Image

ത്രികോണ മത്സരം നടക്കുന്നിടത്തെല്ലാം കനത്ത പോളിംഗ്; പോളിംഗില്‍ മുന്നില്‍ വയനാട്

Published on 23 April, 2019
ത്രികോണ മത്സരം നടക്കുന്നിടത്തെല്ലാം കനത്ത പോളിംഗ്; പോളിംഗില്‍ മുന്നില്‍ വയനാട്

തിരുവനന്തപുരം ∙ ആദ്യ അഞ്ചു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കേരളത്തില്‍ കനത്ത പോളിങ്. ഉച്ചയ്ക്ക് 12.15ന് ലഭ്യമായ കണക്കുപ്രകാരം 31.45% ആണ് കേരളത്തിലെ ആകെ പോളിങ്. കടുത്ത ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് സീറ്റുകളിലും വിവിഐപി മണ്ഡലമായ വയനാട്ടിലും പോളിങ് ഉയര്‍ന്നുതന്നെ.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വന്നതോടെയാണു വയനാട്ടിലെ സ്ഥിതിഗതികള്‍ മാറുന്നത് . പോളിങ് 30.14 ശതമാനം. സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെ തന്നെ വിവിഐപി മണ്ഡലമെന്ന സവിശേഷത. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി.സുനീറും എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയും മത്സരം കടുപ്പിക്കുകയാണ് .

മൂന്നു മുന്നണികളും കരുത്തരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയ തിരുവനന്തപുരത്ത് 27.33 ആണ് പോളിങ് ശതമാനം. യുഡിഎഫിനായി സിറ്റിങ് എംപി ശശി തരൂരും എല്‍ഡിഎഫിനായി മുന്‍ മന്ത്രി സി.ദിവാകരനും എന്‍ഡിഎയ്ക്കു വേണ്ടി മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനുമാണു മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ തവണ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു എന്നതാണ് ഇടത്, വലതു മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടുന്നത്. സംഘടനാശേഷി പൂര്‍ണമായും സമാഹരിച്ച്‌ എല്‍ഡിഎഫും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പ്രത്യേക നിര്‍ദേശമുള്ളതിനാല്‍ യുഡിഎഫും കയ്യും മെയ്യും മറന്നാണു പ്രവര്‍ത്തിച്ചത്.

പ്രളയവും ശബരിമലയും മുഖ്യപ്രചാരണവിഷയമായ പത്തനംതിട്ടയില്‍ 31.0 ശതമാനമാണു പോളിങ്. ദേശീയതലത്തില്‍തന്നെ ശ്രദ്ധയാകര്‍ഷിച്ച മത്സരമാണിവിടെ. യുഡിഎഫിനായി സിറ്റിങ് എംപി ആന്റോ ആന്റണി മൂന്നാം തവണ പോരാട്ടത്തിനിറങ്ങുന്നു. എല്‍ഡിഎഫിനായി ആറന്‍മുള എംഎല്‍എ വീണാ ജോര്‍ജും എന്‍ഡിഎയ്ക്കായി കെ.സുരേന്ദ്രനും അണിനിരന്നതോടെയാണു പത്തനംതിട്ടയുടെ മനം പ്രവചനാതീതമായത്.

തൃശൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടം ഇക്കുറി ത്രികോണ മത്സരത്തിന്റെ ചൂടിലാണ്. പോളിങ് 32.11 ശതമാനം. സിപിഐ കഴിഞ്ഞതവണ ജയിച്ച രാജ്യത്തെ ഏക മണ്ഡലമായ തൃശൂരില്‍ സിറ്റിങ് എംപി സി.എന്‍.ജയദേവനു പകരം രാജാജി മാത്യു തോമസിനെയാണു പാര്‍ട്ടി നിയോഗിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി ടി.എന്‍.പ്രതാപന്‍ എത്തിയപ്പോഴും പതിവ് ഇടത്-വലതു പോരാട്ടത്തിന്റെ ഗൗരവമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ എന്‍ഡിഎയ്ക്കായി നടനും എംപിയുമായ സുരേഷ് ഗോപി ഇറങ്ങിയതോടെ കനത്ത പോരിനു കളമൊരുങ്ങി. ശബരിമലയായിരുന്നു പ്രധാന പ്രചാരണവിഷയം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക