Image

നിന്നെ ഞാന്‍ എന്തു വിളിക്കും (കൂട്ടായ്‌മയുടെ ഒരപരാഹ്നം)

സുധീര്‍ പണിക്കവീട്ടില്‍ Published on 22 April, 2012
നിന്നെ ഞാന്‍ എന്തു വിളിക്കും (കൂട്ടായ്‌മയുടെ ഒരപരാഹ്നം)
പ്രഭാത രശ്‌മികളുടെ തുഷാരം ഉരുകുന്നപോലെ അവിസ്‌മരണീയമായ ഒരു അപരാഹ്നം. സഹൃദയ മനസ്സുകളുടെ സ്‌ഛന്ദ സമ്മേളനം ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കാതെ പൂമ്പൊടി തേടി പറക്കുന്ന പൂമ്പാറ്റകളെ പോലെ മനസ്സിനെ അലയാന്‍ വിട്ടുകൊണ്ട്‌ നമുക്കൊക്കെ ഒന്നു കൂടാം എന്ന്‌ ആദരണീയനായ പ്രഫസര്‍ ചെറുവേലി സാര്‍, ഡോ. നന്ദകുമാറും, ശ്രീ മതി അമ്മു നന്ദകുമാറും സുധീര്‍ പണിക്കവീട്ടിലും ചെറുവേലി സാറിന്റെ വസതിയില്‍ പ്രസ്‌തുത ദിവസം ഒരുമിച്ചുകൂടി.

ഈ സംഗമത്തെ എന്തി പേരിട്ട്‌ വിളിക്കുമെന്ന്‌ അവര്‍ ആലോചിച്ച്‌ വിഷമിക്കുന്നില്ല. ഓരോരുത്തരുടെയും അറിവിന്റെ നദികള്‍ ഒഴുകിചേരുന്ന ഒരു പൂഞ്ചോലയും അതില്‍ പൂത്ത്‌ വിരിയുന്ന ആമ്പല്‍ പൂക്കളും ആണ്‌ അവര്‍ കൊതിക്കുന്നത്‌. ഗാന-കവിത പ്രേമിയായ ചെറുവേലിസാര്‍ ഒരു പക്ഷെ പ്രസിദ്ധമായ ചലച്ചിത്രഗാനം ഓര്‍മ്മിച്ച്‌ `നിന്നെ ഞാന്‍ എന്തു വിളിക്കും' എന്ന്‌ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ പ്രസന്ന ഭാവത്തോടെ പാടിയേക്കാം. അല്ലെങ്കില്‍ മൂന്നര ദശാബ്‌ദത്തോളം ഇംഗ്ലീഷ്‌ സാഹിത്യം പഠിപ്പിച്ച അദ്ദേഹം `ഒരു പേരിലെന്തിരിക്കുന്നു' എന്ന്‌ നമ്മെ സമാധാനപ്പെടുത്താം.

ന്യൂയോര്‍ക്കില്‍ മഞ്ഞു കാലം കഴിഞ്ഞിരുന്നില്ലെങ്കിലും അന്ന്‌ പ്രകൃതി നവോന്മേഷവതിയായിരുന്നു. വികെഎന്‍ എഴുതിയതുപോലെ `മനോഹരമായ ഗദ്യകവിത പോലെയുള്ള പകല്‍'. അലയാള തനിമയുടെ മുഗ്‌ദ്ധലാവണ്യം വിഴിഞ്ഞൊഴുകുന്ന സൗഹൃദ സംഭാഷണം കേട്ട്‌ ന്യൂയോര്‍ക്കിലെ പ്രകൃതിയും ചങ്ങമ്പുഴയെ അന്വേഷിക്കയാണെന്ന്‌ തോന്നും . ഇവയെ വര്‍ണ്ണിച്ചൊരു പാട്ട്‌ പാടാനെവിടെ രമണാ നിയെങ്ങു പോയി മരങ്ങള്‍ക്ക്‌ മനുഷ്യനോട്‌ സ്‌നേഹവും വിശ്വാസവുമുള്ളതായി വേദങ്ങള്‍ പറയുന്നു.

ക്രിസ്‌തുവിന്‌ ആയിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ എഴുതപ്പെട്ടെന്ന്‌ കരുതുന്ന അഥര്‍വ വേദത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. `പിശാചിനോട്‌ ചേര്‍ന്ന്‌ ഞങ്ങള്‍ ചെയ്‌ത സകല പാപവും നിന്റെ (മരം) ഇലകളാല്‍ ഞങ്ങള്‍ തുടച്ചു വൃത്തിയാക്കുന്നു'. ഭാരതീയര്‍ക്ക്‌ മരങ്ങള്‍ എന്നും പവിത്രമാണ്‌ ദേവന്മാര്‍ തമ്മില്‍ വഴക്കടിച്ചപ്പോള്‍ `വാക്‌' (വേര്‍ഡ്‌) പിണങ്ങിപ്പോയി വെള്ളത്തില്‍ ഒളിച്ചു. എന്നാല്‍ ദേവന്മാര്‍ വെള്ളത്തിനെ ഭീഷണിപ്പെടുത്തിയപ്പോള്‍ വെള്ളം വാകിനെ ഒറ്റിക്കൊടുത്തു. വാക്‌ വനത്തില്‍ പോയി ഒളിച്ചു. എന്നാല്‍ ദേവന്മാര്‍ പ്രലോഭനങ്ങളും, ഭീഷണിയും മുഴക്കിയിട്ടും വനത്തിലെ മരങ്ങള്‍ വാകിനെ വിട്ടുകൊടുത്തില്ല. മരങ്ങള്‍ അത്‌ മനുഷ്യന്‌ നല്‍കി - ഓടക്കുഴലായി, ചെണ്ടയായി, പേനയായി, ഭാരതീയ തത്വചിന്തകളും ദര്‍ശനങ്ങളും രൂപം കൊണ്ടത്‌ വനാന്തരങ്ങളില്‍ വച്ചായിരുന്നു. ബൃഹ്‌ദാരണ്യോപനിഷദ്‌ എന്ന പേരില്‍ ഒരു ഉപനിഷ്‌ദ്‌ വരെയുണ്ട്‌. പണ്ടൊക്കെ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ചിരുന്നത്‌ പരന്ന പാത്രത്തില്‍ അരി നിറച്ച്‌ അതില്‍ ആശാന്‍ ചൂണ്ടാണ്‍ വിരല്‍ കൊണ്ട്‌ ഹരിശ്രീ എന്ന്‌ എഴുതിച്ചിട്ടാണ്‌ എന്ന്‌ പ്രഫസര്‍ വിവരിച്ചിപ്പോള്‍ അദ്ദേഹം കുടുംബ തറവാട്ടില്‍ നിന്നും കൊണ്ടുവന്ന പനയോല കെട്ടുകള്‍ കാണിച്ചു. അന്ന്‌ വിദ്യാര്‍ത്ഥികള്‍ ഇതേപോലെയുള്ള പനയോലയില്‍ അവരുടെ പാഠങ്ങള്‍ എഴുതി പഠിച്ചു.സാറിന്റെ പനയോല കെട്ടുകളില്‍ എന്തു പറയുന്നു എന്ന്‌ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ആ ചരിത്ര സ്‌മാരകം വിലപ്പെട്ടതെന്തോ സൂക്ഷിക്കുന്നില്ലേ എന്ന്‌ എല്ലാവരും അഭിപ്രായപ്പെട്ടു. പനയോലയില്‍ നിന്നും സ്ലേറ്റിലേക്കും പിന്നെ കടലാസ്സിലേക്കും പരിഷ്‌കാരം പുരോഗമിച്ച കാര്യത്തെക്കുറിച്ച്‌ സംസാരിച്ചപ്പോള്‍ എല്ലാവരും ബാല്യ-കൗമാര കാലങ്ങളിലേക്ക്‌ ഒന്നു മുങ്ങാംകുഴിയിട്ടു. കുട്ടനാടുകാരനായ
പ്രഫസര്‍ അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ കുട്ടനാടിനെക്കുറിച്ച്‌ ഭംഗിയായി വിവരിച്ചു. ഓരോ വര്‍ഷവും കടല്‍ വെള്ളത്തില്‍ കുളിച്ച്‌ മാലിന്യങ്ങള്‍ കഴുകി വെടിപ്പായ മണ്ണില്‍ വിളയാത്തതായി അന്ന്‌ ഒന്നുമുണ്ടായിരുന്നില്ലത്രെ. കൊച്ചു കൊച്ചു കുന്നുകളും അവര്‍ക്കിടയിലൂടെയുള്ള നീര്‍ചാലുകളും കുട്ടനാടിനെ സമ്രുദ്ധിയുടെ നാടെന്നതിനേക്കാള്‍ സൗന്ദര്യഭൂമിയും ആക്കിയിരുന്നു എന്ന്‌ അദ്ദേഹം വിവരിക്കുമ്പോള്‍ ഇന്നത്തെ അവസ്ഥ മാറിയതിലുള്ള വിഷാദവും പ്രകടമായിരുന്നു. ശ്രോതാക്കളായ മറ്റുള്ളവര്‍ക്ക്‌ കുട്ടനാടിനെക്കുറിച്ച്‌ അറിയാന്‍ അതവസരം നല്‍കി.

ഒരു വിദൂര കാഴ്‌ചപോലെ എല്ലാവരുടെയും മനസ്സുകളില്‍ അപ്പോള്‍ പിറന്ന നാടും പ്രിയപ്പെട്ടവരും നിഴല്‍ പരത്തുകയായിരുന്നു. ഗ്രഹാതുരത്വത്തിന്റെ ശോകഛായ മൗന സാന്ദ്രമാകാന്‍ അനുവദിക്കാതെ പ്രഫസര്‍ കണക്കിലെ ചിലകളികളെ കുറിച്ച്‌ വിവരിച്ചു. സമസ്യ, പൂരണവും, കടങ്കഥകളും വീണ്ടും എല്ലാവരിലും ഉത്സാഹ പൂത്തിരികള്‍ കത്തിച്ചു .

നമ്പൂരി ഫലിതങ്ങളുടെയും സര്‍ദാര്‍ ഫലിതങ്ങളുടെയും കുഞ്ഞ്‌ പടക്കങ്ങള്‍ പൊട്ടിച്ച്‌ എല്ലാവരും ആഹ്ലാദിച്ചിരിക്കുമ്പോള്‍ പ്രഫസറിന്റെ സഹധര്‍മ്മിണിയും എത്തി . രക്ത-ദാനം എന്ന മഹത്തായ ഒരു കര്‍മ്മം നടത്തി അതിന്റെ ആലസ്യത്തില്‍ അതുവരെ അവര്‍ വിശ്രമിക്കുകയായിരുന്നു. ആതുര ശുശ്രാ രംഗത്ത്‌ അഭിമാനകരമായ അനവധി കൊല്ലങ്ങള്‍ സേവനമനുഷ്‌ഠിച്ച്‌ ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന അവര്‍ ഭാരതീയ സ്‌ത്രീകളുടെ ഭാവശുദ്ധിയോടെ അതിഥികളെ സല്‍ക്കരിക്കാന്‍ തന്റെ ക്ഷീണം മറന്നു വന്നതാണെന്ന്‌ പറയുകയായിരിക്കും ശരി. അതിഥിക്ക്‌ ആഗ്രഹമുള്ളത്‌ നല്‍കുക എന്ന നല്ല മനസ്സോടെ അവര്‍ ഓരോരുത്തരുടെ അഭീഷ്‌ടപ്രകാരം ചായയും കാപ്പിയും ഗ്രീന്‍ റ്റീയും അവക്കൊപ്പം മലയാളിയുടെ നാലുമണി ചായയുടെ വിഭവങ്ങളില്‍ പ്രധാനമായ വടകളും സ്‌നേഹത്തോടെ വിളമ്പി. കൂട്ടത്തില്‍ സ്വാദേറ്റുന്ന ഞാലിപ്പൂവന്‍ പഴവും. ഞാലിപ്പൂവന്‍ പഴം പോലെ ഞാറ്റുവേല കുളിര്‍ പോലെയെന്ന ചലച്ചിത്ര ഗാനം അപ്പോള്‍ ഓര്‍മ്മിച്ചു. അപ്പോഴാണ്‌ അദ്ദേഹം തന്റെ സിനിമാഗാന സമാഹാരങ്ങള്‍ എല്ലാവരെയും കാണിച്ചത്‌. ഒരു കാലത്ത്‌ മലയാളികളെ ആനന്ദ സാഗരത്തില്‍ ആറാടിച്ച ഇമ്പമുള്ള മലയാള ഗാനങ്ങള്‍. നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങള്‍ എന്ന പരിപാടിയെ ഓര്‍മ്മിപ്പിക്കാമാറ്‌ ശ്രീമതി അമ്മു നന്ദകുമാര്‍ അവരുടെ മനോഹരമായ ശബ്‌ദത്തില്‍ ചില നല്ല ഗാനങ്ങള്‍ ആലപിച്ചു കോളജ്‌ തലങ്ങളിലെ മത്സരങ്ങളില്‍ പാടി സമ്മാനങ്ങള്‍ വാരിക്കൂട്ടി അവരുടെ ശബ്‌ദ മാധുര്യം അവര്‍ ഇന്നും കാത്തു സൂക്ഷിക്കുന്നു. വാസന്ത പൗര്‍ണ്ണമിനാളില്‍..., ഏറ്റുമാനൂരമ്പലത്തില്‍... തുടങ്ങിയ സുപ്രസിദ്ധ ഗാനങ്ങള്‍ താളങ്ങളുടെ അകമ്പടിയില്ലാതെ സരള മധുരമായി അവര്‍ ആലപിച്ചു . ഒരു .യുവജന കലോത്സവം പോലെ യൗവ്വനം വിട്ടൊഴിഞ്ഞവരുടെ കൂട്ടം ഓരോ നിമിഷവും വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഗാനങ്ങള്‍ക്കിടയില്‍ ചില പദ പ്രശ്‌നങ്ങള്‍ പൂരിപ്പിക്കാനും സമയം ചിലവഴിച്ചു . അന്വേഷോത്സുകതയും ധാരാളം പ്രതിഭാധനനുമായ ഡോക്‌ടര്‍ നന്ദകുമാറിന്‌ ആ നേരമ്പോക്കെ#്‌ വളരെ ആകര്‍ഷിച്ചു.
പ്രഫസര്‍ കൊടുത്ത പ്രശ്‌നങ്ങള്‍ക്ക്‌ ഉത്തരങ്ങള്‍ സമര്‍ഥമായി അദ്ദേഹം കണ്ടെത്തുകയുണ്ടായി.

ഈശ്വര ചിന്തയിതൊന്നേ മനുചനു ശാശ്വതമീ യുലകില്‍... എന്ന അനശ്വരതത്വംപോലെ പ്രഫസറും പത്‌നിയും അന്തോണീസു പുണ്യാളന്റെ അത്ഭുത സിദ്ധികളെക്കുറിച്ച്‌ സംസാരിച്ചു. പ്രാര്‍ത്ഥനയുടെ ഫലമായി അയല്‍ക്കാരന്റെ താക്കോല്‍ കൂട്ടം കിട്ടിയത്‌ മുതല്‍ സ്വന്തം സഹോദരിയുടെ അനവധി വര്‍ഷത്തെ അനപത്യത മാറ്റി അവര്‍ക്ക്‌ മാത്രുത്വത്തിന്റെ അനുഭൂതി പകര്‍ന്നു കൊടുത്തത്‌വരെ അവര്‍ സാക്ഷ്യമായി പറഞ്ഞു. എല്ലാ ആഴ്‌ചയിലും പ്രഫസറിന്റെ വീട്ടില്‍ വെച്ചു നടത്തുന്ന പ്രാര്‍ഥനാ യോഗങ്ങളെ കുറിച്ചും പറയുകയുണ്ടായി. പ്രാര്‍ഥനാ യോഗങ്ങള്‍ അന്ധമായ ഒരു ആരാധനയല്ല മിറച്ച്‌ നിഷ്‌കളങ്കമായ ഭക്തിയോടെ ദൈവവിശ്വാസത്തിലധിഷ്‌ഠിതമായ ഒരു കൂട്ടായ്‌മയാണെന്ന്‌ അദ്ദേഹം പറഞ്ഞു. പ്രാര്‍ത്ഥനയോടൊപ്പം ഇവര്‍ വിനോദത്തിനായി ഗാനാലാപം തുടങ്ങിയ പരിപാടികളിലും പങ്ക്‌ ചേരുന്നു.

അങ്ങനെ വര്‍ണ്ണാഭമായ ഒരു സഹൃദയ സദസ്സിന്‌ അന്നത്തെ സമാപിയായി സന്ധ്യ മയങ്ങുന്ന നേരം പരസ്‌പരം പിരിയാന്‍ സമയമായി. നീണ്ട നാലു മണിക്കൂറുകളില്‍ നിറഞ്ഞ്‌ നിന്ന സൗഹൃദത്തിന്റെ നല്ല ഓര്‍മ്മകളുമായി യാത്ര പറയുമ്പോള്‍ ശകുന്തളയെ കണ്ട്‌ അനുരാഗ ബദ്ധനായ ദുഷ്യന്തനെപോലെ ഡോ. നന്ദകുമാറിന്‌ നിശാഗന്ധി ചെടി കിട്ടാന്‍ മോഹം. പ്രഫസര്‍ സസന്തോഷം അതു നല്‍കി. വിട പറയാന്‍ വനദേവതമാരില്ലാത്തത്‌ കൊണ്ട്‌ നിശാഗന്ധിയുടെ യാത്രയയപ്പ്‌ പെട്ടെന്ന്‌ നടന്നു .

രാത്രിയുടെ നിശബ്‌ദയാമങ്ങളില്‍ വിടര്‍ന്ന്‌ സുഗന്ധം പരത്തുന്ന നിശാഗന്ധി ചെടിയുമായി മടങ്ങുമ്പോള്‍ പൂവ്വില്‍ നിന്നും ഉതിരുന്നത്‌ പ്രഫസറിന്റെ സ്‌നേഹസുഗന്ധ മാകട്ടെയെന്ന്‌ സുധീര്‍ ആശംസിച്ചു . ഇത്തരം സൗഹൃദ സമ്മേളനങ്ങള്‍ക്ക്‌ കൂടെ കൂടെ നമ്മള്‍ വേദിയൊരുക്കണമെന്ന്‌ പ്രഫസറിന്റെ അഭിപ്രായത്തോട്‌ എല്ലാവരും യോജിപ്പ്‌ പ്രകടിപ്പിച്ചു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക