Image

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്‌ വിശ്വാസികള്‍ക്കൊപ്പമാണെന്ന്‌ ശശി തരൂര്‍

Published on 21 April, 2019
ശബരിമല  വിഷയത്തില്‍ കോണ്‍ഗ്രസ്‌ വിശ്വാസികള്‍ക്കൊപ്പമാണെന്ന്‌ ശശി തരൂര്‍

തിരു: ശബരിമലയിലെ വിഷയത്തില്‍ കോണ്‍ഗ്രസ്‌ വിശ്വാസികള്‍ക്കൊപ്പമാണെന്നും ഇക്കാര്യത്തില്‍ വിശ്വാസികളെ ചതിച്ചതു ബിജെപിയാണെന്നും തിരുവനന്തപുരത്തെ യുഡിഎഫ്‌ സ്ഥാനാര്‍ഥി ശശി തരൂര്‍. ട്രിവാന്‍ഡ്രം വിമണ്‍സ്‌ കോണ്‍ക്ലേവ്‌ സംഘടിപ്പിച്ച സംവാദം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിനു കോടതിയില്‍ ഹരജി നല്‍കാനും പാര്‍ലമെന്റില്‍ നിയമ നിര്‍മാണം നടത്താനും ഓര്‍ഡിനന്‍സ്‌ കൊണ്ടുവരുവാനും സാധിക്കുമായിരുന്നു. എന്നാല്‍ അതവര്‍ ചെയ്‌തില്ല. പകരം ശബരിമലയെ ഒരു സുവര്‍ണാവസരമായാണു ബിജെപി കണ്ടത്‌.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്‌തു. ചില വിശ്വാസങ്ങളുടെ കാര്യം വരുമ്പോള്‍ മാത്രം കാണിക്കുന്ന ജാഗ്രത സംസ്ഥാന സര്‍ക്കാര്‍ ശബരിമലയുടെ കാര്യത്തില്‍ പുലര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു വര്‍ഷം ഭരണത്തിലിരുന്ന ബിജെപി രാജ്യത്തെ സാധാരണ ജനങ്ങളെ മറന്നു. വനിതാ സംവരണ ബില്‍ പാസാക്കുമെന്നു പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷവും അതിനെക്കുറിച്ച്‌ ഒന്നും മിണ്ടിയില്ല. എന്നിട്ട്‌ ഈ തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികയിലും പഴയ വാഗ്‌ദാനം തന്നെ ഉള്‍പ്പെടുത്തി. വാഗ്‌ദാനങ്ങളൊന്നും പാലിക്കാത്ത സര്‍ക്കാരാണ്‌ ബിജെപിയുടേത്‌. എന്നാല്‍ കോണ്‍ഗ്രസ്‌ അങ്ങനെയല്ലെന്നും പറയുന്നതു ചെയ്യുമെന്നും തരൂര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക