Image

ന്യൂജെന്‍ സഖാക്കള്‍ അഥവാ ദീപാ നിശാന്തുമാര്‍ സിപിഎമ്മിന്‍റെ കുഴിതോണ്ടുന്ന വിധം.

കലാകൃഷ്ണന്‍ Published on 29 April, 2019
ന്യൂജെന്‍ സഖാക്കള്‍ അഥവാ ദീപാ നിശാന്തുമാര്‍ സിപിഎമ്മിന്‍റെ കുഴിതോണ്ടുന്ന വിധം.

കാസര്‍കോട് മണ്ഡലത്തില്‍ വരുന്ന കണ്ണൂരിലെ പിലാത്തറയില്‍ കള്ളവോട്ട് നടന്നുവെന്ന് കോണ്‍ഗ്രസ് തെളിവ് സഹിതം പുറത്തുവിട്ടു. ആരാണ് കള്ളവോട്ട് ചെയ്തത് എന്ന കാര്യത്തില്‍ പതിവ് പോലെ സിപിഎമ്മിന്‍റെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. തങ്ങള്‍ക്കിതിലൊരു പങ്കുമില്ല എന്ന് സിപിഎം പത്രക്കുറിപ്പ് നല്‍കുകയും ചെയ്തു. ഇത്രയുമായാല്‍ രാഷ്ട്രീയ കളി കഴിഞ്ഞു. ഇതിപ്പോ ഇപ്പുറത്ത് ലീഗും കള്ളവോട്ട് ചെയ്തുവെന്ന് ദൃശ്യങ്ങള്‍ പുറത്തു വരുന്നുണ്ട്. അതൊക്കെ രാഷ്ട്രീയക്കാര്‍ തഞ്ചം പോലെ കൈകാര്യം ചെയ്തു പോരുകയും ചെയ്യും. 
എന്നാല്‍ ന്യൂജെന്‍ സഖാക്കളുണ്ടല്ലോ നേരെ കോണ്‍ഗ്രസിന്‍റെ കള്ളവോട്ട് വെളിപ്പെടുത്തലില്‍ കയറിപ്പിടിച്ചു. ന്യൂജെന്‍ സഖാക്കളെന്ന് പറഞ്ഞാല്‍ ദീപാ നിശാന്ത് മുതല്‍ ശാരദക്കുട്ടി വരെയുള്ള അടിസ്ഥാന രാഷ്ട്രീയ ബോധം തൊട്ടു തെറിച്ചിട്ടില്ലാത്ത, കേരളത്തിലെ ഒരു സാധാരണ സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗത്തിന്‍റെ പോലും കോമണ്‍ സെന്‍സില്ലാത്ത വെറും കരിയറിസ്റ്റുകള്‍. സിപിഎമ്മിനോട് ഒട്ടി നിന്ന് കിട്ടുന്ന 'കിട്ടപ്പോരുകളിലാണ'് ഇത്തരക്കാരുടെ കണ്ണ്. 
ഞങ്ങളുടെ സിപിഎം... ഇങ്ങനെ ചെയ്യില്ല. ഇത് ഞങ്ങളുടെ സിപിഎം ഇങ്ങനെയല്ല എന്നൊക്കെ വെറുതെ കയറി വിവാദം ഏറ്റെടുക്കുകയാണ് ഇത്തരക്കാരുടെ പണി. കള്ളവോട്ട് ചെയ്തവര്‍ സത്യത്തില്‍ ചെയ്തത് ഓപ്പണ്‍ വോട്ടാണ് എന്ന വാദം നിരത്തി സോഷ്യല്‍ മീഡിയയില്‍ ഘോരഘോരം വാദിച്ചു ഇവര്‍.  സൈബര്‍ ആക്ടിവിസ്റ്റ് ദീപാ നിശാന്ത് പിലാത്തറയിലേത് ഓപ്പണ്‍ വോട്ടാണ്. മാധ്യമങ്ങള്‍ അത് മുക്കുകയാണ് എന്ന് അമര്‍ഷം കൊണ്ടു. (ഏത്,,, മറ്റൊരാളുടെ കവിത മോഷ്ടിച്ച് സ്വന്തം പേരിലാക്കി പ്രസിദ്ധീകരിച്ച് പെരുമ കൊണ്ട അതേ ദീപാ നിശാന്ത്)
അവസാനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഓപ്പണ്‍ വോട്ടാണ് പിലാത്തറയിലേത് എന്ന വാദം പൂര്‍ണ്ണമായും തള്ളി. നടന്നത് കള്ളവോട്ടാണ് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി സ്ഥിരീകരിച്ചു. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചു. സിപിഎം പഞ്ചായത്തംഗം സലീന, മുന്‍ പഞ്ചായത്ത് അംഗങ്ങളായ സുമയ്യ, പദ്മിനി എന്നിവര്‍ക്കെതിരെയാണ് കേസെടുക്കുക. സലീന പഞ്ചായത്ത് അഗത്വം രാജിവെച്ച് തന്നെ കേസ് നേരിടേണ്ടി വരും. 
ഇത്തരം ഗുരുതരമായ കുറ്റകൃത്യം അതായാത് കള്ളവോട്ട് ചെയ്യുക എന്ന ജനാധിപത്യ പ്രക്രിയയുടെ കടക്കല്‍ കത്തിവെക്കുന്ന പണി ചെയ്തവരെയാണ് സൈബര്‍ ആക്ടിവിസ്റ്റുകള്‍ പച്ചയ്ക്ക് ന്യായീകരിക്കുന്നത്. ഇന്ത്യന്‍ പൊളിറ്റിക്സ് കളിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് ഈ കള്ളവോട്ടൊന്നും പുത്തരിയല്ല. ജനത്തിന്‍റെ കണ്ണില്‍ പൊടിയിട്ട് കളി മാറ്റി കളിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് അറിയാം.  
എന്നാല്‍ ദീപാ നിശാന്തുമാര്‍ക്ക് ആപ്പണിയും വശമില്ലല്ലോ. സിപിഎമ്മിന്‍റെ വക്കാലത്ത് അങ്ങോട്ട് കയറി ഏറ്റെടുത്ത് സിപിഎമ്മിന്‍റെ സകല കുറ്റങ്ങളും നാട് മുഴുവന്‍ വിളിച്ചുകൂവി അറിയിച്ച് അവസാനം കൊലക്കയര്‍ വാങ്ങിക്കൊടുക്കുന്ന പണിയാണ് ദീപാ നിശാന്തുമാര്‍ ചെയ്യുന്നത്. ഇവരെ ഇപ്പോഴെ തള്ളിപ്പറഞ്ഞാല്‍ സിപിഎമ്മിന് നല്ലത്. കള്ളവോട്ടിനെ ന്യായീകരിക്കുന്ന കള്ളികളെയും കള്ളന്‍മാരെയും ചുമക്കുന്ന ഒരു കള്ളപ്പാര്‍ട്ടി എന്ന പേരുദോഷം സിപിഎമ്മിന് ഉണ്ടാവാതിരിക്കാന്‍ അടിയന്തര ശ്രദ്ധ പുലര്‍ത്തിയാല്‍ നന്ന്. 
സത്യത്തില്‍ ഇത്തരം സൈബര്‍ ആക്ടിവിസ്റ്റുകളെക്കൊണ്ട് യാതൊരു ഗുണവും സിപിഎമ്മിനില്ല എന്നതാണ് വാസ്തവം. ജനങ്ങള്‍ എത്രപേര്‍ കൂടെയുണ്ട് എന്ന് തിരിച്ചറിയുകയാണ് ഈ ശബരിമല അനന്തര കാലത്ത് സിപിഎം യഥാര്‍ഥത്തില്‍ ചെയ്യേണ്ടത്. അതിനുള്ള ഹിതപരിശോധന തന്നെയാണ് ലോക്സഭാ ഇലക്ഷന്‍. ജനം സിപിഎമ്മിനൊപ്പമുണ്ടോ ഇല്ലിയോ എന്നത് സിപിഎമ്മിന്‍റെ വോട്ട് ഷെയറില്‍ നിന്ന് മനസിലാക്കാം. ഇത്തവണ ഇടതുപക്ഷം മുഴുവനും വിശിഷ്യാ സിപിഎം സിപിഐ പാര്‍ട്ടികള്‍ നല്ല ഒത്തൊരുമയോടെയാണ് ഇലക്ഷനെ നേരിട്ടത്. സിപിഎമ്മിലാവട്ടെ വിഭാഗീയതയുടെ യാതൊരു പ്രതിസന്ധിയുമുണ്ടായിരുന്നില്ല. ഇടതുപക്ഷം പ്രതിസന്ധി നേരിട്ടത് തെരുവുകളില്‍ തന്നെയാണ്. അതിന്‍റെ മറുപടി ജനങ്ങളില്‍ നിന്ന് സ്വീകരിക്കുകയാണ് നല്ലത്. 
എല്‍ഡിഎഫിന് വലിയ തിരിച്ചടി നേരിട്ടാല്‍ പുരോഗമനപരമായ നിലപാടുകള്‍ക്ക് ഇനിയും കേരളം പരുവപ്പെട്ടില്ല എന്ന്  മനസിലാക്കുന്നതാവും നല്ലത്. ആ പരുവപ്പെടലിനായി ഇടതുപക്ഷം നിരന്തരം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. ആ പരുവപ്പെടലിലേക്ക് കാലം കൊണ്ട് ജനതയെ എത്തിക്കുന്നത് വരെ വലിയ എടുത്താചാട്ടങ്ങള്‍ക്ക് സിപിഎം ഇനി ശ്രമിക്കുമെന്ന് കരുതുകയും വയ്യ. എന്നാല്‍ സൈബര്‍ സഖാക്കളെയും കെട്ടിക്കയറി വരുന്ന വക്കീലന്‍മാരെയും തള്ളിപ്പറയുക എന്നത് അടിയന്തരമായി ചെയ്യേണ്ട കാര്യമാണ്. അല്ലെങ്കില്‍ അവര്‍ ഒരു ജനതയില്‍ നിന്ന് ഇടതുപക്ഷത്തെ പുറത്താക്കുക തന്നെ ചെയ്യും. 
ചുരുക്കി പറഞ്ഞാല്‍... കള്ളനും, മൊണ്ണയായ വക്കീലുമൊക്കെ പാര്‍ട്ടിയുടെ വക്കാലത്ത് ഏറ്റെടുക്കുന്നത് ഭൂഷണമാണോ എന്ന് ആലോചിച്ച് തീരുമാനിക്കുക. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക