Image

മഴ (കഥ- ഭാഗം: 3- ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 25 April, 2019
മഴ (കഥ- ഭാഗം: 3- ജോണ്‍ വേറ്റം)
വോങ്ങ്, സൈലബിയെ ചോദ്യം ചെയ്തു. ശകാരിച്ചു. ഭീഷണിപ്പെടുത്തി. രണ്ട് കുടുംബങ്ങളെ നശിപ്പിക്കരുതെന്ന് താക്കീത് നല്‍കി. രണ്ട് കുടുംബങ്ങളെ നശിപ്പിക്കരുതെന്ന് താക്കീത് നല്‍കി. എന്നെ കാണുകയോ കാര്യം പറയുകയോ ചെയ്യരുതെന്നായിരുന്നു താക്കീത്. എങ്കിലും, മകളുടെ പ്രണയബന്ധത്തെപ്പറ്റി ഭാര്യയോട് പറഞ്ഞില്ല. ഒരപകടത്തില്‍പെട്ടു നഷ്ടപ്പെട്ട മകനെക്കുറിച്ചുള്ള ഓര്‍മ്മ നില്‍ക്കുന്ന മനസ്സില്‍ വീണ്ടും വേദന ചൊരിയരുതെന്ന ചിന്ത വാസ്തവസംഗതി മറച്ചുവച്ചു. മകളും ഒരു വിലാപമാകരുതെന്ന കരുതല്‍.

സൈലബി ദുഃഖിതയായെങ്കിലും, എന്നെ മറക്കാനോ കാണാതിരിക്കാനോ അവള്‍ക്ക് സാധിച്ചില്ല. ഒരു പരീക്ഷഘട്ടത്തിലായെങ്കിലും, എന്നിലുണ്ടായിരുന്ന വിശ്വാസവും പ്രത്യാശയും ശക്തമായിരുന്നു. ഹൃദയോഷ്മളമായ സ്‌നേഹം പ്രതിസന്ധിയെ ഭയന്നില്ല. കരുതലോടെയാണെങ്കിലും, പതിവായി പരസ്പരം കണ്ടു. എന്നാല്‍ സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അപ്പോള്‍ നിശ്ചയമില്ലായിരുന്നു. ഒളിച്ചോട്ടം ഒരു പ്രായോഗിക പരിഹാരവുമല്ലായിരുന്നു. എപ്പോഴും പരസ്പരം  ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്തുകൊണ്ട്, നല്ലൊരു ഭാവിക്കു വേണ്ടി കാത്തിരുന്നു.

എന്റെ സ്‌നേഹബന്ധം സംബന്ധിച്ചുണ്ടായ ഹൃദയവേദനകളില്‍ നിന്ന് മുക്തമാകുവാനും, കുടുംബസമാധാനം സ്ഥാപിക്കാനും എന്ത് ചെയ്യണമെന്ന് എന്റെ പപ്പാ ചിന്തിച്ചു. അനിവാര്യമായതു സ്വീകരിക്കാന്‍ സന്നദ്ധനായി. സഹായത്തിനുവേണ്ടി, വീണ്ടും വോങ്ങിനെ സമീപിച്ചു. അയാളുടെ ആന്തരികവേദനയും വികാരങ്ങളും മനസ്സിലാക്കി. ഹൃദയംഗമായ ആശയവിനിമയത്തിലൂടെ സഹകരണം ശക്തമാക്കി. നിസ്വാര്‍ത്ഥതയോടെ നേരിട്ടുസംസാരിച്ചു. ജീവിതത്തില്‍ ഭാരമേറ്റാതെ, സഹിച്ചും പരസ്പരം സഹകരിച്ചും പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. വിവേകപൂര്‍വ്വകവും ഗുണപരവുമായ ചുവടുകള്‍ അതിന് ആവശ്യമായിരുന്നു. ശാന്തമായി സംസാരിയ്ക്കുന്ന നാവുകള്‍ സഹായമായി സൗമ്യ ചര്‍ച്ചകള്‍ തുടര്‍ന്നു. അതിന്റെ ഫലമായിരുന്നു അനുഗ്രഹത്തിലേക്കുള്ള ആത്മീയപരിവര്‍ത്തനം. ലൂഹാന്‍വോങ്ങും കുടുംബവും കത്തോലിയ്ക്കാസഭയില്‍ ചേര്‍ന്നു! ഒരു പിതാവിന്റെ, പുത്രിക്കുവേണ്ടിയുള്ള, ത്യാഗം അതില്‍ മറഞ്ഞുനിന്നു. ദിവ്യമായ സമാധാനത്തിന്റെ ആരംഭമായിരുന്നു ആ മഹത്തരകര്‍മ്മം! അങ്ങനെ, ഒരു ഉയര്‍ന്ന സംതൃപ്തിയില്‍ ഞങ്ങളുടെ കുടുംബബന്ധം ശക്തിപ്പെട്ടു. ആനന്ദത്തിന്റെ ദിനങ്ങള്‍ മടങ്ങിവന്നു! പുതുവസന്തംപോലെ.
അപ്രതീക്ഷിതമായിരുന്നു ആ ഔദ്യോഗികക്ഷണം. അമേരിക്കയില്‍ നഴ്‌സിംഗ് ജോലി ചെയ്യുന്നതിന് എന്റെ മമ്മി അപേക്ഷിച്ചിരുന്നു. അത് അംഗീകരിച്ചുകൊണ്ടുള്ള അറിയിപ്പ്. എന്നിട്ടും, അത് ഉപേക്ഷിക്കുവാന്‍ മമ്മി തയ്യാറായി. അല്പകാലത്തേക്കെങ്കിലും എന്നെയും പപ്പായേയും വേര്‍പെടാനുള്ള മടി. എന്നാല്‍, കിട്ടിയ ഭാഗ്യം കളയരുതെന്നും, മറ്റുള്ളവര്‍ക്കും ഗുണകരമായതിനെ നിഷേധിക്കരുതെന്നും പപ്പാ ഉപദേശിച്ചു. നമ്മുടെ വിശ്വാസവും പ്രവര്‍ത്തിയുമാണ് വിഷാദത്തിലേക്കോ വിജയത്തിലേക്കോ നമ്മെ നയിക്കുന്നതെന്നും പറഞ്ഞു. അത് ഫലിച്ചു.

മമ്മി 'വിസാ' വാങ്ങി മടങ്ങിയെത്തിയപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. അമേരിക്കയില്‍ കുടിയേറിപാര്‍ക്കാനുള്ള അവസരം. എന്നാലും, ഞാന്‍ വിവാഹിതനായാല്‍ അമേരിക്കയിലെത്താനുള്ള എന്റെ സാദ്ധ്യത തടസ്സപ്പെടുകയോ അമാന്തിക്കുകയോ ചെയ്യുമായിരുന്നു. അതുകൊണ്ട്, മമ്മയുടെ അമേരിക്കന്‍ യാത്രക്ക് മുമ്പ് എന്റെ വിവാഹം നടത്തുവാന്‍ സാധിച്ചില്ല. എങ്കിലും, എന്റെയും സൈലബിയുടെയും മനസ്സമ്മതച്ചടങ്ങ്, മൈനാഗുരിയിലുള്ള, കത്തോലിക്കാ പള്ളിയില്‍ വച്ചു നടത്തി. പുളകിതമായൊരു ലക്ഷ്യത്തിലെത്തേണ്ട യാത്രയുടെ ആരംഭം. പ്രാര്‍ത്ഥനയില്‍ സൂക്ഷിച്ച സ്‌നേഹബന്ധത്തിന്റെ അംഗീകാരം.

മമ്മി അമേരിയ്ക്കയില്‍ ജോലിയില്‍ പ്രവേശിച്ചിട്ട് ഒരു മാസം കഴിഞ്ഞു. എനിക്കും പപ്പായ്ക്കും വിസ കിട്ടുന്നതിനുള്ള ക്രമീകരണം ചെയ്യിക്കുന്നുവെന്ന് അറിയിച്ചു. ഭാവികാര്യങ്ങള്‍ എങ്ങനെ ക്രമീകരിക്കണമെന്ന ചിന്തയില്‍ ഞാന്‍ മുഴുകി. ജീവിതം പുതുമേഖലയിലേക്ക് പോകുമെന്ന് ബോധ്യം വന്നതിനാല്‍, ഞാനും സൈലബിയും സന്തുഷ്ടരായി. ഞങ്ങള്‍-പ്രതിശ്രുതവധുര•ാര്‍- വീണ്ടും വോങ്ങിന്റെ കൂടെ ഡാര്‍ജിലിംഗില്‍ പോയി. ആകാശത്തിന്റെയും ഭൂമിയുടെയും മായാമോഹനരംഗങ്ങള്‍ കണ്ടു. സംതൃപ്തരായി മടങ്ങി! മൂന്ന് ദിവസം കഴിഞ്ഞ് സൈലബി മാതാപിതാക്കളോടൊത്ത് അവളുടെ പിതാമഹന്റെ വീട്ടിലേക്ക് പോയി.

ജല്പായ്ഗുരിയുടെ അയലത്ത് രണ്ട് ചെറിയ കുന്നുകളുടെ ഇടയിലൂടെ വിസ്തൃതമായ സമതലത്തിലേക്കൊഴുകുന്ന ഒരു നീര്‍ത്തോടിന്റെ തീരത്തായിരുന്നു വസതി. തടിയും മരപ്പലകകളും മുളയും ഉപയോഗിച്ചു പണിത അഞ്ഞൂറോളം വീടുകള്‍. അവയില്‍ ഒന്നായിരുന്നു വോങ്ങിന്റെ പിതൃഭവനം. തേയിലയും നെല്ലും സസ്യാദികളും കൃഷി ചെയ്യുന്ന രമണീയഭൂഭാഗമായിരുന്നു ആസമതലം. കുളിര്‍കാറ്റും മലകളുടെ മനോഹരദൃശ്യവും അവിടെ ലഭിക്കുമായിരുന്നു.

സൈലബി പിതാമഹന്റെ ഭവനത്തിലെത്തിയതിന്റെ പിറ്റേദിവസം. രാവിലെ, ഞാന്‍ ഓഫീസ് ജോലിക്ക് പോയി. അപ്പോള്‍, ആകാശം പ്രകാശിതമായിരുന്നു. നഗരഭാഗത്ത് ജനത്തിരക്ക്. വെച്ചുവാണിഭക്കാര്‍ വഴിവക്കില്‍ നിരന്നു. വിനോദസഞ്ചാരികളുടെ ചെറുസംഘങ്ങള്‍. ഉച്ചക്ക് മുമ്പ് കരിമേഘങ്ങള്‍ മാനത്ത് വന്നു. അപരാഹ്നമായപ്പോള്‍, കാലവര്‍ഷക്കാറ്റ്. കനത്തമഴ. ഭീതിപ്പെടുത്തുന്ന ഇടിയും മിന്നലും. തലേദിവസം പെയ്തിറങ്ങിയ വെള്ളം പലയിടങ്ങളിലും തളം കെട്ടിക്കിടന്നിരുന്നു. സന്ധ്യാസമയത്ത് വൈദ്യുതിപ്രവാഹം നിലച്ചു. വ്യാപാരികള്‍ വീടുകളിലേക്ക് മടങ്ങി. പെട്ടെന്ന് കമ്പോളം അടഞ്ഞു. രാമഴക്ക് ശക്തികൂടി. കാറ്റിന് പൂര്‍വ്വാധികം വേഗത. അര്‍ദ്ധരാത്രിയായപ്പോള്‍, 'നിയോര' 'കല്‍ജാനി' 'ജമുനേശ്വരി' 'റ്റീസ്റ്റാ' എന്നീ നദികളില്‍ വെള്ളം പൊങ്ങി. മണ്‍സൂണ്‍ നനച്ച, ഈര്‍പ്പം കെട്ടിനിന്ന, മലഞ്ചരിവുകളില്‍ മണ്ണിടിച്ചില്‍. വഴികളില്‍ പിഴുതുവീണ മരങ്ങള്‍. രക്ഷാപ്രവര്‍ത്തനസംവിധാനവും വാര്‍ത്താ വിനിമയ മാര്‍ഗ്ഗങ്ങളും കുറവായിരുന്നു. പ്രകൃതിയുടെ വര്‍ഷകാലക്ഷോഭം കണ്ടുപരിചയിച്ച ജനം സ്വസ്ഥമായി ഉറങ്ങി.

പിറ്റേന്ന് രാവിലെ ഞാന്‍ ഉണര്‍ന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ റേഡിയോ പ്രവര്‍ത്തിച്ചില്ല. മുറ്റത്ത് ഇളംവെയില്‍. നല്ലശാന്തത. ജോലിസ്ഥലത്തേക്കു പോയപ്പോള്‍ പട്ടാളവണ്ടികളും പോലീസ് വാഹനങ്ങളും അലറിപ്പാഞ്ഞുപോകുന്നതുകണ്ടു. ആകാശത്ത് ഹെലികോപ്റ്റര്‍ വിമാനങ്ങള്‍. സിലിഗുരിയിലെത്തിയപ്പോള്‍ ചിതറിയോടുന്ന ജനക്കൂട്ടം. എന്ത് സംഭവിച്ചു എന്ന് വ്യക്തമായില്ല. യു്ദ്ധവാര്‍ത്തവന്നുവെന്ന് ആരോ പറഞ്ഞു. മറ്റെന്തോ സംഭവിച്ചുവെന്ന് ജനസംസാരം. എന്തെന്നറിയാനുള്ള ആകാംക്ഷ. മുന്നില്‍ പോയ വാഹനങ്ങളെയും ആളുകളെയും ഞാന്‍ പിന്തുടര്‍ന്നു. വഴിയില്‍ ജനങ്ങള്‍ ചിതറി ഓടുന്നതുകണ്ടു. ജല്പായ് ഗുരിഡാമിന്റെ അടുത്തെത്തിയപ്പോള്‍ പോലീസും പട്ടാളവും ആളുകളെ നിയന്ത്രിക്കുന്നു. എന്നിട്ടും, നിലവിളിച്ചുകൊണ്ട് സ്ത്രീകളും പുരുഷന്മാരും മുന്നോട്ടുപാഞ്ഞുപോയി. അതിദാരുണമായൊരു കാഴ്ചക്ക്. തലേരാത്രിയില്‍ പെയ്ത മഹാമാരിയില്‍ കരകവിഞ്ഞൊഴുകിയ നദീജലവും അതുവഹിച്ചുകൊണ്ടുവന്ന ചെളിയും തടികളും ജല്‍പായ്ഗുരിഡാമിനെ ഇടിച്ചുതകര്‍ത്തുകൊണ്ട് താഴ് വരയിലെ സമതലത്തില്‍ പരന്നൊഴുകി, അവിടെ ഉണ്ടായിരുന്ന സകലവീടുകളെയും പൊളിച്ചുമണ്ണിനടിയിലാക്കി. ആ ദുഃഖിതദുരന്തത്തില്‍ ആരും രക്ഷപ്പെട്ടില്ല!

അരനൂറ്റാണ്ടിനുമുമ്പ്, എന്നെ ഏകാകിയാക്കിയ പെരുമഴ ഇപ്പോഴുമെന്റെ ഓര്‍മ്മകളില്‍ കണ്ണുനീരായി പെയ്യുന്നു!

(അവസാനിച്ചു.)

മഴ (കഥ- ഭാഗം: 3- ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക