Image

കളക്ടറുടെ ആരോഗ്യനില ഗുരുതരമെന്ന് മാവോയിസ്റ്റുകള്‍

Published on 23 April, 2012
കളക്ടറുടെ ആരോഗ്യനില ഗുരുതരമെന്ന് മാവോയിസ്റ്റുകള്‍
റായ്പുര്‍ ‍: ഛത്തീസ്ഗഡില്‍നിന്ന് തട്ടിക്കൊണ്ടുപോയ സുക്മ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോന്റെ ആരോഗ്യനില ഗുരുതരമാണെന്ന് മാവോയിസ്റ്റുകള്‍ അറിയിച്ചു. കളക്ടറുടെ മോചനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മാവോയിസ്റ്റുകള്‍ മൂന്നു മധ്യസ്ഥരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചു. പ്രശാന്ത് ഭൂഷന്‍, ബി.ഡി. ശര്‍മ, മനീഷ് കുഞ്ജം എന്നിവരെയാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മാവോയിസ്റ്റുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അലക്‌സ് പോള്‍ മേനോനുള്ള മരുന്നുകളുമായി മധ്യസ്ഥര്‍ ചര്‍ച്ചയ്ക്കു വരണമെന്നാണ് മാവോയിസ്റ്റുകള്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ കളക്ടറെ മോചിപ്പിച്ച ശേഷമെ മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്ക്കുള്ളുവെന്ന് മുഖ്യമന്ത്രി രമണ്‍സിംഗ് വ്യക്തമാക്കി. അലക്‌സ് പോള്‍ മേനോനെ മോചിപ്പിക്കാനുള്ള നടപടികള്‍ ഊര്‍ജിമാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. ആസ്ത്മ രോഗിയാണു കളക്ടര്‍. അദ്ദേഹത്തിനു മരുന്നുകളെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഇതിനിടെ, ബസ്തര്‍ മേഖലയിലെ മാവോയിസ്റ്റ് വേട്ട ഛത്തീസ്ഗഡ് സര്‍ക്കാര്‍ നിര്‍ത്തിവച്ചു. കളക്ടറെ വിട്ടയയ്ക്കുന്നതുവരെ മാവോയിസ്റ്റുകള്‍ക്കെതിരേ നടപടി പാടില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബന്ദിയാക്കപ്പെട്ട കളക്ടറുടെ സുരക്ഷിതത്വത്തിനുവേണ്ടിയാണ് ഈ നടപടി. മാജിപ്പാറ ഗ്രാമത്തില്‍നിന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് അലക്‌സ്‌പോള്‍ മേനോനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്. രണ്ട് അംഗരക്ഷകരെയും മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. ജയിലിലുള്ള ഏഴു പ്രവര്‍ത്തകരെ വിട്ടയച്ചാല്‍ ഏപ്രില്‍ 25നു കളക്ടറെ മോചിപ്പിക്കാമെന്നു ഞായറാഴ്ച മാവോയിസ്റ്റുകള്‍ വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക