Image

ഫ്രഞ്ച്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ സര്‍ക്കോസിക്ക്‌ തിരിച്ചടി

ജോസ്‌ കുമ്പിളുവേലില്‍ Published on 23 April, 2012
ഫ്രഞ്ച്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ സര്‍ക്കോസിക്ക്‌ തിരിച്ചടി
പാരീസ്‌: ഫ്രാന്‍സില്‍ ഞായറാഴ്‌ച നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടവോട്ടെടുപ്പില്‍ പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍ക്കോസിക്ക്‌ ശക്തമായ തിരിച്ചടി. 28.63 ശതമാനം വോട്ടു നേടി സോഷ്യലിസ്റ്റ്‌ സ്ഥാനാര്‍ഥിയായ ഫ്രാങ്കോയിസ്‌ ഹോളണ്‌ടെ ഒന്നാം സ്ഥാനത്തെത്തി.

എന്നാല്‍ ഒന്നാം റൗണ്‌ട്‌ വോട്ടെടുപ്പില്‍ യാഥാസ്ഥിതിക കക്ഷിക്കാരനായ സര്‍ക്കോസി 27.18 ശതമാനം വോട്ടു നേടി രണ്‌ടാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. തീവ്രവലതുപക്ഷ നാഷണല്‍ ഫ്രണ്‌ട്‌ പാര്‍ട്ടിയുടെ മാരിന്‍ ലെ പെന്‍ 17.9 ശതമാനം വോട്ടോടെ മൂന്നാം സ്ഥാനത്തെത്തി. തീവ്ര ഇടതുപക്ഷ നേതാവ്‌ ഴാങ്‌ ലുക്‌ മെലങ്കോണ്‍ 10.9 ശതമാനം വോട്ടു നേടി നാലാമതെത്തി.

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തന്നെ പ്രവചനങ്ങള്‍ മുഴവനും സര്‍ക്കോസിക്കെതിരായിരുന്നു. സര്‍ക്കോസി പിന്തള്ളപ്പെടുമെന്ന്‌ ഫ്രഞ്ച്‌, യൂറോപ്യന്‍ മാധ്യങ്ങള്‍ തുറന്നെഴുതിയിരുന്നു. 44.3 മില്യന്‍ ഫ്രഞ്ച്‌ ജനങ്ങളാണ്‌ വോട്ടിംഗില്‍ പങ്കെടുത്തത്‌. പത്തിലധികം സ്ഥാനാര്‍ഥികളായിരുന്നു മത്സരരംഗത്തുണ്‌ടായിരുന്നത്‌.

ഒന്നാം ഘട്ടത്തില്‍തന്നെ നിലവിലെ പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍ക്കോസി ഒരിക്കല്‍ക്കൂടി അധികാരം നിലനിര്‍ത്താനുള്ള സാധ്യതയും ഇതോടെ മങ്ങി. ആദ്യഘട്ടത്തിലെ പോളിംഗ്‌ ശതമാനം 2007 ലെ അപേക്ഷിച്ച്‌ കുറവായിരുന്നതും സര്‍ക്കോസിക്ക്‌ തിരിച്ചടിയായി.

മേയ്‌ ആറിന്‌ നടക്കുന്ന രണ്‌ടാംഘട്ട വോട്ടെടുപ്പില്‍ മുന്നിലെത്തുന്നയാള്‍ ഫ്രഞ്ച്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും. ഇപ്പോഴത്തെ നിലവച്ച്‌ ഫ്രാങ്കോയിസ്‌ ഹോളണ്‌ട്‌ പ്രസിഡന്റായി അധികാരമേല്‍ക്കാനാണ്‌ കൂടുതല്‍ സാധ്യത.
ഫ്രഞ്ച്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ സര്‍ക്കോസിക്ക്‌ തിരിച്ചടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക