Image

തീവ്രം, ധീരം (രണ്ട് കവിതകള്‍: രമ പ്രസന്ന പിഷാരടി)

Published on 28 April, 2019
തീവ്രം, ധീരം (രണ്ട് കവിതകള്‍: രമ പ്രസന്ന പിഷാരടി)
തീവ്രം

രാവിന്നിരുട്ടുമായ്
മുന്നിലെത്തുന്നവര്‍
സൂര്യനെ മായ്പ്പവര്‍
പൗര്‍ണ്ണിക്കുള്ളിലെ
തൂവെളിച്ചത്തില്‍
അമാവാസി തൂകുവോര്‍
മഞ്ഞിന്റെ താഴ്വാര
മൗനത്തിനുള്ളിലായ്
മണ്ണിനെ ഹോമിച്ച്
ദു:ഖം നിറയ്ക്കുവോര്‍
വിസ്‌ഫോടനത്തിന്‍
വിനാശഗ്രഹങ്ങളെ
മൃത്യുവില്‍ ബന്ധിച്ച്
മുന്നിലെത്തുന്നവര്‍
പ്രാണനെ പ്രാണനില്‍
നിന്നും അടര്‍ത്തുവോര്‍
പാഴായ വസ്തുവായ്
കാലം മറക്കുവോര്‍
കണ്ടു തീര്‍ന്നിട്ടും
മരിച്ചു തീരുമ്പോഴും
കണ്ണിണയ്ക്കുള്ളില്‍
ഇരുട്ടുണര്‍ത്തുന്നവര്‍
നേരിടാന്‍ ധൈര്യ
മില്ലാത്തവര്‍ പിന്നില്‍
നിന്നാരെയും കൊല്ലാന്‍
മടുപ്പുമില്ലാത്തവര്‍
യുദ്ധം ജയിക്കേണ്ട
നീതിബോധങ്ങളില്‍
വിഭ്രമത്തിന്റെ കല്‍
ച്ചീളെറിഞ്ഞെത്തുവോര്‍
തീവ്രഗന്ധത്തിന്‍
ശ്മശാനശേഷങ്ങളെ
തീപൂട്ടിയെന്നും
വിശപ്പടക്കുന്നവര്‍
മണ്ണിനായ് രക്തം
പകര്‍ന്നു നീട്ടുന്നവര്‍
വിണ്ണില്‍ ചതിക്കാന്‍
പറന്ന് നീങ്ങുന്നവര്‍
ഏതോ നിഗൂഢമാം
കാണാത്ത സ്വര്‍ഗ്ഗത്തി
ലേറുവാന്‍ ഭൂമിയെ
ഭസ്മമാക്കുന്നവര്‍

ധീരം

ഒരോ വിദൂരഗ്രാമ
ങ്ങളില്‍ കേള്‍ക്കുന്നു
താഴ്വാര ഗദ്ഗദം
യാത്രാവിലാപങ്ങള്‍
ഭൂമിയെ സ്‌നേഹിച്ചു
സേവിച്ചു മാഞ്ഞവര്‍
ത്യാഗത്തിലൂടെ
പുനര്‍ജനിക്കുന്നവര്‍
നിശ്ശബ്ദരെങ്കിലും
ശബ്ദമാകുന്നവര്‍
നിശ്ചേഷ്ടരെങ്കിലും
ലോകമാകുന്നവര്‍
പ്രാണന്റെ സ്പന്ദം
നിലച്ചെങ്കിലും വീര
ധീര സ്മൃതികളില്‍
ജീവിച്ചിരിപ്പവര്‍
ത്യാഗം, പ്രതിഞ്ജകള്‍
ഓരോ നിയോഗങ്ങള്‍
ഓര്‍മ്മപ്പെടുത്തി
കടന്നുപോകുന്നവര്‍
ഭദ്രതയ്ക്കുള്ളില്‍
അഭദ്രമായ് തീരുന്ന
ദിക്കുകള്‍ക്കുള്ളില്‍
ജ്വലിച്ച് നില്‍ക്കുന്നവര്‍
കാംഗ്ര തന്‍ താഴ്വര
ആഗ്ര തന്‍ കര്‍ഹായി
ഗ്രാമം, കരഞ്ഞുതീരാത്ത
തൃക്കൈപ്പറ്റയും
യാത്രാമൊഴിക്കിടെ  കണ്ടു
ത്രിവര്‍ണ്ണത്തിലേറ്റിയ
കീര്‍ത്തി, സ്മൃതി,
ഗണ്‍സല്യൂട്ടുകള്‍!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക