Image

മനോരമയുടെ 18ാമത് എഡീഷന്‍ ആലപ്പുഴയില്‍ തുടങ്ങി

Published on 23 April, 2012
മനോരമയുടെ 18ാമത് എഡീഷന്‍ ആലപ്പുഴയില്‍ തുടങ്ങി
ആലപ്പുഴ: മലയാളത്തിന്റെ സുപ്രഭാതം ഇനി ആലപ്പുഴയിലും. ആലപ്പുഴ, പ്രിന്‍സ് കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രൗഢ ഗംഭീര സദസായി നിറഞ്ഞ ജനസഞ്ചയത്തെ സാക്ഷി നിര്‍ത്തി പ്രതിരോധമന്ത്രി എ.കെ. ആന്റണി മലയാള മനോരമയുടെ പതിനെട്ടാമത് പതിപ്പ് ഉദ്ഘാടനം ചെയ്തു. 

ലളിതമായ ചടങ്ങില്‍ കേന്ദ്ര ഊര്‍ജ സഹമന്ത്രിയും പാര്‍ലമെന്റില്‍ ആലപ്പുഴയുടെ പ്രതിനിധിയുമായ കെ.സി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. തോമസ് ഐസക് എംഎല്‍എ, നഗരസഭാധ്യക്ഷ മേഴ്‌സി ഡയാന മാസിഡോ, മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു, എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. 

എല്ലാ മേഖലകളിലും പാരമ്പര്യമുള്ള സ്ഥലമായിരുന്നു ഒരു കാലത്ത് ആലപ്പുഴ. എന്നാല്‍ ഇന്ന് ആ പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമാണുള്ളത്. ആ ആലപ്പുഴയ്ക്ക് മജ്ജയും മാംസവും നല്‍കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഈ കാലഘട്ടത്തിലാണ് മനോരമ ഇങ്ങോട്ട് വരുന്നത്. ഇത് നാടിന് ഏറെ ഗുണകരമാകും. ദീര്‍ഘ വീക്ഷണത്തോടെ ചിന്തിക്കുകയും കാര്യങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന രീതിയാണ് മനോരമയുടേത്- യൂണിറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിരോധ മന്ത്രി പറഞ്ഞു. 

മാധ്യമങ്ങളുടെ ജോലി വാര്‍ത്ത ജനങ്ങളില്‍ എത്തിക്കുന്നതിന് അപ്പുറത്തേയ്ക്ക് വളര്‍ന്നിരിക്കുന്നു. കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് നടപ്പിലാക്കുന്നതില്‍ മനോരമ എന്നും മുന്നിലുണ്ടായിരുന്നു. ജില്ലയിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹിക്കുന്നതിനും മറ്റും സെമിനാറുകളും ചര്‍ചകളുമൊക്കെയായി ശക്തമായ ഇടപെടലാണ് മനോരമ ചെയ്തുവരുന്നത്. വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പ് നല്‍കാനുള്ള നിര്‍ദേശങ്ങളും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖയുമൊക്കെയായി എന്നും നിര്‍ണായകമായ പങ്കാണ് മനോരമ വഹിച്ചുവരുന്നത്- ആശംസകള്‍ നേര്‍ന്നുകൊണ്ട് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. 

ജനാധിപത്യത്തിന്റെ വളര്‍ച്ചയില്‍ മാധ്യമങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ആശംസ പ്രസംഗത്തില്‍ തോമസ് ഐസക് എംഎല്‍എ പറഞ്ഞു. ആലപ്പുഴയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്ന നടപടികളുമായി മുന്നോട്ട് പോകുന്ന അവസരത്തില്‍ മനോരമയുടെ ഈ വരവ് ഏറെ പ്രയോജനം ചെയ്യുമെന്ന് നഗരസഭാധ്യക്ഷ മേഴ്‌സി ഡയാന മാസിഡോ പറഞ്ഞു. 

ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക, സാമുദായിക നേതാക്കള്‍, കലാകാരന്മാര്‍, കര്‍ഷക- കയര്‍- മത്സ്യത്തൊഴിലാളികള്‍ തുടങ്ങി നാനാതുറകളില്‍ നിന്നുള്ളവര്‍ മനോരമയുടെ പുതുപതിപ്പ് പിറക്കുന്നതു കാണാന്‍ എത്തിയിരുന്നു. 

മനോരമയുടെ കേരളത്തിലെ പതിനൊന്നാമത്തെയും രാജ്യത്തെ പതിനെട്ടാമത്തെയും എഡിഷനാണ് ആലപ്പുഴയിലേത്. ദേശീയപാതയില്‍ കളപ്പുര ജംക്ഷനിലാണ് പുതിയ യൂണിറ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക