Image

കല്ലട ബസിന്റെ പെര്‍മിറ്റ്‌ റദ്ദാക്കാന്‍ നിര്‍ദേശിച്ച്‌ ഗതാഗത കമ്മീഷണര്‍; കര്‍ശന നടപടിയെന്ന്‌ ഡി.ജി.പി

Published on 22 April, 2019
കല്ലട ബസിന്റെ പെര്‍മിറ്റ്‌ റദ്ദാക്കാന്‍ നിര്‍ദേശിച്ച്‌ ഗതാഗത കമ്മീഷണര്‍; കര്‍ശന നടപടിയെന്ന്‌ ഡി.ജി.പി


ബസ്‌ യാത്രക്കാരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ബംഗളൂരു സര്‍വീസ്‌ നടത്തുന്ന കല്ലട ബസിന്റെ പെര്‍മിറ്റ്‌ റദ്ദാക്കും. ഗതാഗത കമ്മീഷണറാണ്‌ നിര്‍ദേശം പുറപ്പെടുവിച്ചത്‌. ബസ്‌ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ഡി.ജി.പി പറഞ്ഞു. ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച്‌ വരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബസ്‌, പൊലീസ്‌ പിടിച്ചെടുക്കും. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്പനി മാനേജരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. മര്‍ദ്ദനമേറ്റവരുടെ മൊഴിയെടുത്ത ശേഷം പ്രതികള്‍ക്കെതിരെ കൂടുതല്‍ കുറ്റം ചുമത്തും. കേടായ ബസിനു പകരം ബദല്‍ സംവിധാനം ഒരുക്കാന്‍ ആവശ്യപ്പെട്ടതിനാണ്‌ യുവാക്കളെ ബസ്‌ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്‌.

തിരുവനന്തപുരത്തു നിന്ന്‌ ബംഗളൂരുവിലേക്ക്‌ പോയ സുരേഷ്‌ കല്ലട ബസാണ്‌ അര്‍ദ്ധരാത്രി നടുറോഡില്‍ കേടായത്‌. ബംഗ്‌ളൂരുവില്‍ വിദ്യാര്‍ത്ഥികളായ മൂന്ന്‌ പേരെയാണ്‌ ജീവനക്കാരും മറ്റും സംഘം ചേര്‍ന്ന്‌ മര്‍ദ്ദിച്ചത്‌.

തിരുവനന്തപുരത്തു നിന്ന്‌ ശനിയാഴ്‌ച രാത്രി പത്തോടെ പുറപ്പെട്ട മള്‍ട്ടി ആക്‌സില്‍ എസി ബസ്‌ ഹരിപ്പാടിനു സമീപം കരുവാറ്റയില്‍ വെച്ച്‌ കേടായി. തുടര്‍ന്നു ഡ്രൈവറും ക്ലീനറും ബസില്‍ നിന്ന്‌ ഇറങ്ങിപ്പോവുകയായിരുന്നു. ഫോണുകള്‍ ഓഫ്‌ ചെയ്‌തെന്നും യാത്രക്കാര്‍ പറയുന്നു.

മണിക്കൂറുകളോളം പെരുവഴിയിലായ യാത്രക്കാര്‍ ജീവനക്കാരുമായി തര്‍ക്കമായി. തുടര്‍ന്ന്‌ ഹരിപ്പാട്‌ പൊലീസ്‌ ഇടപെടുകയും പകരം ബസ്‌ എത്തിച്ച്‌ യാത്ര തുടരുകയും ചെയ്‌തു. പുലര്‍ച്ചെ നാലരയോട ബസ്‌ കൊച്ചി വൈറ്റിലയിലെ കല്ലട ഓഫിസ്‌ പരിസരത്ത്‌ എത്തിയപ്പോഴായിരുന്നു ആക്രമണം.

ഹരിപ്പാട്ടെ തര്‍ക്കത്തിനു പകരം ചോദിക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ ബസിനുള്ളിലേക്കു കയറി യുവാക്കളെ തിരഞ്ഞു പിടിച്ച്‌ ആക്രമിക്കുകയായിരുന്നു.

തുടര്‍ന്ന്‌ ജീവനക്കാര്‍ ഇവരെ ബലമായി വലിച്ചിഴച്ച്‌ ബസിനു പുറത്താക്കി. ബസ്‌ ബംഗളൂരുവിലേക്കു യാത്ര തുടര്‍ന്നു. ഉറക്കത്തിലായിരുന്ന സ്‌ത്രീകളും കുട്ടികളും അടക്കം ഞെട്ടിയുണര്‍ന്നെങ്കിലും ഭയന്ന്‌ ആരും പ്രതികരിച്ചില്ല.

ഈ സമയം യാത്രക്കാരിലൊരാള്‍ മര്‍ദ്ദനത്തിന്റെ വീഡിയോ ഫെയ്‌സ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്‌തതോടെയാണ്‌ വിവരം പുറത്തറിഞ്ഞത്‌. പതിനഞ്ചോളം പേര്‍ ചേര്‍ന്നാണ്‌ യുവാക്കളെ മര്‍ദ്ദിച്ചതെന്ന്‌ ജേക്കബ്‌ ഫിലിപ്പ്‌ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക