Image

ഫ്രീക്കിക്ക് (കഥ: ജോണ്‍ ബേബി മൂത്തേടത്ത്)

Published on 03 May, 2019
ഫ്രീക്കിക്ക് (കഥ: ജോണ്‍ ബേബി മൂത്തേടത്ത്)
സുമാര്‍ നാല്‍പ്പത്തഞ്ചു വയസ്സെങ്കിലും പ്രായം തോന്നിക്കുന്ന, കാഴ്ച്ചയില്‍ നന്നേ തടിച്ചുരുണ്ട്, പറ്റേ കഷണ്ടികയറിയ, ഒരു മദ്ധ്യവയസ്കന്റെ ശരീരഭാഷ ആയിരുന്നിട്ടും, ബലിഷ്ഠമാണെന്നു ഒറ്റനോട്ടത്തില്‍ തന്നെ തോന്നിപ്പിക്കുന്ന കൈകാലുകള്‍, ചെറുതായി ഞൊണ്ടി ഞൊണ്ടിയുള്ള തന്റെ നടത്തയുടെ താളത്തില്‍ ലയിപ്പിച്ച്, അയാള്‍ കൊച്ചീനഗരത്തിന്റെ തിരക്കിലൂടെ മുന്നോട്ട് നീങ്ങുകയായിരുന്നു.

വില്‍പ്പനക്കായി, ചെരുപ്പുകളും അല്ലറച്ചില്ലറ തുണിത്തരങ്ങളും ഫുട്ട്പാത്തിലേക്ക്
നിരത്തിയിട്ട ചിലയിടങ്ങള്‍, അയാളുടെ നടത്തയുടെ താളത്തെ പലപ്പോഴും തടസ്സപ്പെടുത്തി. അതൊക്കെ വാങ്ങാന്‍ ചുറ്റിപറ്റിനില്‍ക്കുന്നവരെയോ, എതിരേ വരുന്നവരേയോ കൂട്ടിയിടിക്കാതിരിക്കാന്‍, ആജാനബാഹുവായ അയാള്‍ക്ക്, ഫുട്ട്പാത്തില്‍ നിന്നും പലവട്ടം ഇറങ്ങി കയറേണ്ടിവന്നു. അപ്പോഴൊക്കെയും, മുടന്തുള്ള വലതുകാലിന്റെ മുട്ടിലെ അസ്വസ്ഥതയെ സ്വാന്തനിപ്പിക്കാനെന്നോണം കൈകള്‍ കൊണ്ട് മുട്ടിനൊരു താങ്ങുകൊടുക്കുവാനോ, ഒരു ബലത്തിനായി എവിടേയെങ്കിലും പിടിക്കുവാനോ അയാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അല്‍പ്പദൂരം നടന്ന് "ഹാമില്‍ട്ടന്‍ സെന്റര്‍" എന്ന, കൊച്ചിയിലെതന്നെ ഏറ്റം വിശാലമായ സ്‌പോര്‍ട്ട് ഷോറൂമിലേക്ക് അയാള്‍ എത്തിച്ചേര്‍ന്നു. അയാളെക്കണ്ടതും പരിചയക്കാരായ സെയില്‍സ്മാന്‍മാരില്‍ ഒരാള്‍ ഓടിയെത്തി.

"ഭായ് എന്താണ് ഇതുവഴി പുതിയ ടൂര്‍ണ്ണമെന്റ് വല്ലതും ആയോ?"

"ആ കുട്ടാ ഒരു സെവന്‍സ് നടക്കുന്നുണ്ട് , ഇത്തവണ ട്രോഫികളല്ല, അതിന്റെ ബോളെല്ലാം ഞാനാണേ സ്‌പോണ്‍സര്‍ ചെയ്യുന്നത് "

"പറ ഭായി ഏതാണ് വേണ്ടത്, എത്രയെണ്ണം വേണം?"

"ഓ അത്രേം കാശൊന്നുമില്ലട കുട്ടാ, ഒരു നാലെണ്ണം, നിവിയ തന്നാമതി."

''ഭായി ഒരു കാര്യം ചെയ്യ് ഒരഞ്ചണ്ണമെടുത്തേരേ, ഒരു സ്കീമുണ്ട്. പൈസ ബാക്കി പിന്നെ തന്നാല്‍ മതി, ഞാന്‍ പറഞ്ഞോളാം"

" ആ നീ എന്തേലും കാട്ട്"

വാങ്ങിയതിന്റെ ബില്ല് മൊത്തം കൊടുക്കാനുള്ള പണം തത്ക്കാലം അയാളുടെ പക്കല്‍ ഉണ്ടായിരുന്നു. ഇറങ്ങാന്‍ നേരം സെയില്‍സ്മാന്‍ രഹസ്യത്തില്‍, കാറ്റുനിറച്ചൊരുപന്ത് അയാള്‍ക്കു കൊണ്ടുനല്‍കി. അത് കമ്പനിയുടെ പരസ്യത്തിനായി അവിടെ സൂക്ഷിച്ചിരുന്നതായിരുന്നു. അത് അങ്ങനെ വേണ്ടാ എന്നയാള്‍ ആവതു പറഞ്ഞതാണ്, പക്ഷേ അത് സ്കീമില്‍പ്പെടുത്തി തന്നതാണെന്നും, ഭായിയെപ്പോലുള്ള ഒരു ഫുഡ്‌ബോള്‍ ഭ്രാന്തനല്ലാതെ വേറെ ആര്‍ക്കാണ് താനത് കൊടുക്കേണ്ടതെന്നും, ഇത് ഭായിയുടെ മകന് കൊടുത്തേക്കണം എന്നും ഓര്‍മ്മപ്പെടുത്തി, സെയില്‍സ്മാന്‍ നിര്‍ബന്ധപൂര്‍വ്വം അത് അയാളെ ഏല്‍പ്പിക്കുകയാണുണ്ടായത്.

ബോളുകള്‍വാങ്ങി, പതിവുപോലെ, ക്യാഷിലിരിക്കുന്ന നാരായണേട്ടനോട് കുശലം പറഞ്ഞും,തന്നെ ഇവിടെക്കണ്ടതിന്റെ സന്തോഷം പ്രകടിപ്പിച്ച കടയിലെ മറ്റു ജീവനക്കാര്‍ക്ക് സലാം നല്‍കിയും, അവിടെനിന്നുമിറങ്ങുമ്പോള്‍ ചെറിയൊരാള്‍ക്കൂട്ടം ഷോപ്പിലേക്ക് വരുന്നതയാള്‍ കണ്ടു. പ്രശസ്തനായ #ഫുട്‌ബോള്‍താരം "അലക്‌സാണ്ടര്‍ പയസിനെ" കണ്ട് ഓട്ടോ ഗ്രാഫ് വാങ്ങാന്‍ പിറകേ കൂടിയ കോളേജ് പിള്ളേരാണ് മൊത്തം.

നാല്‍പ്പതു വയസ്സു കഴിഞ്ഞിട്ടും ചുറുചുറുക്കോടെ പ്രീമിയര്‍ ലീഗുകളില്‍ കളി തുടരുന്നതും, ഒരു പ്രമുഖ ടീമിന്റെ നായകനുമായ പയസ്സിനെ കണ്ടാല്‍, ആളുകള്‍ കൂടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഗോളടിക്കാറില്ലെങ്കിലും ആരെക്കൊണ്ടും സ്വന്തം പോസ്റ്റിലേക്ക് ഗോളടിപ്പിക്കാത്ത "സുന്ദര ക്രൂരന്‍" എന്നറിയപ്പെടുന്ന സൂപ്പര്‍താരം. സ്‌റ്റോപ്പര്‍ബാക്ക് പൊസിഷനില്‍ പയസുള്ള പോസ്റ്റിലേക്ക് പന്തുമായി വരാന്‍ ആരുമൊന്ന് ഭയക്കും, എത്രയോ കളിക്കാരെ സ്‌ട്രെച്ചറില്‍ കിടത്തിയിട്ടുള്ള, അതില്‍ പലര്‍ക്കും പിന്നീട് ഫുട്‌ബോള്‍ കരിയര്‍ തന്നെ നഷ്ടപ്പെട്ടിട്ടുള്ള എത്രയെത്ര കഥകള്‍. എന്നാലും പയസ് സൂപ്പര്‍താരമാണ്, കളിക്കളത്തിനകത്തെന്നപോലെ പുറത്തു മാധ്യമങ്ങളിലും, സാമൂഹ്യ സാംസ്കാരിക ഇടപെടലുകളിലൂടെയും ഒക്കെ ജനമനസ്സുകളില്‍ നിറഞ്ഞു കത്തുന്ന ഒരു നക്ഷത്രം.

കടന്നുപോകുംവഴി പയസ്സ്, ഷോപ്പിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന അയാളെയും നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു, എത്രയോ നാളുകളായി പരിചയമുണ്ടെന്ന മട്ടിലുള്ള ആ ചിരിക്കപ്പുറം അയാളുടെ കണ്ണുകള്‍ തുളുമ്പിപ്പോയി! തെല്ലപ്പുറത്തുള്ള ഫ്രൂട്ട്‌സ് കടയിലേക്ക് ഞാെണ്ടി ഞൊണ്ടി നടന്നെത്തി, അയാള്‍ ഒരു സോഡാസര്‍ബത്തു വാങ്ങി കുടിച്ചു. ശേഷം പയസിനെ ഒന്നുകൂടി കാണാനാവുമോ എന്നറിയാന്‍ അവിടെത്തന്നെ കാത്തിരുന്നു.

അയാളുടെ പ്രതീക്ഷതെറ്റിയില്ല, അധികം താമസിയാതെ പയസ് ആ ഷോപ്പ് വിട്ടിറങ്ങി വരുന്നതു കണ്ടു. ഭാഗ്യത്തിന് അതധികമാരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുമില്ല! കണ്ട മാത്രയില്‍ത്തന്നെ അയാള്‍ ധൃതിപ്പെട്ട് പയസ്സിനരികിലേക്കു നടന്നു. ഞൊണ്ടിയുള്ള ആ നടപ്പു കണ്ടിട്ടാവണം മനസ്സലിവു തോന്നി പയസ്സ്, അയാള്‍ക്കു നേരെ നടന്നു വന്ന് അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആലിംഗനം ചെയ്തു!! പയസിന് തന്നെ ഓര്‍മ്മയുണ്ടെന്ന ഒരു തോന്നലില്‍ അയാള്‍ക്ക് അതിയായ സന്തോഷം തോന്നി.

"പയസ് ഭായ്, എനിക്ക് പണ്ടേ അറിയാം
പണ്ടുനമ്മള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട് "

"ആഹാ സന്തോഷം വീണ്ടും കണ്ടതില്‍.. വല്ലാതെ തടികൂടിയല്ലോ താനെന്തെടുക്കുന്നു ഇപ്പോള്‍ ?"

"ഓ ഞാന്‍ .....
ഞാന്‍ വള്ള പണിക്കാണ് പോവുന്നത്, കാല്‍മുട്ടില്‍ ഇപ്പോഴും നല്ല വേദനയാ, നീയുടെ ലിഗ്മന്റ് പോയി കിടക്കുവല്ലേ "

"ഓ കഷ്ടം മുട്ടിനൊക്കെ പണി പറ്റിയാല്‍ പിന്നെ വലിയ കഷ്ടമാണല്ലോ, എന്നാലും മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഒക്കെയുണ്ടായിരുന്നല്ലോ "

"പയസ് ഭായി അതിന് നല്ല കാശു വേണ്ടി വരുമായിരുന്നില്ലേ , മ്മളൊക്കെ പാവപ്പെട്ടവര്‍, എവിടുണ്ടായിരുന്നിട്ടാ അന്നത്ര കാശെറക്കാന്‍"

" സത്യത്തില്‍ തനിക്ക് കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നേല്‍.... താന്‍ പണ്ടേ കാശിറക്കിയാനേ... "

അതു കേട്ടതും അയാളുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു തുളുമ്പിപ്പോയി. അതു കാണ്‍കേ പയസ്സ് വീണ്ടും അയാളെ പുണര്‍ന്ന് ചുമലില്‍ തട്ടിക്കൊണ്ടു പറഞ്ഞു

"ഏയ് കരയല്ലേടോ, എനിക്കു മനസ്സിലായി. ഈ കണ്ണീര്‍ കണ്ടാല്‍ അറിയാം ഭായിയുടെ മനസ്സ് മുഴുവന്‍ ഫുട്‌ബോള്‍ ആയിരുന്നെന്ന്, സോറി"

ആ സ്‌നേഹമുള്ള ആലിംഗനത്തില്‍ നിന്നും മെല്ലെ മോചിതനായി അയാള്‍ കണ്ണു തുടച്ചു

"പയസ് ഭായി ഞാന്‍ ആ സര്‍ജറി കഴിഞ്ഞിരിക്കുവാണ് അതാണ് ഞൊണ്ടുന്നത്, ഇനിയൊരാറുമാസം കഴിഞ്ഞാല്‍ ഞാന്‍ കളിക്കാന്‍ തുടങ്ങും, 20 വര്‍ഷം വേണ്ടി വന്നു അതിനുള്ള പണം ഉണ്ടാക്കാന്‍ "

"ഓ ഭായീ നിങ്ങളെ സമ്മതിച്ചിരിക്കുന്നു. ഈ പ്രായത്തിലും അവസ്ഥയിലും ഫുട്ട്‌ബോള്‍ കളിക്കാന്‍ നിങ്ങള്‍ കൊതിക്കുന്നല്ലോ... പക്ഷേ....... പക്ഷേ എത്ര പണമുണ്ടായാലും, കൊതിച്ചാലും ചിലപ്പോള്‍ ഒന്നും നടക്കാത്ത ഒരു കാലവുമുണ്ട്.... "

അതു പറയുമ്പോള്‍ സദാ ഊര്‍ജ്ജം പ്രസരിച്ചിരുന്ന പയസ്സിന്റെ കണ്ണുകള്‍ ശോഭകെട്ടുപോകുകയും കണ്‍തടങ്ങളില്‍ നീര്‍ പൊടിയുകയും ചെയ്തു !

"പയസ് ഭായി....
ഞാന്‍ ഭായി ഇതിനു മുന്നേ കരഞ്ഞു കണ്ടത് 20 വര്‍ഷം മുന്നേ ചെല്ലാനം ട്രോഫിയുടെ ഫൈനലില്‍ ആണ്, തോറ്റു നിന്നിരുന്ന നിങ്ങളുടെ ടീം അന്നു ജയിച്ചത് ഭായിയുടെ രണ്ട് ഹെഡറുകള്‍ ഗോളായപ്പോഴാണ് "

"ഓഹ് താനതോര്‍ക്കുന്നുണ്ടോ? അതു കൊള്ളാമല്ലോ, തന്റെ നാടേതാണെന്നാ പറഞ്ഞേ "

'' ഞാന്‍ #മരട് കാരനാണ് "

''ഓ അതുശരി, തനിക്കറിയാമോ അന്നു ഞാന്‍ കരഞ്ഞതിന് ഒരു കാര്യമുണ്ട്, ആ കളി അന്നു ജയിച്ചിരുന്നില്ലേല്‍ ഒരു പക്ഷേ ഞാന്‍ ഫുട്‌ബോള്‍കളിതന്നെ നിര്‍ത്തി പോയേനേം... അത്ര അഭിമാനപ്രശ്‌നമായിരുന്നു ആ കളി. അന്ന് ഞങ്ങള്‍ക്കെതിരെ മൂന്നു ഗോളുകള്‍ അടിച്ച ഒരു കദീഷിനെ താന്‍ അറിയുമോ, ഒരു മരടുകാരന്‍ കദീഷ്ഭായ്?

അതു കേട്ട് അയാള്‍ അവിശ്വസനീയതോടെ പയസ്സിനെ തുറിച്ചുനോക്കി !
20 വര്‍ഷങ്ങള്‍ക്കപ്പുറം നടന്ന ആ ഫൈനല്‍ ഇപ്പോള്‍ കണ്‍മുന്നില്‍ കാണുന്ന കണക്കേ പയസ് തുടര്‍ന്നു...

"ആ കദീഷ്ഭായിയെ നിങ്ങളൊക്കെ അറിയാതിരിക്കാന്‍ വഴിയില്ല, ആ കാലത്തിലെ ഒരു ജഗജില്ലി അല്ലായിരുന്നോ അയാള്‍, "റ" പോലെ പാഞ്ഞു വരുന്ന അയാളുടെ ഷോട്ടുകള്‍!! ഹോ... അന്ന്, ഒന്നിനു പിറകേ ഒന്നായി അയാളെടുത്ത മൂന്നു ഫ്രീക്കിക്കുകളും, ബ്ലോക്കുച്ചെയ്യാന്‍ നിന്ന ഞങ്ങളേയും ഗോളിയേയും വെട്ടിയൊഴിഞ്ഞ് ഗോളുകളായി!! അന്നാണ് ജീവിതത്തില്‍ ആദ്യമായി ഒരാളെ ഞാന്‍ കളിക്കിടെ മന:പ്പൂര്‍വ്വം ചവിട്ടിപ്പുറത്താക്കിയത്. ഓര്‍ക്കുമ്പോള്‍ സങ്കടം വരുന്നുണ്ട്, ഞാനൊക്കെ ഒരുപാട് ആരാധിച്ചിരുന്ന ഒരു പ്ലെയര്‍ ആയിരുന്നയാള്‍, ആ കദീഷ്ഭായ് ഇപ്പോള്‍ എവിടാണാവോ?!

ഫുട്‌ബോള്‍ ജീവിതമായി കൊണ്ടു നടന്നിരുന്ന ആ ഒരു മരടുകാരന്റെ പേര് പയസ്സ് ഓര്‍ത്തു പറഞ്ഞത് കേട്ടപ്പോള്‍ തന്നെ അയാളുടെ ശരീരം പൂത്തു കയറിയതാണ്!! മന:പൂര്‍വ്വമുള്ള ചവിട്ടായിരുന്നു എന്നു പറഞ്ഞത് കേട്ടയാള്‍ തരിച്ചുനില്‍ക്കുകയായിരുന്നു. പയസ് അയാളോട് തുടര്‍ന്നു

"എടോ ഇപ്പോള്‍ ഞാന്‍ കരഞ്ഞത്.... നേരത്തേ പറഞ്ഞില്ലേ , എത്രകണ്ട് ആഗ്രഹിച്ചാലും, എത്രയൊക്കെ സമ്പത്തുണ്ടായിരുന്നാലും ഒന്നും ചെയ്യാനൊക്കില്ലാത്ത ഒരു കാലത്തേ പറ്റി, എന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞൂടോ! ഏറിയാല്‍ 8 മാസങ്ങള്‍! അതിനപ്പുറം ജീവിക്കാന്‍ എത്ര കൊതിച്ചാലും ബോണ്‍ ക്യാന്‍സര്‍ സമ്മതിക്കില്ലാന്ന് !!
ഞാന്‍ നേടിയതൊന്നും എനിക്കു വേണ്ടായിരുന്നു എന്നിപ്പോള്‍ തോന്നിപോവുകയാണ്, എനിക്കെന്റെ കുഞ്ഞുങ്ങളെ കൊതി തീരെ പുന്നാരിക്കാന്‍ കുറച്ചു കൂടി നാളുകള്‍ മതിയായിരുന്നു!!"

പയസ്സ് അയാളുടെ കൈയ്യിലിരുന്ന നിറപന്തു വാങ്ങി പോക്കറ്റില്‍ നിന്നും പേനയെടുത്ത്. അതില്‍ ഒരൊപ്പു ചാര്‍ത്തി തിരികേ അയാള്‍ക്കുതന്നെ നല്‍കി. വിവേചിച്ചറിയാനാവാത്തൊരു വികാരത്തോടെ നില്‍ക്കുകയായിരുന്ന, അയാളുടെ ചുമലില്‍ മെല്ലെ തട്ടിയശേഷം പയസ്സ്, കാര്‍ പാര്‍ക്കു ചെയ്തിരുന്നിടത്തേക്ക് നടന്നു. ശേഷം കാറില്‍ കയറി, അതിനുള്ളിലെ ചൂടുവായു പുറത്തു കളയാന്‍ ഗ്ലാസ്സുകള്‍ താഴ്ത്തിയിട്ടു.

*~~~ *~~~ *~~~ *~~~ *~~~ *

"കദീഷ് " ചുറ്റും നോക്കി, ചെല്ലാനം പള്ളിക്കു മുന്നിലെ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ
ഗ്യാലറി അപ്പോള്‍ ഇളകി മറിയുകയായിരുന്നു, പലയിടത്തു നിന്നും "കമോണ്‍ കദീഷ്ഭായ് കമോണ്‍" വിളികള്‍ ഉയരുന്നു. മൈതാനമദ്ധ്യഭാഗത്തോട് ചേര്‍ന്ന പുല്‍ത്തകിടിയിലെ, നിരപ്പുകൂടിയ ഭാഗത്തേക്ക് പന്തൊന്നുകൂടി ഇളക്കി സ്ഥാപിച്ച്, കദീഷ് ഫ്രീക്കിക്കെടുക്കാന്‍ പിന്നോട്ട് ചുവടെടുത്തു, നാലാമത്തെ ആ ഫ്രീക്കിക്കും ഗോളെന്നുറപ്പിച്ച് കാണികള്‍ ഹര്‍ഷാരവം മുഴക്കിതുടങ്ങിയിരുന്നു, ഉറച്ച ആത്മവിശ്വാസത്തോടെയും ചുവടുകളോടെയും കാണികളുടെ ആരവത്തോട് നീതിപുലര്‍ത്തുംവിധം, കദീഷ് പാഞ്ഞുവന്ന് ക്കിക്കെടുത്തു !
പന്ത് വലത്തേ ദിശയിലേക്ക് മൂളിപ്പറന്ന്, ശേഷം പമ്പരം കറങ്ങും കണക്ക് ഇടത്തേക്കു തിരിഞ്ഞു പാളിയിറങ്ങാന്‍ തുടങ്ങി.

*~~~ *~~~ *~~~ *~~~ *~~~ *

പയസ് കാറ് മുന്നോട്ടെടുക്കുവാന്‍ തുടങ്ങുകയായിരുന്നു, അയാളെ ഞെട്ടിച്ചു കൊണ്ട് പന്ത് "റ "പോലെ കറങ്ങിത്തിരിഞ്ഞ് സൂക്ഷം കാറിന്റെ ഇടത്തേ ജാലകത്തിനുള്ളിലൂടെ കടന്ന് സീറ്റില്‍ വന്നു വീണു. ആ പന്തില്‍ തൊട്ടുമുന്നേ താനിട്ട ഒപ്പിലെ മഷി, ആ കിക്കിന്റെ ആഘാതത്തിലായിരിക്കണം പടര്‍ന്നു പതിഞ്ഞു ചിതറിയിരിക്കുന്നുണ്ടായിരുന്നു !

Join WhatsApp News
johnbaby 2019-05-04 09:25:46
അതിയായ സന്തോഷം
ഇക്കഥ ഇവിടെ വായിക്കാനായതിന് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക