Image

നോര്‍വെ കോടതി വിട്ടയച്ച കുട്ടികള്‍ ഇന്ത്യയിലെത്തി

Published on 24 April, 2012
നോര്‍വെ കോടതി വിട്ടയച്ച കുട്ടികള്‍ ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി: നോര്‍വേ അധികൃതര്‍ ഏറ്റെടുത്തിരുന്ന ഇന്ത്യന്‍ ദമ്പതികളുടെ കുട്ടികളെ ഡല്‍ഹിയില്‍ എത്തിച്ചു. കുട്ടികളെ ചെറിയച്ഛനൊപ്പം ഇന്ത്യയിലേക്ക് അയയ്ക്കാന്‍ ഇന്നലെ നോര്‍വീജിയന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരുടെ മടക്കത്തിനുള്ള തടസങ്ങള്‍ നീങ്ങിയത്.

നോര്‍വേയില്‍ ഭൗമശാസ്ത്രജ്ഞനായ കോല്‍ക്കത്ത സ്വദേശി അനുരൂപിന്റെയും സാഗരികയുടെയും മക്കളായ അഭിഗ്യാനും (3) ഐശ്യര്യ (1) യുമാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്. പിതാവിന്റെ സഹോദരന്‍ അരുണഭാഷ് ഭട്ടാചാര്യയ്‌ക്കൊപ്പമാണ് കുട്ടികള്‍ പുലര്‍ച്ചെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. വിദേശകാര്യമന്ത്രി പ്രിനീത് കൗറും കുട്ടികളുടെ മുത്തച്ഛനും മറ്റ് കുടുംബാംഗങ്ങളും ഇവരെ സ്വീകരിക്കാന്‍ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയിരുന്നു. കുട്ടികളെ വിട്ടുതരാത്ത നിലപാട് ഇന്ത്യയും നോര്‍വേയും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങള്‍ക്ക് പോലും വഴിതെളിച്ചിരുന്നു.

മാതാപിതാക്കള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാത്തതിനാല്‍ കുട്ടികളെ വേണ്ട വിധത്തില്‍ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ച് നോര്‍വേ അധികൃതര്‍ മാതാപിതാക്കള്‍ക്കെതിരേ കേസെടുക്കുകയും കുട്ടികളെ ഏറ്റെടുക്കുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ ആണ് നോര്‍വേ ശിശുക്ഷേമവകുപ്പ് കുട്ടികളെ ഏറ്റെടുത്ത് ഒരു നോര്‍വീജിയന്‍ കുടുംബത്തിനൊപ്പം മാറ്റിപ്പാര്‍പ്പിച്ചിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക