Image

മാത്തുക്കുട്ടിയുടെ ആദ്യത്തെ കൊലക്കേസ് (ഒരു വക്കീല്‍ കഥ: ജോസഫ് എബ്രഹാം)

Published on 27 April, 2019
മാത്തുക്കുട്ടിയുടെ ആദ്യത്തെ കൊലക്കേസ് (ഒരു വക്കീല്‍ കഥ: ജോസഫ് എബ്രഹാം)
ഈ കഥയില്‍ പ്രധാനമായും മൂന്ന് പാത്രങ്ങളാണുള്ളത്. ഒന്നാമന്‍ എന്‍റെ പ്രിയ സുഹൃത്തായ   മാത്തുക്കുട്ടിവക്കീല്‍.രണ്ടാമന്‍ ഒരു കൊലക്കേസു പ്രതിയായ ഒരു പോക്കറ്റടി തൊഴിലാളി പിന്നെ ഈ  കേസില്‍  വിധിപറയയാന്‍ നിയുക്തനായ  ഒരുന്യായാധിപന്‍.ഇതിലെ  സംഭവങ്ങള്‍ നടന്നത് മേല്‍ പറഞ്ഞ കേസ്  വിധി പറയുവാനായി കോടതി മുന്‍പാകെ വച്ചിരിക്കുന്ന ദിനത്തിലാണ്.

“ഈ കേസില്‍ കൊല്ലപ്പെട്ടയാള്‍ കളവുമുതല്‍ പങ്കുവച്ചതില്‍  പങ്കാളിയായ പ്രതിയോട്  വഞ്ചനകാട്ടി എന്ന മുന്‍ വിരോധത്തില്‍, പ്രതി സ്‌നേഹം നടിച്ചുകൊണ്ട്  വഞ്ചനാപൂര്വ്വം്ടിയാനെ  മദ്യപിക്കാനായി ആളൊഴിഞ്ഞ ഒരു പുരയിടത്തിലേക്ക് കൂട്ടികൊണ്ടുപോയി മദ്യം നല്കു കയും  മദ്യം കുടിച്ച് ലഹരിയിലായ ടിയാനെ കൊല്ലണമെന്ന ഉദ്ധേശത്തോടും കരുതലോടും കൂടി  മാരകമായ ഒരു കരിങ്കല്‍ കഷണം കൊണ്ട് ടിയാന്റെ തലക്ക് ഇടിച്ചു കൊലചെയ്തിരിക്കുന്നു”

ഇതാണ് കേസില്‍ പോക്കറ്റടിക്കാരന്റെ മേല്‍ പോലീസ് ചുമത്തിയ കുറ്റപത്രം.വക്കീല്‍ ആയതിനു ശേഷം മാത്തുക്കുട്ടിക്ക്  നമസ്‌തേന്നു  നടത്താന്‍ കിട്ടിയ ഈകൊലക്കേസിന്റെ വിധിയെക്കുറിച്ചോര്‍ത്ത് കുറച്ചുദിവസങ്ങളായി അയാള്‍ക്ക്  ഉറക്കം തന്നെയില്ല. പേരറിയാവുന്ന പുണ്യാളന്മാരോടെല്ലാം ഇതിനകം മാത്തുകുട്ടി  സഹായം ചോദിച്ചു കഴിഞ്ഞു. ചുറ്റുവട്ടത്തുള്ള പള്ളികളിലേക്കെല്ലാംകേസ് വെറുതെ വിടാനായി ഓരോ കൂട്   മെഴുകുതിരിയും നേര്‍ന്നു കഴിഞ്ഞു.

 കേസെങ്ങാനും ശിക്ഷിച്ചുപോയാല്‍  ബാറിലെ കുശുമ്പ് മൂത്ത  വക്കീലനമാര്‍ മാത്തുക്കുട്ടിയെ കാണുമ്പോള്‍ ഒരുമാതിരി ആക്കിയ ചിരി ചിരിക്കും.‘കൊലക്കേസ് നടത്താനൊന്നും ചെക്കന്‍ ആയിട്ടില്ല കണ്ടില്ലേ ഒരു തെളിവുമില്ലാത്ത, വെറുതെ വിടേണ്ട കേസു നടത്തി കൊളമാക്കി പ്രതിക്ക് ജീവപര്യന്തം വാങ്ങിച്ചു കൊടുത്തത്’ എന്നൊക്കെ കണ്ണികണ്ടവരോടൊക്കെ എഴുന്നുള്ളിക്കും.

കേസൊന്നുമില്ലാതെ ബാര്‍ അസോസിയേഷന്‍ ഹാളില്‍ ഇരുന്നു ചായയും പരിപ്പുവടയും വാതുവെച്ച് റമ്മി കളിക്കുന്ന വക്കീലന്മാര്‍മാത്തുക്കുട്ടിയെ പരിഹസിച്ച് കഥകളുണ്ടാക്കും. കേസ് വെറുതെ വിട്ടാല്‍ പിന്നെ അതൊന്നും പേടിക്കേണ്ട ആവശ്യമില്ല. അങ്ങിനെയൊരു കേസ് ഉണ്ടായിട്ടേയില്ല എന്ന മട്ടില്‍ ആയിരിക്കും പിന്നെ എല്ലാവരുടെയും പ്രതികരണം അഥവാ പ്രതികരിച്ചാല്‍ തന്നെ   “ഓആകേസില്‍ഒരുതെളിവുമില്ലാര്‍ന്നേ.  അത് ആരു നടത്തിയാലും വിട്ടുപോകുന്ന കേസാന്നു ”  എന്നൊക്കെ ആയിരിക്കും പിന്നീടു വരുന്ന ഡയലോഗുകള്‍ കേസ് നടക്കുന്നത്  ജില്ലാ ആസ്ഥാനത്തുള്ള സെഷന്‍സ് കോടതിയിലാണ്. മാത്തുക്കുട്ടി വക്കീലിന്റെ ഓഫീസിരിക്കുന്ന  പട്ടണത്തില്‍  നിന്ന് ഒരു പത്തിരുപത്തഞ്ചു കിലോമീറ്റര്‍ അകലെയാണ് സെഷന്‍സ്  കോടതി. മാത്തുകുട്ടി രാവിലെ വക്കീല്‍ ഓഫീസ് തുറക്കാന്‍ തുടങ്ങുബോഴേക്കും വെളുക്കെചിരിച്ചുകൊണ്ട് പോക്കറ്റടിക്കാരനായ പ്രതി മാത്തുകുട്ടിയുടെ മുമ്പാകെ ഹാജര്‍.

വെറുതെ വിടുമോ എന്നൊന്നും ഉറപ്പില്ലാത്ത ഒരു കൊലക്കേസിന്റെ വിധി പറയാന്‍ വച്ചിരിക്കുന്ന ദിവസം വലിയൊരു ചിരിയോടെ വരുന്ന പ്രതിയെക്കണ്ട് സത്യത്തില്‍ മാത്തുകുട്ടി വക്കീല്‍ അന്ധാളിച്ചുപോയി.‘ഇവനെന്നാ ടെന്‍ഷന്‍ മൂത്ത് വട്ടായിപ്പോയോ’ എന്നൊക്കെയായി മാത്തുകുട്ടിയുടെ ചിന്ത.
പ്രതിമാത്തുകുട്ടി വക്കീലിനോട് പറഞ്ഞു.

“സാറെ  കേസ് വിളിക്കുംബോഴേക്കും ഞാന്‍ കോടതിയില്‍ എത്തിയേക്കാം”
‘ഇപ്പൊ സാറെ എന്ന് തന്നെ വിളിക്കുന്ന പ്രതി  കേസിന്‍റെ വിധി കഴിഞ്ഞാല്‍ അങ്ങിനെ തന്നെയാകുമോ വിളിക്കുക എന്‍റെ മാതാവേ’ എന്നൊക്കെ മാത്തുക്കുട്ടി ഉള്ളില്‍ ശങ്കിച്ചെങ്കിലും  പോക്കറ്റില്‍ തപ്പിനോക്കിയപ്പോള്‍സെഷന്‍സ്  കോടതിയില്‍ പോയി വരാനോള്ള ദമ്പടി ഒന്നും തടയാത്തതിനാല്‍  പ്രതിയുടെ മുഖത്ത് നോക്കാതെ വാതില്‍ തുറക്കുന്നതിനിടയില്‍   അല്പം ഗൌരവം മന:പൂര്‍വം വരുത്തി പറഞ്ഞു.
“ശരിഎന്നാല്‍ ഫീസ് തന്നേച്ചു നീ  പൊക്കോ. കോടതിയില്‍ സമയത്തിന് എത്തിയേക്കണം കേട്ടോ ”

“സാറെ ഇപ്പൊ കയ്യിലൊന്നും ഇല്ല രാവിലെ ബസിലും ബസ് സ്റ്റാന്‍ഡിലും യാതൊരു തിരക്കുമില്ലായിരുന്നു.  ഒരു പത്തുമണി ആകുമ്പോഴേക്കും നല്ല തിരക്കാവും. കേസ് വിളിക്കാന്‍ സമയം  ആകുമ്പോഴേക്കും കാശൊപ്പിച്ചു ഞാന്‍ എത്തിയേക്കാം”
സമയം പതിനൊന്നു മണിയായി മാത്തുക്കുട്ടി വക്കീല്‍  സെഷന്‍സ് കോടതിയില്‍ എത്തി. പ്രതി കോടതി വരാന്തയില്‍ അപ്പോഴേക്കും ഹാജര്‍. കണ്ടപാടെ കുറച്ച് രൂപാ കയ്യില്‍ ഒതുക്കിപിടിച്ചു വക്കീലിന് നല്കി. കിട്ടിയ പണം എത്രയെന്നു നോക്കുക പോലും ചെയ്യാതെ മാത്തുക്കുട്ടി അത് കറുത്ത കോട്ടിന്റെ കീശയില്‍നിക്ഷേപിച്ചു.

കോടതി തുടങ്ങാനുള്ള മണി അടിച്ചു. എല്ലാവരും പെട്ടന്ന് നിശബ്ദരായി എഴുന്നേറ്റ് നിന്നു. പതിവ് ദിനത്തേക്കാള്‍ ഏറെ ഗൌരവം തുടിക്കുന്ന മുഖത്തോടെ ജഡ്ജി കടന്നു വന്നു. വക്കീലന്മാരും ഗുമസ്തന്മാരും ആവശ്യത്തിലധികം മുതുക് വളച്ച് കോടതിയെ ബഹുമാനിച്ചു. പോലീസുകാര്‍ ബൂട്ട് നിലത്തമര്‍ത്തിചവുട്ടി  കോടതിയെ സല്യൂട്ട് ചെയ്തു.
കേസ് വിളിക്കാന്‍ തുടങ്ങി. വിധി പറയാന്‍ വച്ചിരിക്കുന്ന കേസുകളാണ് ആ കോടതിയില്‍ ആദ്യമേ വിളിക്കാറ്.മാത്തുക്കുട്ടിയുടെ  പ്രതിയുടെ   കേസാണ് ആദ്യം വിളിച്ചത്.മാത്തുക്കുട്ടി വക്കീല്‍ എഴുന്നേറ്റ് നിന്ന്
“അക്യൂസ്ഡ് ഈസ് പ്രിസന്യുതുവര്‍ ഓണര്‍ ”
എന്നു പറഞ്ഞിട്ട് കോടതി ഹാളിന്‍റെ പിറകില്‍ നില്‍ക്കുന്ന പ്രതിയോട് പ്രതിക്കൂട്ടില്‍ കയറി നില്ക്കാന്‍ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. പ്രതികള്‍ക്കുള്ള കൂട്ടില്‍ കയറി നിന്ന പ്രതി കോടതിയെ നോക്കി കൈകൂപ്പി നടുവ് വളച്ചു വണങ്ങി.

 കോടതിയില്‍ പരിപൂര്‍ണ്ണമായ നിശബ്ദത. ജഡ്ജിയുടെ ഡയസിനു മുകളില്‍ കറങ്ങി ക്കൊണ്ടിരിക്കുന്ന പങ്കയുടെ അലോസരപ്പെടുത്തുന്ന കിരുകിരാന്നുള്ള ശബ്ദം മാത്രം നിശബ്ദതക്കു ഭംഗം വരുത്തികൊണ്ട് അവിടെ ഉയര്‍ന്നു കേട്ടു.ഒരു കൊലപാതക കേസിന്റെ വിധി പറയുവാന്‍ കോടതി തയ്യാറെടുക്കുകയാണ്. വിധി എന്താണെന്ന് അറിയാന്‍ എല്ലാവരും സാകൂതം കോടതിയെ ഉറ്റുനോക്കി നില്‍ക്കുന്നു. മാത്തുകുട്ടി വക്കീലിന്‍റെ നെഞ്ചിടിപ്പിപ്പോള്‍ കോടതിക്ക് വെളിയില്‍ നില്‍ക്കുന്നവര്‍ക്കു പോലും കേള്‍ക്കാവുന്ന വിധത്തിലായി. നെറ്റിയിലൂടെ  ചാലിട്ടൊഴുകിയ വിയര്‍പ്പുതുള്ളികള്‍  മാത്തുക്കുട്ടിയുടെ വലിയ കൃതാവുകളില്‍ ചെന്നൊളിച്ചുവെങ്കിലും  കുറേശ്ശെയായി കവിളിലൂടെ താഴേക്ക് ഒഴുകുവാന്‍ തുടങ്ങിയപ്പോള്‍ മാത്തുക്കുട്ടി ഗൌണിന്റെ കോന്തലകൊണ്ട്  മുഖം അമര്‍ത്തിതുടച്ചു.  അത് കണ്ട ചില വക്കീല്‍ ഗുമസ്ഥന്മാര്‍ ചിരിയടക്കാന്‍ പാടുപെട്ടു.

മാത്തുക്കുട്ടി ഇടം കണ്ണിട്ടു  പ്രതിയെ നോക്കി.  രാവിലെ തന്നെ  നോക്കി വെളുക്ക ചിരിച്ച പ്രതിയുടെ മുഖം പരിഭ്രമത്താല്‍ ഇപ്പോള്‍ വല്ലാതെ വിളറിവെളുത്തിരിക്കുന്നു. വളരെ വൈദഗ്ധ്യത്തോടെ സൂക്ഷ്മായി ചലിച്ചുകൊണ്ട് അന്യന്‍റെ കീശയില്‍ ജാലവിദ്യ കാണിക്കാറുള്ള അവന്റെ വിരലുകള്‍  പ്രതിക്കൂടിന്റെ കൈവരികളില്‍ ഇരുന്ന് വല്ലാതെ വിറകൊള്ളുന്നുണ്ട്.വല്ലാത്ത പിരിമുറുക്കം കാഴ്ച്ചക്കാരില്‍ പോലും സൃഷ്ടിക്കുന്ന നിമിഷങ്ങള്‍. സ്വാതന്ത്ര്യത്തിനും ജയില്‍ അഴികള്‍ക്കു ഇടയില്‍ ഇനി ആകെയുള്ളത് ഏതാനും നിമിഷങ്ങളുടെ അകലം മാത്രം. കോടതി ചുവരിലെ ഘടികാരത്തിന്‍റെ സൂചിയുടെ ചലന  ശബ്ദം  പെരുമ്പറ  നാദംപോലെ മാത്തുക്കുട്ടിയുടെ കാതുകളില്‍ മുഴങ്ങി.
ജഡ്ജി കേസിന്‍റെ കടലാസുകള്‍ തിരിച്ചു മറിച്ചും നോക്കിയതിനു ശേഷം പ്രതിയുടെ മുഖത്തേക്ക്  ഗൌരവമായി നോക്കി,പിന്നെ മാത്തുക്കുട്ടി വക്കീലിന്റെ വിളറിയ മുഖത്തേക്ക് ഒന്നിരുത്തി നോക്കി. കറുത്ത ഗൌണിന്‍റെ നിഴല്‍ വീണ മുഖത്തോടെയുള്ള ന്യായാധിപന്‍റെനോട്ടം നേരിടാനാവാതെ മാത്തുക്കുട്ടി വക്കീല്‍ കയ്യില്‍ ഇരിക്കുന്ന കേസ് ഫയല്‍ വെറുതെ കെട്ടഴിച്ച് അതിലേക്കു മുഖം താഴ്ത്തി.

ജഡ്ജി ഗൌരവത്തോടെ കേസ് ഫയലില്‍ എഴുതുവാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്ക് മണിക്കൂറുകളുടെ ദൈര്‍ഘ്യം ഉള്ളതായി മാത്തുകുട്ടിക്കു തോന്നി.ജഡ്ജിഏറെനേരം  കേസ് ഫയലില്‍ എഴുതുന്നത് കണ്ട ചില വക്കീലന്മാരും ഗുമസ്ഥന്മാരും പരസ്പരം വിധി  പറഞ്ഞു
“സംഗതി ശിക്ഷതന്നെയാണ് അതാണ് ഇത്രയും നേരം എഴുതുന്നത്.”
മാത്തുക്കുട്ടിയുടെ അടുത്തിരുന്ന ഒരു സീനിയര്‍ വക്കീല്‍ മാത്തുക്കുട്ടിയെ ആശ്വസിപ്പിക്കാന്‍ എന്നവണ്ണം പതിയെ പറഞ്ഞു...

“വക്കീലെ  സംഗതി ഇത്വെറുതെവിടേണ്ടകേസാണ്. പക്ഷെ  ബേജാറാകേണ്ട കാര്യമൊന്നുമില്ല.ന്തായാലും തൂക്കാന്‍ ഒന്നും വിധിക്കില്ലാലോ. ജീവപര്യന്തം ആകാനെ തരമുള്ളൂങ്ങക്ക് വേണേല്‍ അപ്പീല്‍ കൊടുക്കാല്ലോ”
സീനിയര്‍ വക്കീലിന്‍റെ  കൊസ്രാക്കൊള്ളി ആശ്വാസ വാക്ക് കേട്ടപ്പോള്‍ കേവലം ജൂനിയര്‍ വക്കീലായ മാത്തുക്കുട്ടിക്ക് ഭൂമി കീഴ്‌മേല്‍ മറിയുന്നതും താന്‍ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോകുന്നതും പോലെയും തോന്നി. പങ്കയുടെ  കാറ്റില്‍  ഇളകിയാടുന്ന  ന്യായാധിപന്റെ ഗൌണ്‍  മരണത്തിന്‍റെ  സന്ദേശവുമായി വന്ന മാലാഖയുടെ കറുത്ത ചിറകുകളായിമാത്തുക്കുട്ടിയുടെ കണ്ണുകള്‍ക്ക് മുന്‍പില്‍വിടര്‍ന്നു ചലിച്ചു.

കോടതി കേസ്ഫയലില്‍ എഴുതുന്നത് നിര്‍ത്തി.അടുത്ത നിമിഷം വിധി വാചകം ഉച്ചരിക്കപ്പെടും. എല്ലാവരുടെയും കണ്ണുകളും കാതുകളുടെയും  ഇപ്പോള്‍  ജഡ്ജിയുടെ മുഖത്തേക്ക് മാത്രമായി ചുരുങ്ങി. ജഡ്ജിതലയുയര്‍ത്തി ഗൌരവം തുടിക്കുന്ന മുഖത്തോടെ പ്രതിയെ നോക്കി പറഞ്ഞു...

“നിരപരാധിയെന്നു  കണ്ടിട്ടല്ല,  തെളിവില്ലാത്തതു കൊണ്ടു മാത്രമാണ്...”
ശേഷം  കയ്യിലിരുന്ന കേസ് ഫയല്‍ ബെഞ്ച് ക്ലര്‍ക്കിന് നേരെ നീട്ടി. ബെഞ്ച് ക്ലാര്‍ക്ക് ഫയലില്‍ നോക്കി കോടതി ഉത്തരവ്  വിളിച്ചു പറഞ്ഞു
“പ്രതിയെ വെറുതെ വിട്ടിരിക്കുന്നു”.

ടെന്‍ഷനടിച്ചു അല്പപ്രാണനായിപ്പോയ മാത്തുക്കുട്ടിക്ക് തന്‍റെ  ജീവന്‍ തിരിച്ചു ശരീരത്തിലേക്ക്  പ്രവേശിച്ചതായി അനുഭവപ്പെട്ടു. ഈ കഥയില്‍ ഇനി ആ ദിവസം  നടന്ന മൂന്ന് കാര്യങ്ങള്‍ കൂടിപറയേണ്ടതുണ്ട്.

കേസ് വിധി പറഞ്ഞ ഉടനെ തന്നെ കോടതി അന്നേക്കു പിരിഞ്ഞതായി അറിയിച്ചു കൊണ്ട് ജഡ്ജി എഴുന്നേറ്റ് തന്റെ ചേംബറിലേക്ക് പോയി.ഒരു കൊലക്കേസിലെ പ്രതി കുറ്റക്കാരനാണെന്ന് തനിക്ക് ഉത്തമ ബോദ്ധ്യംവന്നിട്ടും തെളിവുകളുടെ അഭാവത്തില്‍ പ്രതിയെ കുറ്റക്കാരനല്ല എന്ന് പ്രസ്താവിക്കുന്നതിനുവേണ്ടി സ്വന്തം മനഃസ്സാക്ഷിക്കും, ബോധ്യത്തിനും എതിരായി ന്യായവാദങ്ങള്‍ നിരത്തി വിധിന്യായം എഴുതേണ്ടി വന്നതില്‍ നീതിനിഷ്ഠനായ ആ ന്യായാധിപന്‍  അത്യന്തം  നൊമ്പരം കൊള്ളുകയുംതന്‍റെ നിസഹായ അവസ്ഥയോര്‍ത്ത്ക്ഷുഭിതന്‍ ആവുകയും ചെയ്തു.

ഒരു ജൂനിയര്‍ വക്കീലായ തനിക്ക്  ഒരു കൊലക്കേസിലെ പ്രതിക്ക് വിടുതല്‍ വാങ്ങിച്ച് കൊടുക്കാന്‍ കഴിഞ്ഞതില്‍ മാത്തുക്കുട്ടി വക്കീല്‍ വളരെയേറെ ആഹ്ലാദവാന്‍ ആയി കാണപ്പെട്ടു.കേസ് വിട്ട സന്തോഷത്തില്‍ വീട്ടിലേക്കു പോകുന്നതിന് മുന്‍പായി തന്‍റെ കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ചില പലഹാരങ്ങള്‍ വാങ്ങിയതിന്റെ വില കൊടുക്കാനായി പണം കയ്യില്‍ എടുത്തപ്പോള്‍ അതിലിരുന്നുകൊണ്ട്വട്ട കണ്ണടക്കാരനായ ഒരു പഴയ വക്കീല്‍ തന്നെ നോക്കി രണ്ടു തുള്ളി കണ്ണുനീര്‍ പൊഴിക്കുന്നതു കണ്ട മാത്തുക്കുട്ടിയുടെ ചങ്ക്  ഒരു നിമിഷം പിടച്ചുപോയി.

തന്‍റെ കുഞ്ഞിന്‍റെ ആശുപത്രി ബില്‍ അടയ്ക്കാന്‍ പോക്കറ്റില്‍ വച്ചിരുന്ന പണം യാത്രക്കിടയില്‍  നഷ്ടപ്പെട്ട മറ്റൊരു പിതാവ് കുറച്ച് പണം സംഘടിപ്പിക്കാന്‍ വേണ്ടി ആ സമയം പരിചയക്കാരെ തേടി അലയുകയായിരുന്നു.ഇതൊക്കെയായിരുന്നു ആ മൂന്നു കാര്യങ്ങള്‍.

ഇനി ഈ കഥയില്‍ചില ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും  അവശേഷിക്കുന്നുണ്ടെന്നു തോന്നുന്ന പക്ഷം  അത്  നിങ്ങളില്‍ ആരെങ്കിലും പറയണമെന്നാണ് എന്റെവിനീതമായ ആഗ്രഹം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക