Image

നാദിര്‍ഷ കര്‍മ്മഫലത്തില്‍ വിശ്വസിക്കുന്നു (മീട്ടു റഹ്മത്ത് കലാം)

Published on 20 April, 2019
നാദിര്‍ഷ കര്‍മ്മഫലത്തില്‍ വിശ്വസിക്കുന്നു (മീട്ടു റഹ്മത്ത് കലാം)
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്നീ ഹിറ്റുചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി.

ഒരേപേരുള്ള മൂന്ന് അപരിചിതര്‍ കണ്ടുമുട്ടുമ്പോള്‍ വികസിക്കുന്ന കഥയാണല്ലോ 'മേരാ നാം ഷാജി'യുടേത്. അധികം പേര്‍ക്കില്ലാത്ത നാദിര്‍ഷ എന്ന പേര് ജീവിതത്തില്‍ ഗുണം ചെയ്തിട്ടുണ്ടോ?

വാപ്പയുടെ ജ്യേഷ്ഠനാണ് എനിക്ക് പേരിട്ടത്. രണ്ടാം അലക്സാണ്ടര്‍ എന്ന് വിളിച്ചിരുന്ന പേര്‍ഷ്യന്‍ ചക്രവര്‍ത്തി നാദിര്‍ഷ മുഹമ്മദിനെ ഓര്‍ത്തുകൊണ്ടൊന്നും ആയിരുന്നില്ല അത്. മൂത്താപ്പയുടെ മകന്റെ പേര് നൗഷാദ് എന്നായതുകൊണ്ട് അതേ അക്ഷരത്തില്‍ തുടങ്ങുന്നൊരു പേര് എന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു. ഷാജി എന്നൊരു നാട്ടുകാരനെയോ കൂട്ടുകാരനെയോ കുറിച്ച് പറയുമ്പോള്‍ 'ഏതു ഷാജി' എന്നു ചോദിച്ച് , മുഴുവന്‍ പേരും വിലാസവും പറയേണ്ട സാഹചര്യം ഉണ്ടായേക്കാം. ഏത് ജാതിയിലും ഷാജിമാരുണ്ട്. ബിജുമേനോന്‍, ബൈജു, ആസിഫ് അലി എന്നിവരാണ് നമ്മുടെ സിനിമയില്‍ ഷാജിമാരായി എത്തുന്നത്.
നാദിര്‍ഷ എന്ന് പേരുള്ള ആളുകളെ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും അതിന്റെ പേരിലൊരു കണ്‍ഫ്യൂഷന്‍ വന്നിട്ടില്ല. പതിനായിരംപേരുള്ള ആള്‍ക്കൂട്ടത്തില്‍ നിന്നുപോലും പരമാവധി മൂന്ന് പേര്‍ക്ക് മാത്രമേ ഈ പേരുണ്ടാകാന്‍ സാധ്യതയുള്ളൂ. പരിചയപ്പെടുമ്പോള്‍ ഓര്‍മയില്‍ നില്‍ക്കാന്‍ വ്യത്യസ്തതയുള്ള പേര് സഹായകമാകുമെന്ന് തോന്നിയിട്ടുണ്ട്.

മുന്‍പ് ചെയ്ത മൂന്ന് ചിത്രങ്ങളുടെയും സംഗീത സംവിധാനം സ്വയം നിര്‍വഹിച്ചു. എമില്‍ മുഹമ്മദ് എന്ന സംഗീത സംവിധായകനിലേക്ക് എത്തിപ്പെട്ടതിനു പിന്നില്‍?

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ സത്യത്തില്‍ ഞാന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നവയല്ല. ഏറ്റെടുത്തവര്‍ ഉപേക്ഷിച്ചപ്പോഴാണ് ഞാന്‍ ചെയ്താലോ എന്നാലോചിക്കുന്നത്. മേരാ നാം ഷാജി എന്ന പ്രോജക്ടിന്റെ ഭാഗമാകുന്നതും അവിചാരിതമായിട്ടാണ്. സംഗീത സംവിധാനം ചെയ്യാന്‍ വേണ്ടിയാണ് തിരക്കഥാകൃത്ത് ദിലീപ് പൊന്നന്‍ കഥ പറയുന്നത്. മേരാ നാം ഷാജി എന്ന ടൈറ്റില്‍ ഞാനാണ് സജസ്റ്റ് ചെയ്തത്. ഓരോ ധാന്യമണിയിലും അതാര് കഴിക്കണമെന്ന് എഴുതിയിട്ടുണ്ടെന്ന് പറയുന്നതുപോലെ ഈ ചിത്രത്തിന്റെയും സംവിധായകനാകേണ്ട സാഹചര്യം വന്നുചേരുകയായിരുന്നു. കട്ടപ്പന തമിഴിലേക്ക് 'അജിത് ഫ്രം അറുപ്പുകോട്ടൈ' എന്ന പേരില്‍ എടുക്കുമ്പോള്‍ സംവിധാനവും സംഗീതവും ഞാന്‍ തന്നെയാണ് ചെയ്തത്. അതിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്യാനെത്തിയത് എമില്‍ മുഹമ്മദ് എന്ന മലയാളിയാണ്. മലയാളത്തില്‍ എന്‍ട്രി ആഗ്രഹിക്കുന്നതായി പറഞ്ഞ് കന്നടയില്‍ ചെയ്തപാട്ടുകള്‍ കേള്‍പ്പിച്ചു.അതോടെ കഴിവുണ്ടെന്ന് ബോധ്യപ്പെട്ടു. ഞാന്‍ ശുപാര്‍ശ ചെയ്താല്‍ ഉടനെ ഒരു അവസരം കിട്ടുമോ എന്നുറപ്പില്ലാത്തതുകൊണ്ടാണ് എന്റെ ചിത്രത്തിലേക്കുതന്നെ വിളിച്ചത്. ആ തീരുമാനം ശരിയായിരുന്നു. ഈ സിനിമയിലെ 'മര്‍ഹബ' എന്ന ഖവാലി ഗാനത്തെ അഭിനന്ദിച്ചുകൊണ്ട് എ.ആര്‍. റഹ്മാന്‍ സാറിന്റെ സഹോദരി റെയ്ഹാന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അത് ഞങ്ങളുടെ മുഴുവന്‍ ടീമിനും ഒരുപാട് സന്തോഷം നല്‍കിയ അനുഭവമാണ്.

തമിഴ് സിനിമയെക്കുറിച്ച്?
'അജിത് ഫ്രം അറുപ്പുകോട്ടൈ' തമിഴ് പ്രേക്ഷകരുടെ ആസ്വാദനരീതി അനുസരിച്ചുള്ള മാറ്റങ്ങളോടെയാണ് ഒരുക്കിയിട്ടുള്ളത്. വിജയ് ടിവിയില്‍ ശിവാകാര്‍ത്തികേയന്‍ അവതരിപ്പിച്ചിരുന്ന ഷോ അദ്ദേഹം സിനിമയിലേക്ക് പോയപ്പോള്‍ ഏറ്റെടുത്ത ആങ്കര്‍ ദീനയാണ് ചിത്രത്തിലെ നായകന്‍. അവതരണത്തിന്റെ പ്രത്യേകതകൊണ്ടുതന്നെ റേറ്റിംഗില്‍ മുന്നിലായ പരിപാടിയാണത്. ജയ് ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ദീനയുടെ ജനപ്രീതി ചിത്രത്തിന് ഗുണം ചെയ്യുമെന്നാണ് വിശ്വാസം. ധര്‍മജന്‍ ബോള്‍ഗാട്ടി തന്നെയാണ് തമിഴിലും സുഹൃത്തിന്റെ റോളില്‍ എത്തുന്നത്. ഡോ. സക്കറിയ തോമസും ദിലീപുമാണ് നിര്‍മാതാക്കള്‍.

ദിലീപ്-നാദിര്‍ഷ സൗഹൃദം?
ഇരുപത്തിമൂന്ന് വര്‍ഷങ്ങളായി രണ്ടുവ്യക്തികള്‍ക്ക് സൗഹൃദം നിലനിര്‍ത്താന്‍ കഴിയുന്നുവെങ്കില്‍ രണ്ടുഭാഗത്തുനിന്നും ആ ബന്ധത്തിന്റെ പേരില്‍ ഒരു മുതലെടുപ്പ് നടക്കുന്നില്ലെന്ന് മനസിലാക്കാം. കാര്യസാധ്യത്തിനുവേണ്ടി സൗഹൃദം നടിക്കാം, പക്ഷെ ആ ബന്ധം നിലനില്‍ക്കില്ല. കുടുംബപരമായും ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പമാണ്- അമ്മമാര്‍ തമ്മില്‍, ഭാര്യമാര്‍ തമ്മില്‍, അനിയന്മാര്‍ തമ്മില്‍, മക്കള്‍ തമ്മില്‍ എല്ലാം. ദിലീപിന്റെ മകള്‍ മീനൂട്ടിയും എന്റെ മകളും കൂടി ഡബ്‌സ്മാഷ് ചെയ്ത വിഡിയോ കണ്ട് തലമുറകള്‍ പിന്നിടുന്ന സൗഹൃദം എന്ന് ഓണ്‍ലൈനില്‍ തലക്കെട്ട് കണ്ടിരുന്നു. നമ്മളെ സംബന്ധിച്ച് അതുവാര്‍ത്തയല്ല, ബന്ധങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്.

നന്ദികേടിന്റെ ലോകമെന്ന് ഫിലിം ഇന്‍ഡസ്ട്രിയെ പരക്കെ പറയുമെങ്കിലും താങ്കള്‍ രംഗത്തേക്ക് കൊണ്ടുവന്നവരാണെന്ന് പല പ്രമുഖരും നന്ദിയോടെ സ്മരിച്ച് കണ്ടിട്ടുണ്ട്. ഇതിനെ ഭാഗ്യമായി കരുതുന്നുണ്ടോ?

നമ്മള്‍ രംഗത്തുകൊണ്ടുവന്നതുകൊണ്ട് ഒരാളുടെ ജീവിതം പാഴായി എന്നുകേള്‍ക്കേണ്ടി വരാത്തത് ഭാഗ്യമാണ്. കഴിവുണ്ടെന്ന് തോന്നിയവര്‍ക്ക് അവസരം ലഭിക്കാന്‍ നിമിത്തമായതില്‍ സന്തോഷമുണ്ട്. ആ പേരുംപറഞ്ഞ് അവരുടെ ഡേറ്റ് വാങ്ങാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. തിരക്കുകള്‍കൊണ്ട് അവരിലൊരാള്‍ 'നോ' പറഞ്ഞാല്‍ സാഹചര്യം മനസിലാക്കും. ഒരിക്കലും പരാതി പറഞ്ഞിട്ടില്ല. ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നിടത്ത് എന്നെ എത്തിക്കാന്‍ കാരണക്കാരായ ഒരുപാടുപേരുണ്ട്. അപ്പോള്‍, ചെയ്തകാര്യങ്ങള്‍ക്ക് പ്രതിഫലം ആഗ്രഹിക്കാതിരിക്കുക. പറത്തിവിട്ടുകഴിഞ്ഞാല്‍ പക്ഷിക്ക് പുറകെ പോകാറില്ല. അതുകൊണ്ടുകൂടിയാണ് ബന്ധങ്ങള്‍ക്ക് കോട്ടം തട്ടാത്തത്.

കര്‍മ്മമഫലത്തില്‍ വിശ്വസിക്കുന്നുണ്ടോ?

തീര്‍ച്ചയായും. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നുള്ളതാണ് അനുഭവം. ഒരാളെ കൈപിടിച്ച് നടത്തിയിട്ടുണ്ടെങ്കില്‍, നമുക്കൊരു ഇടര്‍ച്ച വരുമ്പോള്‍ സഹായത്തിന് കൃത്യമായി ആരുടെയെങ്കിലും ഇടപെടല്‍ ഉണ്ടാകും. ഓരോ വര്‍ഷവും മുന്നോട്ടുപോകുന്നത് ഒന്ന് ഒന്നിനേക്കാള്‍ മെച്ചപ്പെട്ട രീതിയിലാണ്. അതൊരിക്കലും നമ്മുടെ കഴിവുകൊണ്ടുമാത്രമല്ല, കര്‍മ്മഫലം കൊണ്ടുകൂടിയാണ്.

നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന ചിത്രം ഉടനെ പ്രതീക്ഷിക്കാമോ?
വ്യക്തിപരമായ അടുപ്പത്തിന്റെ പേരില്‍ ഒരാളുടെ ഡേറ്റ് വാങ്ങി അവര്‍ക്കുവേണ്ടി ഒരു സിനിമ ചെയ്യുന്ന രീതിയോട് എനിക്ക് താല്പര്യമില്ല. അബി എന്റെ വളരെ അടുത്ത സുഹൃത്താണ്. ഷെയിന്‍ നിഗത്തിന്റെ കുമ്പളങ്ങി നൈറ്റ്സിലെ പ്രകടനം കണ്ട്, സുഹൃത്തിന്റെ മകന്റെ കഴിവില്‍ അഭിമാനം തോന്നി. എന്നുകരുതി അവനുവേണ്ടി ഒരു സിനിമ ഉണ്ടാക്കാന്‍ എനിക്ക് കഴിയില്ല. മുന്‍പില്‍ എത്തുന്ന സ്‌ക്രിപ്റ്റ് ചെയ്യാന്‍ ഷെയ്ന്‍ ആണ് യോജിച്ചതെന്നുതോന്നിയാല്‍ ഡേറ്റ് ചോദിച്ച് അങ്ങോട്ട് ചെല്ലുകയും ചെയ്യും. ദിലീപിന്റെ കാര്യത്തിലും അതാണ് സ്റ്റാന്‍ഡ്. അങ്ങനൊരു സിനിമ ആലോചനയിലുണ്ട്. എപ്പോള്‍ സാധ്യമാകുമെന്ന് പറയാന്‍ കഴിയില്ല. കടപ്പാട്: മംഗളം 
നാദിര്‍ഷ കര്‍മ്മഫലത്തില്‍ വിശ്വസിക്കുന്നു (മീട്ടു റഹ്മത്ത് കലാം)നാദിര്‍ഷ കര്‍മ്മഫലത്തില്‍ വിശ്വസിക്കുന്നു (മീട്ടു റഹ്മത്ത് കലാം)നാദിര്‍ഷ കര്‍മ്മഫലത്തില്‍ വിശ്വസിക്കുന്നു (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക