Image

കടല്‍ക്കൊല: മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം

Published on 24 April, 2012
കടല്‍ക്കൊല: മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം
കൊച്ചി: ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ഇവരുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ലഭിക്കും. മരിച്ച ജലസ്റ്റിന്റെ ഭാര്യ ഡോറയ്ക്കും മക്കള്‍ക്കും ഒരു കോടി രൂപയും അജീഷ് പിങ്കിയുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാര്‍ക്ക് അമ്പത് ലക്ഷം രൂപ വീതവുമാണ് ലഭിക്കുക.

ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇറ്റാലിയന്‍ അധികൃതരും മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും ഒപ്പിട്ടു. ലോക് അദാലത്തിലായിരുന്നു ധാരണാപത്രം ഒപ്പിട്ടത്. തുകയുടെ ഡിഡിയും കൈമാറിയിട്ടുണ്ട്. കേസ് ലോക് അദാലത്തിന് വിടണമെന്ന് വെള്ളിയാഴ്ച ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ നിന്ന് പിന്‍മാറുന്നതായി രാവിലെ ഇവര്‍ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ ഡോറയും അജീഷിന്റെ സഹോദരിമാരും കക്ഷിചേരുകയായിരുന്നു.

കടല്‍ക്കൊലയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ നല്‍കിയിട്ടുള്ള എല്ലാ ഹര്‍ജികളും പിന്‍വലിക്കാനും ധാരണയായിട്ടുണ്ട്. അതിനിടെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന കേസ് ഹൈക്കോടതിയില്‍ നടന്നുകൊണ്ടിരിക്കെ സുപ്രീംകോടതിയെ സമീപിച്ചത് എന്തിനെന്ന് ഇറ്റാലിയന്‍ അധികൃതരോട് ഹൈക്കോടതി ചോദിച്ചു. പരമാധികാര രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നമെന്ന നിലയ്ക്കാണ് സുപ്രീംകോടതിയിലെത്തിയതെന്നായിരുന്നു ഇറ്റാലിയന്‍ അധികൃതരുടെ മറുപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക