Image

ശ്രീലങ്കന്‍ സ്ഫോടനത്തിന് പിന്നിലുള്ള 13 പേര്‍ പിടിയില്‍; മരണസംഖ്യ 290 കടന്നു

Published on 22 April, 2019
ശ്രീലങ്കന്‍ സ്ഫോടനത്തിന് പിന്നിലുള്ള 13 പേര്‍ പിടിയില്‍; മരണസംഖ്യ 290 കടന്നു

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ കണ്ണീരില്‍ കുതിര്‍ത്ത സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ശ്രീലങ്ക തലസ്ഥാനമായ കൊളംബോയിലെ രണ്ടിടങ്ങളില്‍ നിന്ന് 13 പേര്‍ അറസ്റ്റിലായി. ശ്രീലങ്കന്‍ സ്വദേശികളാണ് പിടിയിലായവരെല്ലാം. 

എന്നാല്‍ അക്രമങ്ങള്‍ക്ക് പിന്നില്‍ വിദേശ ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണെന്നു പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പറഞ്ഞു. 

സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 290 കടന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അഞ്ചൂറോളം പേര്‍ക്ക് സാരമായ പരിക്കുണ്ട്. 

എല്‍.ടി.ടി കാലത്തെ ആഭ്യന്തര സംഘര്‍ഷത്തിന് ശേഷം ശ്രീലങ്കയിലുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. അതേ സമയം ശ്രീലങ്കയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. എന്നുവരെ നിരോധനാജ്ഞ തുടരുമെന്ന് തീര്‍ച്ചയായിട്ടില്ല. 

സ്‌ഫോടനത്തിന് പിന്നില്‍ ആരെന്ന ചോദ്യത്തിന് തൗഹിദ് ജമാഅത്തിലേക്കാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ വിരല്‍ചൂണ്ടുന്നത്. ഐ.എസിനെ അനുകൂലിക്കുന്ന ഏഷ്യന്‍ മേഖലയിലെ ഇസ്ലാമിക ഭീകരവാദ ചെറു ഗ്രൂപ്പാണ് തൗഹിദ് ജമാഅത്ത്. മാലാദ്വീപ് മുതല്‍ ബംഗ്ലാദേശ് വരെ ഐ.എസ് സ്വാധീനത്തില്‍ ഇത്തരം ചെറുഗ്രൂപ്പുകളുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് തൗഹിദ് ജമാഅത്ത്. തമിഴ്‌നാട്ടില്‍ ഈ സംഘടനയ്ക്ക് ശക്തമായ സാന്നിധ്യമുണ്ട്. നേരത്തെ ചില ഹിന്ദു സംഘടന നേതാക്കളെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഈ സംഘടനയുടെ സാന്നിധ്യം വ്യക്തമായിരുന്നു. 

ശ്രീലങ്കല്‍ തമിഴ് പുലികളുടെ അവസാനത്തിന് ശേഷം ഇസ്ലാമിക ഭീകര സംഘടനകള്‍ വേരുപിടിക്കാന്‍ ഏറെ ശ്രമം നടത്തിയിരുന്നു. ഈ സംഘടനകള്‍ നടത്തിയ ചെറിയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സിംഹളര്‍ മുസ്ലിംങ്ങളെ വംശീയമായി അക്രമിക്കുന്നതിലേക്കും കൊണ്ടു ചെന്നെത്തിച്ചിരുന്നു. ഇത്തരം വംശീയ അക്രമങ്ങള്‍ തീവ്രവാദി സംഘടനകള്‍ക്ക് കൂടുതല്‍ ശക്തി നേടിക്കൊടുത്തു. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ നിര്‍ണായക സ്വാധീനമുള്ള സംഘനടയാണ് തൗഹിത്ത് ജമാഅത്ത്. ഇവിടെ ശരിഅത്ത് നിയമം നടപ്പിലാക്കാന്‍ വരെ ഇവര്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ നടന്ന സ്‌ഫോടനം വീണ്ടുമൊരു വംശീയ കലാപത്തിലേക്ക് ശ്രീലങ്കയെ കൊണ്ടുചെന്നെത്തിക്കുമോ എന്ന് അന്താരാഷ്ട്ര സമൂഹം ഭയക്കുന്നുണ്ട്. ശ്രീലങ്കന്‍ സര്‍ക്കാര്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് അതീവ ജാഗ്രതയിലുമാണ്. 

ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ഇത് ഗൗരവമായി എടുക്കുകയും അക്രമണം ചെറുക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നില്ലെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ.
ഏപ്രില്‍ 22ന് മുമ്പ് ശ്രീലങ്കയില്‍ അക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം ഇന്ത്യ ഏപ്രില്‍ നാലിന് തന്നെ ഔദ്യോഗികമായി കൈമാറിയിരുന്നു. തൗഹിദ് ജമാഅത്ത് എന്ന തീവ്രവാദി സംഘടന ചാവേറാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്ത്യന്‍ ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ വ്യക്തമായ വിവരങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാരിന് ഇന്ത്യ കൈമാറി. തഹിദ് ജമാഅത്ത് പാല്‍മുനയില്‍ അക്രമണത്തിന്റെ റിഹേഴ്‌സല്‍ നടത്തിയിരുന്നുവെന്നും ഇന്ത്യയുടെ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ശ്രീലങ്കന്‍ അധികൃതര്‍ ഇത് വേണ്ടത്ര ഗൗരവത്തില്‍ എടുത്തില്ലെന്നാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 

സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച 24 പേരെ ഇതിനകം ശ്രീലങ്കന്‍ പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. എന്നാല്‍ ഏത് സംഘടനയാണ് അക്രമണത്തിന് പിന്നിലെന്ന് ഇതുവരെയും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഇത് ഉടന്‍ തന്നെ പുറത്തുവിടുമെന്ന് വിക്രമസിംഗെ അറിയിച്ചു.

സ്ഫോടനത്തില്‍ മരിച്ച കാസര്‍കോട് സ്വദേശിനി റസീന ഖാദര്‍ പണ്ട് തമിഴ്പുലികള്‍ തട്ടിക്കൊണ്ടുപോയി 29 ദിവസം ബന്ദിയാക്കിയ മലയാളി മൊഗ്രാല്‍ പുത്തൂരിലെ പി.എസ്. അബ്ദുള്ള ഹാജിയുടെ മകള്‍.പുലികളുടെ കേന്ദ്രമായ ജാഫ്നയില്‍നിന്ന് 90 കിലോമീറ്ററോളം അകലെയുള്ള വാവുനിയയില്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവായിരുന്നു അബ്ദുള്ള ഹാജി.

1989 ഡിസംബര്‍ അവസാനം ഒരു വെള്ളിയാഴ്ചയാണ് ശ്രീലങ്കയില്‍ തമിഴരുടെ മോചനത്തിനായി പോരാടിയിരുന്ന ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എല്‍.ടി.ടി.ഇ.) എന്ന തമിഴ്പുലികള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയത്. 29 ദിവസമാണ് അബ്ദുള്ള ഹാജി ഇവരുടെ പിടിയില്‍ കഴിഞ്ഞത്. തട്ടിക്കൊണ്ടു പോയതിനു ശേഷം വന്‍തുക മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു.

അബ്ദുള്ള ഹാജിയുടെ പാര്‍ട്ടിയായ യു.എന്‍.പി.യിലെ പ്രേമദാസ് ആയിരുന്നു അന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്. കൂടാതെ വിദേശകാര്യമന്ത്രി ഷാഹുല്‍ ഹമീദ്, സ്പീക്കര്‍ എം.എ. മുഹമ്മദ് തുടങ്ങിയവരൊക്കെ അടുത്ത സുഹൃത്തുക്കളും ആയിരുന്നു.

എന്നാല്‍ ഇവരുടെ ഇടപെടല്‍ ഫലവത്താകാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ വന്‍തുക കൊടുത്താണ് അദ്ദേഹത്തെ മോചിപ്പിച്ചത്.

തടവിലായിരുന്ന സമയത്ത് ഭാര്യ റുഖ്യബി ഷംനാടിന് പലതവണ അദ്ദേഹം കത്തയച്ചിരുന്നു. എന്നാല്‍ ഇതെല്ലാം മോചന ദിവസം മാത്രമാണ് പുലികള്‍ റുഖിയാബിക്ക് നല്‍കിയത്.
1949-ല്‍ 15-ാം വയസ്സില്‍ മൊഗ്രാല്‍ പുത്തൂരില്‍നിന്ന് ശ്രീലങ്കയിലേക്ക് കുടിയേറിയത്.
 
Join WhatsApp News
നിങ്ങളുടെ പ്രാര്‍ത്ഥന 2019-04-22 07:59:35
പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ബോംബ് പൊട്ടി മരിച്ച ശ്രീലങ്കയിലെ മനുഷ്യർക്കും അവരുടെ ആശ്രിതർക്കും‌ വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവർക്കും നന്ദി... നിങ്ങളുടെ പ്രാർത്ഥന അവർക്ക് നല്ല ആശ്വാസം കൊടുക്കുന്നുണ്ട് എന്ന് കൂടി വിശ്വസിച്ചോളൂ...!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക