Image

എറണാകുളത്തും വയനാട്ടിലും തള്ളിയ സരിതയുടെ നാമനിര്‍ദേശ പത്രിക അമേഠിയില്‍ സ്വീകരിച്ചതില്‍ ഗുരുതര നിയമ പ്രശ്‌നങ്ങളെന്ന്‌ റിപ്പോര്‍ട്ട്‌

Published on 23 April, 2019
എറണാകുളത്തും വയനാട്ടിലും തള്ളിയ സരിതയുടെ നാമനിര്‍ദേശ പത്രിക അമേഠിയില്‍ സ്വീകരിച്ചതില്‍ ഗുരുതര നിയമ പ്രശ്‌നങ്ങളെന്ന്‌ റിപ്പോര്‍ട്ട്‌


കൊച്ചി: എറണാകുളത്തെയും വയനാട്ടിലെയും വരണാധികാരികള്‍ തള്ളിയ, സോളാര്‍ കേസ്‌ പ്രതി സരിത എസ്‌ നായരുടെ നാമനിര്‍ദേശ പത്രിക അമേഠിയില്‍ സ്വീകരിക്കപ്പെട്ടത്‌ ഗുരുതരമായ നിയമ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട്‌.

ഒരാള്‍ക്കു രണ്ടു മണ്ഡലങ്ങളില്‍ നിന്നു മാത്രമേ മത്സരിക്കാവൂ എന്നിരിക്കെ മൂന്നാമതൊരു മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സ്വീകരിച്ചത്‌ സങ്കീര്‍ണമായ സാഹചര്യമാണെന്ന്‌ നിയമ വിദഗ്‌ധരെ ഉദ്ധരിച്ച്‌ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ജനപ്രാതിനിധ്യ നിയമ പ്രകാരം ഒരു സ്ഥാനാര്‍ഥിക്കു പരമാവധി രണ്ടു മണ്ഡലങ്ങളിലാണ്‌ പത്രി നല്‍കാനാവുക. ഇവ രണ്ടും നിരസിക്കപ്പെട്ടാല്‍ ആ സ്ഥാനാര്‍ഥിയെ മത്സരിക്കാന്‍ അയോഗ്യതയുള്ളയാളായാണ്‌ കണക്കാക്കേണ്ടതെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടതു ചൂണ്ടിക്കാട്ടിയാണ്‌ എറണാകുളത്തെയും വയനാട്ടിലെയും വരണാധികാരികള്‍ സരിത എസ്‌ നായരുടെ പത്രികള്‍ തള്ളിയത്‌. ഈ കേസുകളില്‍ ശിക്ഷാവിധി സസ്‌പെന്‍ഡ്‌ ചെയ്‌തിട്ടുണ്ടെങ്കിലും കുറ്റക്കാരിയെന്നു കണ്ടെത്തിയ നടപടി നിലനില്‍ക്കുന്നതായി ചൂണ്ടിക്കാട്ടിയാണ്‌ വരാണാധികളുടെ നടപടി.

ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പുകള്‍ പ്രകാരമാണ്‌ രണ്ടു മണ്ഡലങ്ങളിലെയും വരണാധികാരികള്‍ സരിതയുടെ പത്രികകള്‍ തള്ളിയത്‌. ഇതിനെതിരെ സരിത ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അമേഠിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്‌ സരിത വ്യക്തമാക്കിയത്‌. ആരും തന്റെ സ്ഥാനാര്‍ഥിത്വത്തെ ചോദ്യം ചെയ്‌തില്ലെന്നും സരിത പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക