Image

വിവി പാറ്റ്‌ മെഷിനില്‍ പാമ്പ്‌, വോട്ടിംഗ്‌ തുടങ്ങാന്‍ വൈകി

Published on 23 April, 2019
വിവി പാറ്റ്‌ മെഷിനില്‍ പാമ്പ്‌, വോട്ടിംഗ്‌ തുടങ്ങാന്‍ വൈകി


കണ്ണൂര്‍ പാര്‍ലമെന്റ്‌ മണ്ഡലത്തിലെ കണ്ടക്കൈ എല്‍ പി സ്‌കൂളിലെ 145-ാം നമ്പര്‍ ബൂത്തില്‍ വിവി പാറ്റ്‌ മെഷിനിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ വോട്ടിങ്‌ തുടങ്ങാന്‍ വൈകി. മോക്ക്‌ പോള്‍ നടക്കുന്ന സമയത്തായിരുന്നു സംഭവം. പാമ്പിനെ പിന്നീട്‌ നീക്കം ചെയ്‌ത ശേഷമാണ്‌ വോട്ടിങ്‌ ആരംഭിക്കാനായത്‌.

വോട്ടിങ്‌ യന്ത്രങ്ങളിലെ തകരാറ്‌ മൂലം സംസ്ഥാനത്ത്‌ വ്യാപകമായി വോട്ടിങ്‌ ആരംഭിക്കുന്നത്‌ വൈകിയിരുന്നു. കണ്ണൂരിലും പത്തനംതിട്ടയിലും ചില ബൂത്തുകളില്‍ ഒമ്പത്‌ മണി കഴിഞ്ഞ ശേഷമാണ്‌ പോളിങ്‌ ആരംഭിക്കാന്‍ സാധിച്ചത്‌.

കണ്ണൂരില്‍ മുഖ്യമന്ത്രി വോട്ടു ചെയ്യാനെത്തിയ ആര്‍.സി അമല ബേസിക്‌ സ്‌കൂളിലെ ബൂത്തിലും വോട്ടിങ്‌ യന്ത്രം തകരാറിലായിരുന്നു. ഇതേ തുടര്‍ന്ന്‌ അദ്ദേഹം തെരഞ്ഞെടുപ്പ്‌ കമ്മീഷനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

തിരുവനന്തപുരത്ത്‌ കോവളത്ത്‌ വോട്ടിങ്‌ യന്ത്രത്തില്‍ കൈപ്പത്തിക്ക്‌ വോട്ട്‌ ചെയ്യുമ്പോള്‍ താമരയ്‌ക്ക്‌ തെളിയുന്നതായി പരാതി ഉയര്‍ന്നിരുന്നു. കോവളം ചൊവ്വര 151ാം ബൂത്തിലായിരുന്നു പ്രശ്‌നം. വോട്ടിങ്‌ യന്ത്ര തകരാറില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി സി ദിവാകരനും മുഖ്യ തെരെഞ്ഞെടുപ്പ്‌ ഓഫീസറെ പരാതി അറിയിച്ചിരുന്നു.

ചേര്‍ത്തലയില്‍ കിഴക്കേ നാല്‍പത്‌ ബൂത്തിലും സമാനമായ പരാതി എല്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നു. മോക്ക്‌ പോളിനിടെ പോള്‍ ചെയ്യുന്ന വോട്ടുകളെല്ലാം ബി.ജെ.പിയ്‌ക്കാണ്‌ രേഖപ്പെടുത്തുന്നതെന്നാണ്‌ പരാതി. ഇതേ തുടര്‍ന്ന്‌ ഇവിടെ വോട്ടിങ്‌ യന്ത്രങ്ങള്‍ മാറ്റി.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക