Image

'എട്ട'ങ്ങാടി വിശേഷങ്ങള്‍ (കൗതുകകാഴ്ചകള്‍-2- ബിന്ദു രാമചന്ദ്രന്‍)

Published on 03 May, 2019
'എട്ട'ങ്ങാടി വിശേഷങ്ങള്‍  (കൗതുകകാഴ്ചകള്‍-2- ബിന്ദു രാമചന്ദ്രന്‍)
'ഒരു പേരിലെന്തിരിക്കുന്നു' എന്ന് പറഞ്ഞ ഷേക്‌സ്പിയര്‍ തന്റെ പേര് തെറ്റിച്ചെഴുതിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. (Shakespear, Shakespeare) . ഈ ചിന്തയിലല്‍പ്പം ചിരി ചാലിച്ച് ഇന്ന് നമുക്ക് യാത്ര തുടരാം.

ചില വിദേശ ഭാഷ പ്രയോഗങ്ങള്‍ നമ്മില്‍ ചിരി പടര്‍ത്തിയേക്കാം. അന്യഭാഷയുടെ അര്‍ഥം ചിലപ്പോള്‍ നമുക്ക് അനര്‍ത്ഥവും മറ്റു ചിലപ്പോള്‍ അന്വര്‍ത്ഥവുമാകാം. അത്തരം ചില തെരുവോര കാഴ്ചകളിലേക്കാണ് നാം ഇന്ന് പോകുന്നത്. ഒരു ഫോട്ടോ ഫീച്ചര്‍ ആവാം അല്ലേ.

യൂറോപ്യന്‍ പര്യടനങ്ങളില്‍ നമ്മെ വലയ്ക്കുന്നതു യാത്രാ ചെലവുകള്‍ക്കുപരി ഭക്ഷണ- താമസ നിരക്കുകള്‍ ആണ്. അതുകൊണ്ടു തന്നെ നാട്ടിലെ മുന്തിയ റെസ്റ്ററന്റുകളില്‍ ചന്നം പിന്നം ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ഞങ്ങള്‍ വിദേശത്തെത്തിയാല്‍, CBSE പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ കിട്ടിയ കുട്ടികളെപ്പോലെ പല ആവര്‍ത്തി മെനു വായിച്ചു പഠിക്കുകയും ആവശ്യത്തിലേറെ കൂളിംഗ് ടൈം എടുക്കുകയും ചെയ്തിരുന്നു.

lആംസ്റ്റര്‍ഡാമില്‍ ഒരു ഭക്ഷണ ശാലയില്‍ കയറി മെനു കണ്ട രാമുവിനു organic chemistry യും
മക്കള്‍ക്ക് ഹിസ്റ്ററിയും എനിക്ക് കണക്കു പരീക്ഷയും എഴുതുകയാണെന്നു തോന്നിപ്പോയി. 'കഴുത്തറപ്പന്‍ വില' കാരണം ഈ പരീക്ഷ പാസാവില്ലെന്നും സെപ്തംബറില്‍ വീണ്ടും എഴുതാമെന്നും കരുതി പുറത്തിറങ്ങിയ ഞങ്ങള്‍ ഹോട്ടലിന്റെ പേര് കണ്ടു പൊട്ടിച്ചിരിച്ചു. നഗ്‌ന സത്യം എഴുതി പ്രദര്‍ശിപ്പിച്ച ഹോട്ടലുടമയ്ക്കു നല്ലനമസ്‌കാരം ആരായാലും കൊടുത്തു പോവില്ലെ കൂട്ടരേ.
(ചിത്രം 1)

ആട്ടിന്‍പാലും ഉണക്കറൊട്ടിയുമടക്കം സസ്യാഹാരം മാത്രം കഴിച്ച നമ്മുടെ രാഷ്ട്രപിതാവ് 5 കോഴ്‌സ് ഡിന്നറും മദ്യ മാംസരുചി വൈവിധ്യങ്ങളുമുള്ള ഒരു റസ്റ്ററന്റിന്റെ പേരായി അറിയപ്പെടുന്നത് വേദന തന്നു. ഒരു പക്ഷെ 'ഇന്ത്യ' എന്നാല്‍ 'ഗാന്ധി' എന്ന ചിന്തയില്‍ നിന്നും രുചിയുള്ള ഭാരതീയ ഭക്ഷണത്തിനായി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുവാനുള്ള വിപണന തന്ത്ര ത്തിന്റെ ഭാഗമായതാവാം ആ സാധു. (ചിത്രം 2.)

മത്തു പിടിപ്പിക്കുന്ന 'മസാല'ക്കൂട്ടുകള്‍ ഉള്ളതിനാലാണോ എന്നറിയില്ല വശ്യ ഗന്ധിയായ പേരുമായി കാമസൂത്ര എന്ന റസ്റ്ററന്റും കണ്ണുകളിലുടക്കി നിന്നു. കഴിക്കാന്‍ ഇരുന്നുള്ള പൊസിഷന്‍ മാത്രമാവാം എന്ന് കരുതി സമാധാനിക്കാം അല്ലെ. ( ചിത്രം 3)

പല വലിപ്പത്തിലും നിറ- രുചി ഭേദങ്ങളിലുമുള്ള ചീസ്റോളുകള്‍ തികച്ചും അന്യമായി തോന്നിയിരുന്നു . പാലും തൈരും മോരും വെണ്ണയും മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണെങ്കിലും ചീസ് ഒരു ശരാശരി ഇന്ത്യക്കാരന്റെ തീന്‍മേശയില്‍ ഇതുവരെ ഇടം പിടിച്ചിട്ടില്ല . ലോറി- ബുള്‍ ഡോസര്‍ ടയറുകളെ വെല്ലുന്ന വലിപ്പത്തില്‍ കടകളില്‍ പ്രദര്ശിപ്പിച്ചിട്ടുള്ള ഇവ നാവിനുപരി കണ്ണുകള്‍ക്ക് കൗതുകമായി (ചിത്രം4)

പരസ്യം പതിക്കരുതെന്ന നിര്‌ദേശത്തിനു തൊട്ടുതാഴെ ചുവരെഴുത്തു നടത്തുന്ന തെമ്മാടി ചെക്കനെപ്പോലെ വിലക്കപ്പെട്ട സ്ഥലത്ത് തന്നെ സൈക്കിള്‍ സൂക്ഷിച്ച ഒന്നുരണ്ട്
'മംഗലശ്ശേരി നീലകണ്ഠന്മാര്‍ 'ആംസ്റ്റര്‍ഡാമിലെവിടെയോ ഉണ്ടെന്നു ഇതാ തെളിവ് .(ചിത്രം 5. )

പത്തിരുപതു കൊല്ലത്തെ മലബാര്‍ വാസത്തിനിടെ ആവര്‍ത്തിച്ചു കേട്ടതിനാലാവണം ചിത്രം 6 ഞാന്‍ ചിരിച്ചു കൊണ്ട് നിങ്ങള്‍ക്ക് കൈമാറുന്നു. No comments please.

അന്തരീക്ഷത്തില്‍ പോലും വന്യമായ ഗന്ധം പടര്‍ത്തി പുകച്ചു വലിക്കാവുന്ന എല്ലാത്തരം ലഹരി വസ്തുക്കളുടെയും വില്പന- പ്രദര്‍ശന കേന്ദ്രങ്ങളും ഇവിടെ സര്‍വ സുലഭം. (ചിത്രം 7.)

ആരോഗ്യപ്രേമികള്‍ക്കായി പരിശുദ്ധ പൊഹ വാഗ്ദാനം ചെയ്യുന്ന E-smoking കടകള്‍ ധാരാളം കാണാനിടയായി. Vaping എന്നും അറിയപ്പെടുന്ന ഇവയുടെ ഗുണദോഷങ്ങള്‍ നാം ഇനിയും പഠന വിധേയമാക്കേണ്ടിയിരിക്കുന്നു.
(ചിത്രം 8)

പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് ആവാഹിച്ചാസ്വദിച്ചു നമുക്ക്
ഈ യാത്ര വീണ്ടും തുടരാം.അപ്പോഴേയ്ക്കും ലോകചരിത്രം മാറ്റി മറിച്ച ഒരു സംഭവത്തിന്റെ ശേഷിക്കുന്ന തെളിവുകള്‍ ഞാനൊന്ന് കോര്‍ത്തെടുക്കട്ടെ.
'എട്ട'ങ്ങാടി വിശേഷങ്ങള്‍  (കൗതുകകാഴ്ചകള്‍-2- ബിന്ദു രാമചന്ദ്രന്‍)'എട്ട'ങ്ങാടി വിശേഷങ്ങള്‍  (കൗതുകകാഴ്ചകള്‍-2- ബിന്ദു രാമചന്ദ്രന്‍)'എട്ട'ങ്ങാടി വിശേഷങ്ങള്‍  (കൗതുകകാഴ്ചകള്‍-2- ബിന്ദു രാമചന്ദ്രന്‍)'എട്ട'ങ്ങാടി വിശേഷങ്ങള്‍  (കൗതുകകാഴ്ചകള്‍-2- ബിന്ദു രാമചന്ദ്രന്‍)'എട്ട'ങ്ങാടി വിശേഷങ്ങള്‍  (കൗതുകകാഴ്ചകള്‍-2- ബിന്ദു രാമചന്ദ്രന്‍)'എട്ട'ങ്ങാടി വിശേഷങ്ങള്‍  (കൗതുകകാഴ്ചകള്‍-2- ബിന്ദു രാമചന്ദ്രന്‍)'എട്ട'ങ്ങാടി വിശേഷങ്ങള്‍  (കൗതുകകാഴ്ചകള്‍-2- ബിന്ദു രാമചന്ദ്രന്‍)'എട്ട'ങ്ങാടി വിശേഷങ്ങള്‍  (കൗതുകകാഴ്ചകള്‍-2- ബിന്ദു രാമചന്ദ്രന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക