Image

ഇന്ത്യയില്‍ നേതൃത്വശൂന്യത: അമേരിക്കന്‍ കോര്‍പ്പറേറ്റ് മേഖല

Published on 23 April, 2012
ഇന്ത്യയില്‍ നേതൃത്വശൂന്യത:  അമേരിക്കന്‍ കോര്‍പ്പറേറ്റ് മേഖല
വാഷിങ്ടണ്‍: ഇന്ത്യയില്‍ നേതൃത്വശൂന്യതയും അധികാര ശൂന്യതയുമുണ്ടെന്ന അമേരിക്കന്‍ കോര്‍പ്പറേറ്റ് മേഖലയുടെ കാഴ്ചപ്പാട് തള്ളിയ ധനമന്ത്രി പ്രണബ് മുഖര്‍ജി വളരെ ശക്തിയും അധികാരവുമുള്ള സ്വീകാര്യനായ പ്രധാനമന്ത്രിയാണ് രാജ്യത്തിനുള്ളതെന്ന് വ്യക്തമാക്കി. അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യയിലെ ഭരണകൂടത്തിന് വ്യക്തമായ നേതാവില്ലെന്ന അമേരിക്കന്‍ കോര്‍പ്പറേറ്റ് മേഖലയുടെ അഭിപ്രായം ധനമന്ത്രിക്ക് മുമ്പില്‍ പത്രസമ്മേളനത്തിലെ ചോദ്യമായെത്തിയത്.

ഏതെങ്കിലും സംഘടനയുടെയോ സ്ഥാപനത്തിന്റെയോ കാഴ്ചപ്പാടിനോട് എങ്ങനെ തനിക്ക് അഭിപ്രായം പറയാനാവുമെന്ന് പ്രണബ് ചോദിച്ചു. ഇന്ത്യയില്‍ നിക്ഷേപത്തിനനുകൂല സാഹചര്യമല്ലെന്ന അമേരിക്കന്‍ വ്യവസായികളുടെ ധാരണ നിരാകരിച്ച പ്രണബ് ഇന്ത്യയില്‍ സാമ്പത്തികപരിഷ്‌കരണം ശക്തമായി നടക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഇന്ത്യയില്‍ അധികാരശൂന്യതയുണ്ടെന്നും ഇത് തീരുമാനങ്ങള്‍ വൈകിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ച് യു.എസ്. വ്യവസായ സമൂഹം അടുത്തിടെ വൈറ്റ് ഹൗസിന് കത്തെഴുതിയിരുന്നു.

ഇന്ത്യയില്‍ ക്യാബിനറ്റ് മന്ത്രിമാര്‍ രാഷ്ട്രീയക്കളികളില്‍ തിരക്കിലാണെന്നും ശക്തരായ ഉദ്യോഗസ്ഥര്‍ പ്രകടനപരതയിലാണെന്നുമാണ് യു.എസ്. ഐ.ബി.സി. ചെയര്‍മാനും മക് ഗ്രോ-ഹില്‍ കമ്പനികളുടെ സി.ഇ.ഓയുമായ ഹാരോള്‍ഡ് ടെറി മക് ഗ്രോ മൂന്നാമന്‍ യു.എസ്. പ്രസിഡന്‍റ് ബരാക് ഒബാമയുടെ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് മൈക് ഫ്രോമാന് എഴുതിയ കത്തില്‍ പറയുന്നത്.
(Mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക