയാണ് ഏറ്റവും കൂടുതല്‍ ചിലവാകുന്ന സംഗതിയെന്ന് കണ്ട് ചാനലുകളെ കാണിക്കാന്‍ തുലാഭാരം തൂക്കാന്‍ പോയ ശശി തരൂരിന്‍റെ തലയില്‍ ത്രാസ് പൊട്ടി വീണ് പരിക്ക് പറ്റിയതും കേരളം കണ്ടു. അങ്ങനെ എന്തെല്ലാം നാടകങ്ങള്‍. ഈ നാടകങ്ങള്‍ക്കെല്ലാം ഇനി ഒരു പകല്‍ കൂടി മാത്രം ദൈര്‍ഘ്യം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക