Image

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ കൂട്ടക്കുരുതി; കൊല്ലപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയും

Published on 21 April, 2019
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ കൂട്ടക്കുരുതി; കൊല്ലപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയും


കാസര്‍കോട്: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയായ റഫീനയാണ് കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുള്ളത്.

ദുബായിയില്‍ താമസിക്കുന്ന ഇവര്‍ കൊളംബോയിലുള്ള ബന്ധുക്കളെ കാണാനായി ശ്രീലങ്കയില്‍ എത്തിയിരുന്നു.

ഇവരുടെ പിതാവിനും സഹോദരങ്ങള്‍ക്കുമെല്ലാം കൊളംബോയില്‍ ബിസിനസുണ്ട്. കൊളംമ്‌ബോയിലെ ഹോട്ടലില്‍ താമസിച്ചു വരികയായിരുന്നു ഇവര്‍. 


ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളില്‍ നടന്ന സ്ഫോടനത്തില്‍ 35 വിദേശികളടക്കം 192 പേര്‍ മരിച്ചു.


500ലധികം പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചനകള്‍.
പ്രാദേശിക സമയം 8.45 ഓടെയാണ് സ്ഫോടനം നടന്നത്. 


സ്‌ഫോടന സമയത്ത് പള്ളികളിലെല്ലാം ഈസ്റ്റര്‍ ദിന പ്രാര്‍ഥനകള്‍ നടക്കുകയായിരുന്നുവെന്ന് ശ്രീലങ്കന്‍ പോലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നീ ഹോട്ടലുകളിലുമാണ് ഫോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടല്‍ സിന്നമണ്‍ ഗ്രാന്‍ഡ്.


മരണസംഖ്യ 207 ആയതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറഞ്ഞു.  എല്‍ടിടിഇ കാലത്തെ ആഭ്യന്തര സംഘര്‍ഷത്തിനു ശേഷം ശ്രീലങ്കയിലുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. ഏഴുപേര്‍ അറസ്റ്റിലായെന്നും തിരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു.

സ്‌ഫോടനത്തെത്തുടര്‍ന്ന് രാജ്യത്ത് വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ രാജ്യത്തു താല്‍ക്കാലികമായി നിരോധിച്ചു.


സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ കൂട്ടക്കുരുതി; കൊല്ലപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക