Image

മെരുങ്ങാത്ത മെരുക്കപ്പട്ടിക (സിന്ധു എം )

സിന്ധു എം Published on 25 April, 2019
മെരുങ്ങാത്ത മെരുക്കപ്പട്ടിക (സിന്ധു എം )
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നിന്ന് ആണ് മെരുക്കപ്പട്ടികയെ കൂടെ കൂട്ടിയത് കവിതകളോടുള്ള ഇഷ്ടം കൊണ്ട് അത് പെട്ടെന്ന് വായിച്ചു തീര്‍ത്തു. എങ്കിലും മെരുങ്ങാതെ ഉള്ളില്‍ കിടക്കുന്നു മെരുക്കപ്പട്ടികയിലെ കവിതകള്‍. ശ്രീ റഫീക്ക് അഹമ്മദിന്റെ വളരെ നാളുകള്‍ക്കു ശേഷമുള്ള ഒരു കവിതാ സമാഹാരമാണ് മെരുക്കപ്പട്ടിക. പല കവിതകളും ആനുകാലികങ്ങളില്‍ വന്നതും വായിച്ചതും ആണ്. എങ്കിലും ഇതിലെ സമകാലത്തോട് ചേര്‍ന്നുകിടക്കുന്ന വിഷയവൈവിധ്യമാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്.

എല്ലാരും കൈവിട്ടൊഴിഞ്ഞ ഇടങ്ങളില്‍ നിന്ന് പോരാനാവാതെ നില്‍ക്കുന്ന കവിയെ ഇതില്‍ കാണാം. കാടില്‍ നിന്ന് പൂന്തോട്ടത്തിലേയ്ക്കും പൂന്തോട്ടത്തില്‍ നിന്ന് ബാല്‍ക്കണിയുടെ ഇത്തിരി ഇടത്തിലേക്കും ചുരുങ്ങിയ നമ്മുടെ പ്രകൃതി സ്‌നേഹം.

'എല്ലാം മറഞ്ഞു പോയിരിക്കുന്നു കാലമാനുകള്‍
വേഗതയേറിയ ഓട്ടക്കാര്‍ ശരവേഗമുള്ള പക്ഷികള്‍
അവസാനത്തെ ചില്ലയില്‍ നിന്ന്
അനന്തതയിലേക്ക് കുതിച്ചു പോയി
അണ്ണാറക്കണ്ണന്‍മ്മാര്‍.
വിജനവും നിശൂന്യവുമായ ഭൂമിയില്‍ ഞാന്‍ മാത്രം'.

എല്ലാവരും വലിയ ഓട്ടക്കാര്‍ എത്ര ഓടിയിട്ടും
ഞാന്‍ നിന്നേടത്തു തന്നെയെന്ന് കവി പറയുന്നു.
മനുഷ്യന്റെ ദുരാര്‍ത്തിയോടുള്ള പരിഹാസം കലര്‍ന്ന വേദനയാണ് ഇതിലെ ഓരോ കവിതകളും.

'നാമത് വിറ്റിട്ടെത്ര നാളായി
അതിനു വില വീതിച്ചു പങ്കിട്ടെടുത്തതൊക്കെയും ചെലവായി
പുതിയ വെണ്‍കൂടുകളുയര്‍ന്നു
ശീതീകൃത വിസ്തൃത മൗനങ്ങളില്‍
വേറിട്ടു കിടന്നൂ നാം '
എന്ന് പറയുന്നു കവി.

വളരെയധികം കുടുസ്സും സ്വാര്‍ത്ഥവുമായി പോയിരിക്കുന്നു നമ്മുടെ ജീവിതം.

അമ്മത്തൊട്ടില്‍ എന്ന കവിതയും ഇന്നത്തെ സാമൂഹ്യാവസ്ഥയെ ആണ് കുറിക്കുന്നത്. അമ്മയെ വൃദ്ധസദനത്തിലാക്കാനായി ബസ്സില്‍ യാത്ര തിരിക്കുന്ന മകനും അമ്മയും. ഇടക്കിടെ പിന്നിലേക്ക് തിരിഞ്ഞു നോക്കുന്ന മകന്‍.

'പിന്‍സീറ്റിലെത്രക്ക് നേരേയിരുത്തിയിട്ടും
ഓരം ചെരിഞ്ഞു മടങ്ങിയിരുന്നമ്മ.
നീരറ്റ് വറ്റി വരണ്ട കൈചുള്ളികള്‍
നീരാതെ മാറോടു ചേര്‍ത്തു വെച്ചിട്ടുണ്ട്.'

ഓരോ വരികളും ഒരു ശില്പിയുടെ വിരല്‍ വൈദഗ്ത്യത്തോടെ അടുക്കുന്നതിലുള്ള കവിയുടെ മിടുക്കു ഓരോ കവിതയിലും കാണാം. 
ഓരോ ഇടത്തും കൊണ്ട് കളയാന്‍ ശ്രമിക്കുമ്പോളും ഓരോ ഓര്‍മ്മകള്‍ അയാളുടെ കാഴ്ച വറ്റിക്കുന്നു. എവിടെയും കളയാനാവാത്ത ആ കടപ്പാടിന്റെ ഭാണ്ഡം എവിടെയൊന്നു ഇറക്കി വെക്കുമെന്നറിയാതെ അയാള്‍ ഒന്നിനും കൊള്ളാത്തവനെന്ന പഴിയിന്നും അവളില്‍ നിന്ന് കേള്‍ക്കേണ്ടി വരുമല്ലോ എന്നോര്‍ത്ത് പിന്നെയും തിരിഞ്ഞു നോക്കുമ്പോള്‍ അമ്മയതാ പിന്‍സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്നു അവസാനത്തെ ഉറക്കം ഉറങ്ങുന്നു. വേദന കലര്‍ന്നൊരു ഒരാന്തല്‍ വായിക്കുന്നവന്റെ ഉള്ളിലൂടെ പാഞ്ഞു പോകുന്നു.

ആനകള്‍ കീരികള്‍ ഉറുമ്പുകള്‍ മുതലായ മൃഗങ്ങളെയെല്ലാം കവിതയിലെ കഥാപാത്രങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നു കവി. തനിക്കു പറയാനുള്ളത് സര്‍വ്വ ചരാചരങ്ങളെക്കൊണ്ടും പറയിപ്പിക്കുന്ന സമര്‍ത്ഥമായ വിദ്യ. ബഷീറിയന്‍ കഥകളില്‍ എന്നപോലെ നിറയുന്ന ജന്തുലോകം.

രണ്ടു രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടു പോകുന്ന മനസുകളെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും അയല്പക്കങ്ങളെ കുറിച്ചും വളരെ സരസമായി പറഞ്ഞിരിക്കുന്നു.

കഷ്ടം... എന്ന കവിതയില്‍ ഗള്‍ഫുകാരന്റെ പ്രാരാബ്ധജീവിതത്തെ കുറിച്ച് പറയുന്നു. അങ്ങോട്ട് പോകുമ്പോള്‍ കൊണ്ടുപോയ സങ്കടങ്ങള്‍ക്കൊന്നും ഡ്യൂട്ടി അടക്കാതെ ഇങ്ങോട്ട് പോരുമ്പോള്‍ കൈയില്‍ കരുതിയ കൊച്ചു സമ്മാനങ്ങള്‍ക്ക് ഡ്യൂട്ടി അടച്ചതിനെ കുറിച്ച്.

വേണ്ട... എന്ന കവിതയില്‍ കാലചെതുമ്പല്‍ പൊതിഞ്ഞും ചുളിഞ്ഞുമീ ജീവിതസാഗരത്തിന്‍ മണല്‍ തിട്ടയില്‍ വീണ്ടും വരാതിരിക്കണെയെന്ന് പ്രണയിനിയോട് പറയുന്നു.

കവിയുടെ കണ്ണട കൗതുകം പൂണ്ടു കണ്ണിലെടുത്തു വെച്ച് രണ്ടു കണ്ണുനീര്‍ തുള്ളികള്‍ വെച്ചപോലെയെന്ന കണ്ണീരടയെന്ന കവിത.

കിടപ്പിലായവനെ കാണാന്‍ പോയി കിടപ്പിലായവന്റെ കാത്തിരുപ്പു വന്നെന്‍ ഉള്ളു ചുട്ടു എന്ന് പറയുന്നു.

നമ്മള്‍ നശിപ്പിച്ച ജന്തുലോകത്തെയും പുഴകളെയും മലകളെയും മരങ്ങളെയും കുറിച്ചുള്ള പരിഭവം നിറഞ്ഞ കവിതകളാണിതിലേറെയും. മനുഷ്യന്‍ എന്ന സ്വാര്‍ത്ഥത മാത്രം ബാക്കിയാവുമെന്ന മുന്നറിയിപ്പ്.

വെള്ളപ്പൊക്കം മുതലായ കെടുതികള്‍ ഉണ്ടായിട്ടും ജാതിയുടെയും മതത്തിന്റെയും പേരിലേറെ കലഹിക്കുന്ന നമുക്ക് വേണ്ടിയുള്ളത്.

ചെറിയ കാഴ്ചകളില്‍ വിസ്മയിപ്പിക്കുന്ന വലിയ കാവ്യലോകം കണ്ടെത്തുന്നു കവി.

വെയില്‍ വില്‍ക്കാനിറങ്ങുന്ന കുഞ്ഞപ്പനാശാരി എല്ലാം വില്‍ക്കപ്പെടുന്ന ലോകത്തിന്റെ മാതൃകയാവുന്നു. മൃതര്‍ മിണ്ടിപ്പോയാലുള്ള അപകടത്തെ കുറിക്കുന്ന കവിത. പ്രണയികളുടെ സമ്മേളനം പുതിയ മാഷന്മാര്‍ മരം നട്ടവര്‍ മുതലായ കവിതകളൊക്കെയും പുതുകാലത്തോടുള്ള അതിന്റെ നേരില്ലായ്മയോടുള്ള കലഹമാണ്.

ചിതലുകള്‍ പ്രാണികള്‍ ഉറുമ്പുകളൊക്ക അങ്ങിനെ വളരെ നിസ്സാരരെന്നു കരുതുന്ന ജീവികള്‍ പോലും കവിതയ്ക്ക് വിഷയങ്ങള്‍ ആകുന്നു. എന്തായാലും ഒന്ന് പറയാം. വളരെ എളുപ്പത്തിലുള്ള വായനകൊണ്ട് മെരുങ്ങുന്നതല്ല ഈ കവിതകള്‍ അതി സൂക്ഷ്മമായ ചിന്താശക്തി കവിയെ പോലെ വായനക്കാരനും വേണമെന്ന അവസ്ഥയാണ് ഇതില്‍. അത്ര എളുപ്പം മെരുങ്ങാത്ത കവിതകള്‍.

'വാക്കുകള്‍ തുണിയുരിഞ്ഞന്തിക്ക് വില്‍ക്കാന്‍
വെച്ച മന്ദിരങ്ങളില്‍ പുത്തന്‍ മാന്ത്രികക്കളങ്ങളില്‍
എവിടം കടന്നു നീ പോകിലും നിന്നില്‍ പറ്റി കിടക്കില്ലൊന്നും
എന്നും അഗ്‌നിയാണല്ലോ നിങ്ങള്‍'

എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ കുറിച്ചുള്ള ആഗ്‌നേയം എന്ന കവിതയില്‍ പറയുന്നു.

ആശംസപ്രസംഗം എന്ന കവിതയിലും ഇതേ പ്രകൃതി സ്‌നേഹം തന്നെയാണ് നിഴലിക്കുന്നത് മറ്റുള്ളോര്‍ ഉപേക്ഷിച്ചിട്ടുപോയ പലതില്‍ നിന്നും ഇപ്പോളും വിട്ടു പോരാനാവാതെ നില്‍ക്കുന്ന കവിയെയാണ് ഇതിലെ ഓരോ കവിതയിലും ഞാന്‍ കണ്ടത്. അത് തന്നെയാണ് ഇതിലെ മെരുങ്ങാത്ത വാക്കുകളുടെ തിളക്കവും. ഭൂമിയില്‍ ഇന്നു കാണാന്‍ കിട്ടാത്ത സകലതിനെയും കവിതയില്‍ നിറച്ചിരിക്കുന്നു കവി.

'നമ്മുടെ സ്വകാര്യതകളില്‍
അത്രമേല്‍ രഹസ്യമാം രാത്രി സ്വപ്നങ്ങള്‍ക്കുളളില്‍
പ്രണയത്തിനും കലഹത്തിനുമുള്ളില്‍
ഇണചേരലിനും ശുദ്ധ മരണത്തിനുമുള്ളില്‍
ആരു വന്നൊളിപ്പിക്കുന്നുച്ചഭാഷിണി'
ഗൂഢമെന്ന് നഷ്ടഭാഷണത്തെ കുറിച്ച് പറയുന്നു.

ഒരുപോള ഇരുട്ടു മതി
എവിടെ ഒളിഞ്ഞിരുന്നാലും അത് കണ്ടുപിടിക്കും
ഇഴഞ്ഞോ നീന്തിയോ അരിച്ചോ പാഞ്ഞോ വന്നു ചാടും
പിന്നെ ജീവിതത്തില്‍ അരുതെന്നു വെച്ചതൊക്കെ ചെയ്തു പോകുമെന്ന് ആപ്പ് എന്ന കവിതയില്‍ 
ആധുനിക ജീവിതത്തിലെ വിവിധതരം ആപ്പുകളും ഇത്തരം വിചിത്ര ശീലങ്ങളില്‍ നമ്മെ കുരുക്കുന്നവയാണല്ലോ. അയാള്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ആ കുന്നു നിരത്തപ്പെടില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്ന് മറ്റൊരു കവിതയില്‍.

എല്ലാം മെരുക്കാനാണ് നമ്മുടെ ശ്രമം വാക്കിനെ ഭാഷയെ പ്രകൃതിയെ സ്‌നേഹത്തെ മെരുക്കങ്ങളില്‍ നിന്ന് അവ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ നമുക്ക് സഹിക്കില്ല. നമ്മുടെ സദാചാരബോധങ്ങള്‍ ഉണരുകയും നാമതിനെ വെടിവെച്ചിടുകയോ പിഴുതു കളയുകയോ ചെയ്യും

ആരിവറ്റയെ തല്ലിമെരുക്കി വാക്കിന് തോട്ടി 
ചാരിവെച്ചനക്കാതെ ശാന്തമായിയുറങ്ങുന്നു..

എങ്കിലും…. എത്ര ദുര്‍ബലം ഈ തുടല്‍ ഒക്കെ തകര്‍ത്തിട്ടവ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ അന്ധനായി അനാഥനായി സംഭീതനായക്ഷര പന്ഞരങ്ങളില്‍ വിറകൊള്ളുന്നു വിയര്‍ക്കുന്നു എന്ന സമാധാനം മെരുക്കപ്പട്ടിക ബാക്കി വെക്കുന്നു.വാക്കിനുമേല്‍ ചിന്തകള്‍ക്കുമേല്‍ അങ്ങിനെ സര്‍വ്വതിനും മേലുള്ള അധീശത്വങ്ങളെല്ലാം പൊട്ടിച്ച് എന്നെന്നേക്കുമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ഒരു സമൂഹത്തെ ഈ വരികളിലൂടെ നമുക്കും സ്വപ്നം കാണാം

മെരുങ്ങാത്ത മെരുക്കപ്പട്ടിക (സിന്ധു എം )മെരുങ്ങാത്ത മെരുക്കപ്പട്ടിക (സിന്ധു എം )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക