Image

ഒറ്റപ്പാലം നഗരസഭ: യുഡിഎഫിനെ പുറത്താക്കി; പുതിയ രാഷ്ട്രീയ സമവാക്യം വരുന്നു

Published on 23 April, 2012
ഒറ്റപ്പാലം നഗരസഭ: യുഡിഎഫിനെ പുറത്താക്കി; പുതിയ രാഷ്ട്രീയ സമവാക്യം വരുന്നു
പാലക്കാട്: രാഷ്ട്രീയനാടകങ്ങള്‍ക്കും കൂറുമാറ്റത്തിനുമൊടുവില്‍ ഒറ്റപ്പാലം നഗരസഭയില്‍ പുതിയ രാഷ്ട്രീയ സമവാക്യം രൂപപ്പെടുന്നു. സി.പി.എം വിമതരും കോണ്‍ഗ്രസും ചേര്‍ന്നുള്ള ഒന്നരവര്‍ഷത്തെ ഭരണത്തിന് വിരാമമാകുമ്പോള്‍ കോണ്‍ഗ്രസ് വിമതര്‍ക്ക് സി.പി.എം പിന്തുണ നല്‍കി പുതിയ ഭരണം നിലവില്‍ വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇത് നടപ്പിലായാല്‍ വന്‍ രാഷ്ട്രീയ അട്ടിമറിക്കാകും ഒറ്റപ്പാലം നഗരസഭ സാക്ഷ്യം വഹിക്കുക. 

നഗരസഭാഭരണം യു.ഡി.എഫിന് നഷ്ടമായതിന് പിന്നാലെയാണ് സി.പി.എമ്മിന്റെ പിന്തുണ നേടി ഭരിക്കാന്‍ കോണ്‍ഗ്രസ് വിമതര്‍ നീക്കം നടത്തുന്നത്. നഗരസഭയില്‍ ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ ചെയര്‍പേഴ്‌സണ്‍ റാണി ജോസിനെതിരെ സി.പി.എം. കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായത് കോണ്‍ഗ്രസിലെ മൂന്നും ബി.ജെ.പിയിലെ രണ്ടും അംഗങ്ങള്‍ പിന്തുണച്ചതിനാലാണ്. ഹാജരായ 24 പേരില്‍ 21 പേരുടെ പിന്തുണയിലാണ് അവിശ്വാസം പാസായത്. 

ഡി.സി.സി. അംഗവും സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാനുമായ എസ്. ശെല്‍വന്‍, കെ. ബാബു, പാറുക്കുട്ടി എന്നിവര്‍ വിപ്പ് മറികടന്ന് വോട്ടുചെയ്തതാണ് അവിശ്വാസം പാസാകുന്നതില്‍ നിര്‍ണായകമായത്. ഇതില്‍ പാറുക്കുട്ടിയെ ചെയര്‍പേഴ്‌സണും എസ്. ശെല്‍വന്‍ വൈസ് ചെയര്‍മാനുമായി പുതിയ ഫോര്‍മുലയാണ് രൂപപ്പെട്ടിരിക്കുന്നത്. 

സി.പി.എമ്മിന്റെ പിന്തുണ തേടുമെന്ന് വിമതനീക്കത്തിന് ചുക്കാന്‍ പിടിച്ച എസ്. ശെല്‍വന്‍ വ്യക്തമാക്കി. ഒരു സ്വതന്ത്ര ഉള്‍പ്പടെ 16 പേരാണ് സി.പി.എം പക്ഷത്തുള്ളത്. സി.പി.എം. വിമതരില്‍നിന്ന് സി.പി.എം. പക്ഷത്തേക്ക് മാറിയ എ.കെ. പ്രബലയും അവിശ്വാസത്തെ പിന്തുണച്ചു. മൂന്നു കോണ്‍ഗ്രസ് വിമതര്‍ കൂടിയാകുമ്പോള്‍ ഭൂരിപക്ഷം തികയും. 

യു.ഡി.എഫിന് 11, ഒരു സ്വതന്ത്രയടക്കം സി.പി.എം. പക്ഷത്ത് 16, സി.പി.എം. വിമതര്‍ 5, ബി.ജെ.പി. 4 എന്നിങ്ങനെയാണ് കക്ഷിനില. സി.പി.എം. വിമതരുടെ പിന്തുണയിലാണ് യു.ഡി.എഫ്. ഭരിച്ചിരുന്നത്. 

ഏറെക്കാലമായി ശെല്‍വന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ നടന്ന പൊട്ടിത്തെറികളുടെ തുടര്‍ച്ചയാണ് ഭരണം തന്നെ യു.ഡി.എഫിന് നഷ്ടമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയത്. ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ മാറണമെന്ന ആവശ്യമാണ് ശെല്‍വന് ഒടുവിലുണ്ടായിരുന്നത്. ഇതും പരിഗണിക്കപ്പെടാത്തതിനാലാണ് ഭരണസമിതിയെ താഴെയിറക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങിയതെന്നാണ് സൂചന.

അവിശ്വാസം പരാജയപ്പെടുത്താനുള്ള വിപ്പ് ലംഘിച്ചതോടെ കോണ്‍ഗ്രസ്സിലെ മൂന്നംഗങ്ങളും അയോഗ്യതാഭീഷണിയിലാണ്. അവിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ബി.ജെ.പി.യിലും പൊട്ടിത്തെറിക്കിടയാക്കിയിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക