Image

ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ -15(മൈക്കല്‍ ഫാരഡെ- ജോര്‍ജ് പുത്തന്‍കുരിശ്)

ജോര്‍ജ് പുത്തന്‍കുരിശ് Published on 24 April, 2019
ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ -15(മൈക്കല്‍ ഫാരഡെ- ജോര്‍ജ് പുത്തന്‍കുരിശ്)
അന്ന് ഉര്‍ജ്ജതന്ത്ര ക്ലാസില്‍ ഡോ. രാധാകൃഷ്ണന്‍ ഫാരഡെയ്‌സ് ലോയേക്കുറിച്ചാണ് ക്ലാസ്സെടുക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ പ്രത്യേക ഉണര്‍വ്വോ ഉ•േഷമോ തോന്നിയില്ല. പക്ഷെ ഏത് ഉണര്‍വ്വ് ഇല്ലാത്തവരേയും ഉണര്‍ത്തി പഠിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിന് വരധാനമായി കിട്ടിയിട്ടുണ്ടാവണം.  അങ്ങനെയാണ് ആദ്യമായി മൈക്കല്‍ ഫാരഡെയെന്ന ആ വലിയ ശാസ്ത്രജ്ഞന്റെ ജീവിത കഥ കേള്‍ക്കാന്‍ ഇടയായത്. ആയിരത്തി എഴുനൂറ്റി തൊണ്ണൂറ്റി ഒന്ന് സ്‌പെതംബര്‍ ഇരുപത്തി രണ്ടാംതിയതിയാണ് മൈക്കല്‍ ഫാരഡെ ഇംഗ്ലണ്ടിലെ ന്യൂയിങ്ടണ്‍ ബട്ട്‌സ് എന്ന സ്ഥലത്ത് ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തികമായി അത്ര മെച്ചമായിരുന്നില്ല. അദ്ദേഹത്തിന്റെ പിതാവ്,  ഗ്ലാസൈറ്റസ് എന്നു പറയുന്ന ഒരു ക്രൈസ്തവ വിഭാഗത്തിലെ അംഗമായിരുന്നു. ആയിരത്തി എഴുനൂറ്റി തൊണ്ണൂറിലെ കൊടും ശൈത്യത്തില്‍ ജയിംസ് ഫാരഡെ, അദ്ദേഹത്തിന്റെ കുടുംബവുമായി ലണ്ടനിലേക്ക് മാറി താമസിച്ചു. അവിടെ അയാള്‍ ഒരു ഇരുമ്പു പണിക്കാരന്റെ കിഴില്‍ തൊഴില്‍ അഭ്യസിക്കാന്‍ ചേര്‍ന്നു. ആ വര്‍ഷത്തിലെ ശരത്കാലത്താണ് മൈക്കല്‍ ഫാരഡെ ജയിംസ് ദമ്പതികളുടെ മൂന്നാമത്തെ മകനായി ജനിച്ചത്. മൈക്കലിന് മാത്രമെ ആ കുടുംബത്ത ഏതെങ്കിലും തരത്തിലുള്ള വിദ്യഭ്യാസമുണ്ടായിരുന്നുള്ളു. അതും മറ്റു സഹായങ്ങള്‍ ഇല്ലാതെ സ്വയം പഠിച്ചെടുത്തതാണ്. പതിനാല് വയസ്സ് പ്രായമായപ്പോള്‍ അദ്ദേഹം ബ്ലാന്‍ഡ് ഫോര്‍ഡ് സ്ട്രീറ്റിലുള്ള ജോര്‍ജ് റിയബോ എന്ന വ്യക്തിയുടെ കീഴില്‍ ബുക്ക് ബൈന്‍ഡിങ്ങ് തൊഴില്‍ പരിശീലനത്തിന് ചേര്‍ന്നു. ഈ കാലഘട്ടത്തില്‍ അദ്ദേഹം പല ബുക്കുകളും വായിക്കാന്‍ ഇടയായി. ഈ സമയത്താണ് ഐസ്‌ക്ക് വാട്ട്‌സിന്റെ 'ദി ഇംമ്പ്രൂവ്‌മെന്റ ഓഫ് മൈന്‍ഡ് (മനസ്സിന്റെ അഭിവൃദ്ധിപ്പെടുത്തല്‍) എന്ന പ്രശസ്തമായ പുസ്തകം വായിക്കാന്‍ ഇടയായത്. അത് വായിച്ച് അതിലെ പല നിര്‍ദേശങ്ങളും അദ്ദേഹം അഭ്യസിക്കുകയും ചെയ്തു. അതോടൊപ്പം അദ്ദേഹത്തിന് ശാസ്ത്രവിഷങ്ങളിലും, പ്രത്യേകിച്ച് വിദ്യുച്ഛക്തിയെ സംബന്ധിച്ച വിഷയങ്ങള്‍ വായിക്കുന്നതിലും താത്പര്യമുണ്ടായിരുന്നു. ജെയിന്‍ മാര്‍സെറ്റിന്റെ 'കോണ്‍വര്‍സേഷന്‍ ഓണ്‍ കെമിസ്ട്രിയെന്ന' പുസ്തകം അദ്ദേഹത്തെ സ്വാധീനിക്കുകയും കൂടുതല്‍ ശാസ്ത്രവിഷങ്ങളില്‍ താത്പര്യമുണ്ടാക്കുകയും ചെയ്തു.

ആയിരത്തി എണ്ണൂറ്റി പന്ത്രണ്ടില്‍ ഇരുപതാം വയസ്സില്‍ അദ്ദേഹം ബുക്ക് ബൈന്‍ഡിങ്ങിലുള്ള പരീശലനം അവസാനിപ്പിക്കുകയും ശാസ്ത്രവിഷങ്ങള്‍ പഠിക്കുവാന്‍ കൂടുതല്‍ സമയം ചിലവഴിക്കുകയും ചെയ്തു. ഇതോടൊപ്പം റോയല്‍ സൊസൈറ്റിയില്‍ നിന്നുള്ള പ്രശസ്ത രസതന്ത്ര ശാസ്ത്രജ്ഞനും പല കണ്ടുപിടുത്തങ്ങളുടേയും കര്‍ത്താവായ സര്‍ ഹംഫ്‌റി ഡേവിസിന്റെയും സിറ്റി ഫിലോസഫിക്കല്‍ സൊസൈറ്റിയുടെ സ്ഥാപകനുമായ ജോണ്‍ റ്റാറ്റത്തിന്റേയും പ്രഭാഷണങ്ങളില്‍ പങ്കെടുക്കയും ശ്രദ്ധ വച്ച് കേള്‍ക്കുകയും ചെയ്തു. റോയല്‍ ഫിലന്‍ത്രോപ്പിക്ക് സൊസൈറ്റിയുടെ സ്ഥാപകരില്‍ ഒരാളായ വില്ല്യംസ് ഡാന്‍സ് ഫാരഡേയുടെ ഒരു മാര്‍ഗ്ഗദര്‍ശിയായിരുന്നു. ശാസ്ത്രവിഷങ്ങളില്‍ താത്പര്യമുള്ള ഫാരഡേയ്ക്ക് സര്‍ ഹംഫ്‌റി ഡേവിസിന്റെയും ജോണ്‍ റ്റാറ്റത്തിന്റേയും പ്രഭാഷണങ്ങള്‍ ശ്രവിക്കാനുള്ള ടിക്കറ്റ് നല്‍കിയത് വില്ല്യംസ് ഡാന്‍സായിരുന്നു. പ്രഭാഷണങ്ങള്‍ കേട്ടതിന് ശേഷം മുന്നൂറ് പേജുള്ള പ്രഭാഷണങ്ങളെ കുറിച്ചുള്ള കുറിപ്പുകള്‍ ഫാരഡെ സര്‍ ഹംഫ്‌റി ഡേവിസിന് അയച്ചു കൊടുത്തു. അദ്ദേഹത്തിന്റെ മറുപടി പ്രതീക്ഷിച്ചതിലും വേഗത്തില്‍ എത്തി. അത് വളരെ അനുകമ്പാപൂര്‍വ്വവും ഫാരഡേയ്ക്ക് ഹിതകരവുമായിരുന്നു. ആയിരത്തി എണ്ണൂറ്റി പതിമൂന്നില്‍ നൈട്രജന്‍ ക്ലോറയിഡുപയോഗിച്ചുള്ള പരിക്ഷണത്തില്‍ ഉണ്ടായ അപകടത്തില്‍ ഹംഫറിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടപ്പോള്‍ ഫാരഡേയെ അദ്ദേഹത്തിന്റെ സഹായി ആയി നിയമിച്ചു. ആകസ്മികം എന്നു പറയട്ടെ അതെ സമയത്തു തന്നെയായിരുന്ന റോയല്‍ ഇനിസ്റ്റിറ്റിയൂട്ടിലെ സഹായി ആയിരുന്ന ജോണ്‍ പെയിനിനെ ജോലിയില്‍ നിന്നും പറഞ്ഞു വിട്ടതും സര്‍ ഹംഫറിയോട് ഒരു പകരക്കാരനെ നിയമിക്കാന്‍ ആവശ്യപ്പെട്ടതും. ഘംഫറി യാതൊരു വൈമനസ്യവുമില്ലാതെ ഫാരഡേയെ ആ ഒഴിവിലേക്ക് നിയമിക്കുകയും ചെയ്തു. ഒട്ടും വൈകാതെ സര്‍ ഹംഫറി നൈട്രജന്‍ ക്ലോറയിഡിന്റെ പരീക്ഷണങ്ങള്‍ ഫാരഡേയെ ഏല്പിച്ചു. ആ പരീക്ഷണങ്ങളില്‍ വച്ചുണ്ടായ പൊട്ടിതെറിയില്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും പരിക്കേറ്റു എന്നുള്ളത് ഇവിടെ പ്രസ്ഥാവ്യമാണ്. 

വര്‍ഗ്ഗീയതായാല്‍ ഭിന്നമാക്കപ്പെട്ടിരുന്ന ഇംഗ്ലീഷ് സൊസൈറ്റിയില്‍ ഫരഡേയെ അവര്‍ ഒരു കുലീനനായി കരുതിയിരുന്നില്ല. 18131815 കാലഘട്ടങ്ങളില്‍   ഹംഫറി വന്‍കരകള്‍ സന്ദര്‍ശിക്കാന്‍ പോയ സമയം അദ്ദേഹത്തിന്റെ പരിചാരകന് പോകാന്‍ കഴിഞ്ഞില്ല. ആ സമയം ഹംഫറി ഫാരഡേയെ തന്റെ ശാസ്ത്രീയ പരീക്ഷണങ്ങളിലെ സഹായിയായും മറ്റൊരുപരിചാരകനെ കണ്ടെത്തുന്നത് വരെ ആ ജോലിയും നര്‍വ്വഹിക്കാനും ആവശ്യപ്പെട്ടുകൊണ്ട് കൂടെ കൊണ്ടുപോയി. ഫാരഡെ ആ രണ്ടു ജോലിയും ചെയ്യുവാന്‍ നിര്‍ബന്ധിതനായി. എന്നാല്‍ ഹംഫറിയുടെ ഭാര്യ ജെയിന്‍ അപ്രീസ് ഫാരഡേയോട്  ഏറ്റവും നിചമായാണ് പെരുമാറിയത്. അവരോടൊപ്പം സഞ്ചരിക്കാനോ ഭക്ഷണം കഴിക്കാനോ അവര്‍ അനുവദിച്ചില്ല. മറ്റു ഭൃത്യ•ാരോടൊപ്പം കഴിക്കാനും അവരുടെ കൂടെ താമസിക്കാനുമുള്ള സൗകര്യം ചെയ്തുകൊടുത്തു. ഫാരഡേയ്ക്ക് ജീവിതം ദുരിതപൂര്‍ണ്ണമായി തോന്നി ഇംഗ്ലണ്ടിലേക്ക് മടങ്ങിപോകാനും ശാസ്ത്രത്തോടുള്ള അഭിനിവേശം അവസാനിപ്പച്ചാലെന്താണെന്നും ചിന്തിച്ചു തുടങ്ങി. എന്നിരുന്നാലും ആ യാത്ര അദ്ദേഹത്തിന് ശാസ്ത്ര ലോകത്തിലെ പല ഉന്നത•ാരുമായി പരിചയപ്പെടാനും അതുപോലെ പല പൂതിയ ആശയങ്ങള്‍ക്ക് ഉത്തേജനം നല്‍കാനും സഹായിച്ചു. ആയിരത്തി എണ്ണൂറ്റി ഇരുപത്തിയൊന്നില്‍ ഫാരഡെ സാറായെ വിവാഹം ക്രൈസ്തവാചാര പ്രകാരം വിവിഹം കഴിച്ചു. ഫാരഡെ വളരെ അര്‍പ്പണ മനോഭാവമുള്ള ഒരു ക്രൈസ്തവ വിശ്വാസിയായിരുന്നു. അദ്ദേഹം ചര്‍ച്ചിലെ ഡീക്കനായും അതുപോലെ എല്‍ഡറായും സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു. ദൈവത്തിന്റെ ഏകതയും പ്രകൃതിയും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിറഞ്ഞു നിന്നിരുന്നു.

ഫാരഡേയെ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ ഇലക്ട്രിസിറ്റിയിലും മാഗ്‌നറ്റിസത്തിലുമുള്ള പഠനങ്ങളിലൂടെയാണ്. ഫാരഡേയുടെ ആദ്യത്തെ ശാസ്ത്ര പരീക്ഷണം ഏഴ് ഹാഫ്‌പെനിയു, ഏഴ് സിങ്ക് ഷീറ്റും ് ഉപ്പുവെള്ളം കൊണ്ട് ഈറനാക്കിയ ആറ് കടലാസ്സു കഷണങ്ങളും ചേര്‍ത്ത് എളുപ്പത്തില്‍ വാതകമോ വായുവോ ആയി തീരാവുന്ന ഒരു കൂമ്പാരം ഉണ്ടാക്കുകയായിരുന്നു. ഈ പരീക്ഷണത്തിലൂടെ അദ്ദേഹം സള്‍ഫേറ്റ് ഓഫ് മഗ്‌നീഷിയയുടെ മൂലധാതുവിനെ വേര്‍തിരിച്ചു. പ്രശസ്ത ഡാനീഷ് ഊര്‍ജ്ജതന്ത്ര ശാസ്ത്രജ്ഞനും രസതന്ത്ര ശാസ്ത്രജ്ഞനുമായ ഹാന്‍സ് ക്രിസ്ത്യന്‍ ഓര്‍സ്റ്റഡ് കണ്ടുപിടിച്ച വൈദ്യുതി പ്രവാഹം കാന്തിക ശക്തിയെ (ഇലക്റ്ററോ മാഗ്‌നറ്റിസം) ജനിപ്പിക്കുമെന്ന പ്രതിഭാസമുപയോഗിച്ച്, ഡേവിസും ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ വില്ല്യം ഹൈഡും ചേര്‍ന്ന് ഒരു ഇലക്ട്രിക്ക് മോട്ടോര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ ഫാരഡെ ഡേവിസും വില്ല്യസും പരാജയപ്പെട്ടടുത്തു നിന്നും തന്റെ ശ്രമം തുടരുകയും, കാന്തകശക്തി ഭ്രമണം (ഇലക്റ്ററോമാഗ്‌നിറ്റിക്ക് റൊട്ടേഷന്‍) ഉണ്ടാക്കുന്ന രണ്ടു ഉപകരണങ്ങള്‍ കണ്ടുപിടിച്ചു. രസത്തില്‍ (മെര്‍ക്കുറിയില്‍) മുങ്ങി നില്ക്കുന്ന ഒരു കാന്തത്തിനെ ചുറ്റി ചലിക്കുന്ന കമ്പിയിലൂടെ വൃത്താകാരത്തില്‍ കാന്തശക്തി ചലിക്കുമ്പോള്‍ ഉണ്ടാകുന്നതും ഇന്ന് നാം അറിയപ്പെടുന്ന ഹോമോപോളാര്‍ മോട്ടോര്‍ ഫാരഡെ കണ്ടുപിടിച്ച രണ്ടുപകരണങ്ങളില്‍ ഒന്നാണ്. ആധുനിക ഇലക്റ്ററോ മാഗ്‌നിറ്റിക്ക് തിയറിയുടെ അടിത്തറ പാകിയത് ഫാരഡെയുടെ ഈ കണ്ടു പിടുത്തങ്ങളാണ്. 

ഒരു ബുക്ക് ബൈന്‍ഡറായി ജീവിതം ആരംഭിച്ച ഫാരഡെ ഫീനിക്‌സ് പക്ഷി ശാസ്ത്രത്തിനു നല്‍കിയ സംഭാവനകള്‍ ഈ ചെറുലേഖനത്തിന് ഉള്‍കെള്ളാവുന്നതല്ല. ഇലക്റ്ററോ മാഗ്‌നിറ്റിക്ക് ഇന്‍ഡക്ഷന്‍, ഇലക്ടറിക്ക് ഡൈനമോ തുടങ്ങിയ കണ്ടുപിടുത്തുങ്ങള്‍ മനുഷ്യജീവിതത്തെ അഭിവൃദ്ധിപ്പെടുത്തുവാന്‍ എത്രമാത്രം സാഹായിച്ചു എന്നത് അവര്‍ണ്ണനീയമാണ്. ഒരു പ്രഭുകുടുംബത്തില്‍ ജനിക്കാത്തതിന്റെ അവഗണനകളും നിന്ദകളും ഒരിക്കലും ഈ ശാസ്ത്രകുതുകിയെ നിരാശപ്പെടുത്തിയില്ല. അദ്ദേഹത്തെ അവഗണിച്ചവര്‍ക്കുപോലും കിട്ടാത്ത ആദരവാണ് ലോകം അദ്ദേഹത്തിന് നല്‍കിയത്.  ലണ്ടനിലെ സവോയി പാലസിന്റെ മുന്നില്‍ നില്ക്കുന്ന ഫാരഡേയുടെ പ്രതിമയും, റോഡനി ഗാര്‍ഡനെന്ന പ്രശസ്തനായ വാസ്തുശില്പി രൂപകല്പന ചെയ്ത മൈക്കല്‍ ഫാരഡെ മെമ്മോറിയല്‍, ഫാരഡേയുടെ പേരില്‍ എര്‍പ്പെടുത്തി്‌യിരിക്കുന്ന സ്‌കൂളുകള്‍, വിവിധ കെട്ടിടങ്ങന്‍, ഊര്‍ജ്ജതന്ത്രത്തെയും കണ്ടുപിടത്തങ്ങളെ പ്രോത്സാഹിപ്പിക്കന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ആവാര്‍ഡുകളെല്ലാം ഈ മഹാനായ ശാസ്ത്രജ്ഞന്‍ മനുഷ്യരാശിക്ക് നല്‍കിയ സംഭാവാനകള്‍ക്ക് ലോകം നല്‍കുന്ന ചെറിയ ഉപകാരസ്മരണകളാണ്. 
ചിന്തമൃതം:
ആരെങ്കിലും അവര്‍ ശരിയാണെന്ന് അറിയുന്നത്‌പോലെ ഭയാനകമായി മറ്റൊന്നുമില്ല. (മൈക്കല്‍ ഫാരഡെ)

ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ -15(മൈക്കല്‍ ഫാരഡെ- ജോര്‍ജ് പുത്തന്‍കുരിശ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക