Image

ഗര്‍ഭിണിപ്പശു അഥവാ `വര്‍ഗീയ ഭൂതം'

ഇബ്രാഹിം കോട്ടക്കല്‍ Published on 23 April, 2012
ഗര്‍ഭിണിപ്പശു അഥവാ `വര്‍ഗീയ ഭൂതം'
മതസൗഹാര്‍ദത്തിനും ഉയര്‍ന്ന സാംസ്‌കാരിക ബോധത്തിനും പേരുകേട്ട സംസ്ഥാനമാണത്രെ കേരളം. ആ കേരളത്തിലാണ്‌ കേവലമൊരു മന്ത്രിനിയമനത്തിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവും സമുദായ സ്‌പര്‍ദയുമുണ്ടാക്കാന്‍ സര്‍ക്കാര്‍ വിലാസം പരിപാടികള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. സര്‍ക്കാറെന്നു പറഞ്ഞാല്‍ കോണ്‍ഗ്രസും മുസ്ലിംലീഗും കേരള കോണ്‍ഗ്രസുമൊക്കെ ഉള്‍പ്പെട്ടതാണ്‌. മുസ്ലിംലീഗില്‍ ഭൂരിഭാഗം മുസ്ലിംകളും കേരള കോണ്‍ഗ്രസില്‍ ഭൂരിഭാഗം ക്രിസ്‌ത്യാനികളുമാണെന്നത്‌ സത്യം. എന്നാല്‍, കോണ്‍ഗ്രസ്‌ അങ്ങനെയാണോ? അത്‌ ഭൂരിപക്ഷ സമുദായത്തിന്റെ പാര്‍ട്ടിയാണോ? കാര്യങ്ങളുടെ പോക്കും ചെന്നിത്തലയുടെ ചെരിവും കണ്ടാല്‍ അങ്ങനെയും സംശയിക്കണം. ചെന്നിത്തല ചെരിയുമ്പോള്‍ മുട്ടില്‍ ഇഴഞ്ഞ്‌ ഭൂരിപക്ഷക്കൂറ്‌ കാണിക്കാനാണോ ഉമ്മന്‍ചാണ്ടി തത്രപ്പെടുന്നതെന്ന്‌ സംശയം.

ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വാതന്ത്രൃത്തിനും അതിലെ ജനങ്ങളെ ഒറ്റക്കെട്ടായി സ്വാതന്ത്രൃ സമരത്തില്‍ അണിനിരത്താനും രൂപവത്‌കരിക്കപ്പെട്ടതാണല്ലോ മതേതര ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസ്‌. ചിലപ്പോഴൊക്കെ ഉത്തരേന്ത്യയിലെ ചില കോണ്‍ഗ്രസ്‌ നേതാക്കളുടെ ഖദര്‍ വേഷ്ടിക്കുള്ളില്‍നിന്ന്‌ സംഘ്‌പരിവാറിന്റെ ട്രൗസര്‍ നിഴലിച്ചുകണ്ട അവസരങ്ങളുണ്ടായിട്ടുണ്ടെങ്കിലും കേരളത്തിലതിന്റെ നിഴലൊന്നും ഇതുവരെ വീണുകണ്ടിട്ടില്ല. പക്ഷേ, മന്ത്രിമാരുടെ എണ്ണത്തിന്റെ പേരില്‍ ന്യൂനപക്ഷ പ്രീണകനെന്ന ആക്ഷേപത്തില്‍നിന്ന്‌ തടിയൂരാന്‍ ഭൂരിപക്ഷ പ്രീണനത്തിന്റെ വക്കില്‍ കടിച്ച്‌ ഉമ്മന്‍ചാണ്ടി പുതിയ തുടക്കം കുറിച്ചതുകാണുമ്പോള്‍ ചില സംശയങ്ങളേറുകയാണ്‌.

ഗര്‍ഭിണിപ്പശുക്കളെ കൊല്ലുന്നത്‌ തടയാന്‍ നിയമനിര്‍മാണം നടത്തുമെന്നാണ്‌ മന്ത്രിസഭയുടെ പുതിയ പ്രഖ്യാപനം. വരാന്‍പോകുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടാണ്‌ തീരുമാനമെന്ന്‌ തെറ്റിദ്ധരിക്കേണ്ട കാര്യമില്ല. മിണ്ടാപ്രാണികളെ കശാപ്പുകാരായ കശ്‌മലന്മാരില്‍നിന്ന്‌ രക്ഷിക്കുക എന്നതില്‍ സദുദ്ദേശ്യമേ കാണേണ്ടതുള്ളൂ. മാത്രമല്ല, ഇത്‌ കുഞ്ഞൂഞ്ഞിന്റെ പൈലറ്റ്‌ പദ്ധതിയാണെന്നും ധരിക്കേണ്ട. ഗോവധ നിരോധം കര്‍ശനമാക്കിയ നരേന്ദ്ര മോഡിയുടെ ഗുജറാത്തും മധ്യപ്രദേശും ഛത്തിസ്‌ഗഢും മുന്നിലുണ്ട്‌. കര്‍ണാടകയും ഇതേ പാതയിലാണ്‌. ഗോവധ നിരോധത്തിന്‌ 2010ല്‍ തയാറാക്കിയ ബില്‍ ചില മിനുക്കുപണികള്‍ നടത്തി വീണ്ടും രാഷ്ട്രപതിക്കയക്കാനാണ്‌ അവരുടെ നീക്കം. 2013ലെ തെരഞ്ഞെടുപ്പ്‌ ലക്ഷ്യംവെച്ച്‌ അടുത്ത നിയമസഭാ സമ്മേളനത്തില്‍തന്നെ ബില്‍ അവതരിപ്പിക്കാനും തുടര്‍ന്ന്‌ രാഷ്ട്രപതിയുടെ അംഗീകാരത്തിനയക്കാനുമാണ്‌ കര്‍ണാടകയുടെ പരിപാടി.

കാര്യങ്ങളിങ്ങനെ നീങ്ങുമ്പോള്‍ രാജ്യത്ത്‌ മറ്റു ചില സംഭവങ്ങളും അരങ്ങേറുന്നുണ്ട്‌. ആന്ധ്രയിലെ ഉസ്‌മാനിയ യൂനിവേഴ്‌സിറ്റിയില്‍ ഈയിടെ സംഘടിപ്പിച്ച 'മാട്ടിറച്ചി മേള' (ബീഫ്‌ ഫെസ്റ്റിവെല്‍) സംഘര്‍ഷത്തിലാണ്‌ കലാശിച്ചത്‌. യൂനിവേഴ്‌സിറ്റി കാമ്പസില്‍ മാട്ടിറച്ചി നിരോധിച്ചതിനെതിരെയാണ്‌ ദലിത്‌, ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ മേള സംഘടിപ്പിച്ചത്‌. ഭക്ഷണത്തില്‍ ഇറച്ചിയില്ലാതെ പുതുതലമുറ എങ്ങനെ ജീവിക്കും. ഇറച്ചി കഴിക്കാതെയും ജീവിക്കാമെന്ന അനുഭവസാക്ഷ്യവുമായി എ.ബി.വി.പി ഇതിനെതിരെ രംഗത്തുവന്നു. സംഘര്‍ഷമായി, അടിയായി, കത്തിക്കുത്തായി. അതിന്റെ അലയടങ്ങിയിട്ടില്ല.

മധ്യപ്രദേശില്‍ ഗോവധ നിരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന്‌ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ ദലിത്‌, ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ 'ബീഫ്‌, പോര്‍ക്ക്‌ ഈറ്റിങ്‌ കാമ്പയിന്‌' തുടക്കം കുറിച്ചിരുന്നു. ഇതിന്‌ കൗണ്ടര്‍ എന്ന നിലക്ക്‌ 'സ്റ്റുഡന്റ്‌സ്‌ എഗെയ്‌ന്‍സ്റ്റ്‌ ബീഫ്‌ ആന്‍ഡ്‌ പോര്‍ക്ക്‌' എന്ന പേരില്‍ എ.ബി.വി.പിയും കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്‌. ഇനി ഇതിന്റെയൊക്കെ യൂനിറ്റുകള്‍ക്ക്‌ കേരളത്തിലും സ്‌കോപ്പായി. സംഘടനാ പ്രവര്‍ത്തകര്‍ക്ക്‌ സെക്രട്ടേറിയറ്റ്‌ മാര്‍ച്ചിനും പൊലീസിന്‌ ലാത്തി, ജലപീരങ്കി, കണ്ണീര്‍ വാതക പ്രയോഗങ്ങള്‍ക്കും വകുപ്പായി. പാവം ഗോക്കളുണ്ടോ ഈ പുകിലെല്ലാം അറിയുന്നു.

ഒരാള്‍ എന്തു കഴിക്കണമെന്ന്‌ സ്‌റ്റേറ്റ്‌ തീരുമാനിക്കുമ്പോള്‍ ഇറച്ചിതീനികള്‍ സംഘടിക്കുക സ്വാഭാവികം. സംഘര്‍ഷത്തിനുള്ള ഒരായുധം ഭരണകൂടംതന്നെ ജനങ്ങളുടെ കൈയില്‍ വെച്ചുകൊടുത്താല്‍ അത്‌ ആവശ്യമുള്ളപ്പോഴൊക്കെ പ്രയോഗിക്കാം. പക്ഷേ, കേരളം അത്രത്തോളം പോയിട്ടില്ല. ഗര്‍ഭിണികളുടെ വയറു കുത്തിക്കീറി ഗര്‍ഭസ്ഥ ശിശുവിനെ കുന്തത്തില്‍ നിര്‍ത്തിയ സംഭവം ഗുജറാത്തില്‍നിന്ന്‌ പുറത്തുവന്നിട്ടുണ്ടെങ്കിലും ഗര്‍ഭിണിയായ പശുവിനോട്‌ ഈ ക്രൂരത കാണിക്കാന്‍ മതവും സമുദായവും ഏതാണെങ്കിലും കേരളീയര്‍ക്ക്‌ ധൈര്യം വരുമെന്ന്‌ തോന്നുന്നില്ല.
ഇത്രയൊന്നും കുഞ്ഞൂഞ്ഞ്‌ ചിന്തിച്ചിട്ടുണ്ടാവില്ല. ഗര്‍ഭിണികളായ പശുക്കളുടെ സുഖപ്രസവം ഉറപ്പാക്കുക, യുവജനങ്ങള്‍ക്ക്‌ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ആരോഗ്യ രംഗത്തെ വികസന സാധ്യതകള്‍ ഉപയോഗപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ്‌ തീരുമാനത്തിന്‌ പിന്നിലുള്ളതെന്ന്‌ മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി. ഗര്‍ഭിണിയെ കൊല്ലരുതെന്ന്‌ പറയുമ്പോള്‍ ഗര്‍ഭിണികളല്ലാത്തവയെ കൊല്ലാമെന്നാണല്ലോ അര്‍ഥമാക്കേണ്ടത്‌. അങ്ങനെ വേണമെങ്കില്‍ ഗര്‍ഭിണിപ്പശുക്കളേതെന്ന്‌ തിരിച്ചറിയണം. അതിനായി അള്‍ട്രാ സൗണ്ട്‌ സ്‌കാന്‍ സെന്ററുകള്‍, മൂത്രപരിശോധനക്ക്‌ മെഡിക്കല്‍ ലബോറട്ടറികള്‍ തുടങ്ങിയവ തുറക്കണം. സംസ്ഥാനത്തെ പശുക്കളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ കേരളത്തിന്റെ മുക്കിലും മൂലയിലും അറവുശാലകളോടനുബന്ധിച്ചും അല്ലാതെയും സ്‌കാന്‍ സെന്ററുകളും ലബോറട്ടറികളും ആരംഭിക്കേണ്ടിവരും. ഗോക്കളുടെ മൂത്രം ശേഖരിക്കാനാണെങ്കില്‍ തൊഴിലുറപ്പുകാരുടെ സേവനം ഉറപ്പുവരുത്താം.

ഗര്‍ഭിണിപ്പശു വധ നിരോധം നടപ്പാക്കുന്നത്‌ ഗോവധ നിരോധത്തിന്റെ ആദ്യപടിയാണെന്ന്‌ ചിലര്‍ വ്യാഖ്യാനിച്ചു കാണുന്നുണ്ട്‌. സ്‌കാനിങ്‌ സെന്ററുകള്‍, ലബോറട്ടറികള്‍ തുടങ്ങിയ അനന്ത വികസന സാധ്യതകള്‍ കളഞ്ഞുകുളിച്ച്‌ പൂര്‍ണ ഗോവധ നിരോധത്തിലേക്ക്‌ പോകാന്‍ മന്ത്രിസഭയിലെ രണ്ടാമത്തെ ശക്തിയായ മുസ്ലിംലീഗ്‌ സമ്മതിക്കുമോ?

'ഗര്‍ഭിണിപ്പശു കശാപ്പ്‌ നിരോധ നിയമം' കൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിക്കുന്നിടത്തോളം കാര്യങ്ങളെത്തിച്ചതിന്റെ ക്രെഡിറ്റ്‌ കുഞ്ഞാലിക്കുട്ടിക്കും മുനീറിനും മഞ്ഞളാംകുഴി അലിക്കും മാത്രം അവകാശപ്പെട്ടതല്ല. ആര്യാടനും സുകുമാരന്‍ നായര്‍ക്കും രമേശ്‌ ചെന്നിത്തലക്കുമെല്ലാം ഇതില്‍ തുല്യാവകാശം ചാര്‍ത്തിക്കൊടുക്കണം. അടിവേരു മാന്തുമ്പോള്‍ ഏറ്റവും അടിയില്‍ തെളിഞ്ഞുവരുന്നത്‌ കുഞ്ഞാലിക്കുട്ടിയായിരിക്കും. മുനീറിനെ തഴയാന്‍ തീരുമാനിച്ച്‌ അലിക്ക്‌ മന്ത്രിപ്പണി ഓഫര്‍ ചെയ്‌തത്‌ കുഞ്ഞാലിക്കുട്ടിയാണെന്നാണല്ലോ ലീഗുകാര്‍ ഇപ്പോള്‍ പറയുന്നത്‌. ഇന്ത്യാവിഷന്‍ ചെയര്‍മാനേക്കാള്‍ മുന്തിയത്‌ മന്ത്രിപ്പണിയാണെന്ന്‌ മുന്‍ അനുഭവത്തില്‍നിന്ന്‌ മനസ്സിലാക്കിയ മുനീര്‍ വിട്ടുകൊടുക്കാതിരുന്നതുകൊണ്ട്‌ ലീഗിന്‌ അഞ്ചാം മന്ത്രിയെന്ന അവകാശവാദമുണ്ടായി. 10 മാസം കാത്തിരുന്നിട്ടും അഞ്ചാം മന്ത്രി പിറന്നുകാണാത്തതിനെ തുടര്‍ന്ന്‌ കാലിട്ടടിച്ച്‌ കരഞ്ഞിട്ടാണെങ്കിലും അലിയുടെ പൂതി നടപ്പായിക്കിട്ടിയതു കൊണ്ടും രമേശ്‌ ചെന്നിത്തല നായന്മാര്‍ക്കു വേണ്ടി നിലയുറപ്പിച്ചതുകൊണ്ടും മന്ത്രിസഭയിലെ നായന്മാര്‍ക്ക്‌ കൂടുതല്‍ സ്‌ട്രോങ്ങായ വകുപ്പുകള്‍ കിട്ടി. ആഭ്യന്തരം കൈവിട്ട്‌ അതീവ ഉദാരത കാട്ടിയിട്ടും പോരെന്ന്‌ ചിലര്‍ അടക്കംപറഞ്ഞതുകൊണ്ടാണ്‌ കേരളത്തിലെ ഗര്‍ഭിണിപ്പശുക്കളുടെ രക്ഷകനായി കുഞ്ഞൂഞ്ഞ്‌ സ്വയം അവതരിച്ചത്‌.

ഇപ്പോള്‍ സാമുദായിക, വര്‍ഗീയ, ജാതിക്കോമരങ്ങള്‍ക്ക്‌ പരസ്യമായി ഉറഞ്ഞുതുള്ളാന്‍ കേരളത്തില്‍ ആവശ്യമായ നിലമൊരുങ്ങിക്കഴിഞ്ഞു. ഇനി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോഴും തുടര്‍ന്ന്‌ മന്ത്രിമാരെ നിശ്ചയിക്കുമ്പോഴും മതത്തിന്റെ, സമുദായത്തിന്റെ വിഹിതം ഉച്ചത്തില്‍ വിലപേശി വാങ്ങാന്‍ ജാള്യം തോന്നേണ്ടതില്ല. അതിനുണ്ടായിരുന്ന മറ സര്‍ക്കാര്‍തന്നെ നീക്കിക്കഴിഞ്ഞു. ഇത്രയൊക്കെ ചെയ്‌തിട്ടും നിങ്ങള്‍ സാമുദായികമായും വര്‍ഗീയമായും ചിന്തിക്കുന്നില്ലെങ്കില്‍ അത്‌ സര്‍ക്കാറിന്റെ കുറ്റമല്ല, നിങ്ങളുടേതു മാത്രമാണ്‌.

(കടപ്പാട്‌: മാധ്യമം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക